കൊച്ചി : ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവന്‍ ചരക്കുകളുടെയും ഫ്യൂച്വര്‍ കരാറില്‍ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത് പ്രകാരം ചരക്കുകളുടെ വില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോള്‍ ഇടപാടുകാര്‍ക്ക് കരാറില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21 ന് ക്രൂഡ് ഓയില്‍ വില പൂജ്യത്തിന് താഴേക്ക് വന്നതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കുണ്ടായിട്ടുള്ള ബൂദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത്.

നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞ ശേഷം 15 മിനുട്ട് സമയത്തേക്ക് എക്സ്ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിന്‍ഡോ വഴി ലേലത്തിലുടെ ഇടപാടുകാര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്താനാകും. രാത്രി 11.40 മുതല്‍ 11.55 വരെയാണ് ഇതിന് സമയം ലഭിക്കുക. എന്നാല്‍ ക്രൂഡ് ഓയില്‍ ഫ്യൂച്വര്‍ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം എക്സിറ്റ് ഓപ്ഷന്‍ സാധ്യമാകില്ല.
എകസ്ചേഞ്ച് ലഭ്യമാക്കുന്ന ഈ പ്രത്യേക സൗകര്യത്തിലൂടെ ഇടപാടുകാര്‍ക്ക് അവരുടെ ഫ്യൂച്വര്‍ കരാര്‍ അവസാനിപ്പിക്കുന്നതിനോ സ്‌ക്വയര്‍ ഓഫ് ചെയ്യുന്നതിനോ സാധിക്കുമെന്ന് മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.