നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ധാരാളം സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ഈ മുഹൂര്‍ത്തങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ്. എന്നാല്‍ ഈ ഫോട്ടോയും വീഡിയോയുമെല്ലാം വീണ്ടും കാണണം എന്ന് തോന്നുന്നത് അത് ഏറ്റവും മനോഹരമായി നമുക്ക് ലഭിക്കുമ്പോഴാണ്. താന്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഏറ്റവും മികച്ചതാവണം എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി പ്രവര്ത്തിക്കുമ്പോഴേ അത്തരം അസുലഭ നിമിഷങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ഓരോ ഷൂട്ടിലും 100 ശതമാനം ആത്മാര്‍ത്ഥതയും ക്രിയാത്മകതയും പാഷനും കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെയാണ് നാം പരിചയപ്പെടുന്നത്, അതെ ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന് അനൂപ് ഉപാസന. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി തന്റെ സര്‍ഗ്ഗാത്മകതയുടെ ചിറകിലേറി പാറിപ്പറന്ന് ഇന്ന് സൗത്ത് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന്ന ഫോട്ടാഗ്രാഫറായി മാറിയ കഥ അനൂപ് ഉപാസന വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
ചിത്രകാരനും ലേഖകനുമായ എന്‍.കെ.ശശിധരന്റെ മകനായി വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാട് ഇന്‍ഡിക്കോ നഗറിലാണ് അനൂപിന്റെ ജനനം. കൃത്യമായി പറഞ്ഞാല്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍. അഡ്വര്‍ട്ടൈസിങ്ങ് മേഖലയില്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായാണ് അനൂപിന്റെ തുടക്കം. മികച്ച രീതിയില്‍ ചിത്രരചന നടത്തിയിരുന്ന അനൂപ് കളര്‍ കോമ്പിനേഷനുകളില്‍ തന്റെ കഴിവ് തുടക്കത്തിലേ തെളിയിച്ചിരുന്നു. പാരമ്പര്യമായി ക്രിയേറ്റീവ് ആര്ട്ടിസ്റ്റുമാരായിരുന്നതിനാല് ഈ മേഖലയില്‍ വളരെ വേഗം മുന്നേറാന്‍ അനൂപിന് അന്നേ സാധിച്ചിരുന്നു. സിനിമാ സംവിധായകന് ശരത് ചന്ദ്രന് വയനാട് സംവിധാനം ചെയ്ത ‘മലകളില്‍ മഞ്ഞ്’ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി നീലഗിരിയുടെ കുറച്ചു ഷോട്ടുകള്‍ ഹാന്റിക്യാമറയില് ചെയ്തു കൊടുക്കുവാനായി സംവിധായകന് ആവശ്യപ്പെട്ടു. അതനുസരിച്ച് ഷോട്ടുകള്‍ അനൂപ് എടുത്തുതുടങ്ങി. എന്നാല്‍ ആ ഷോര്‍ട്ട്് ഫിലിം മുഴുവനും അനൂപിനു തന്നെ ഹാന്റി ക്യാമറയില്‍ ഷൂട്ട്ചെയ്യാന്‍ അവസരം ലഭിച്ചു. ‘മുത്തങ്ങ’ സമരവുമായി ബന്ധപ്പെട്ട ഷോര്‍ട്ട’് ഫിലിമായിരുന്നു അത്. അനവധി ഫിലിം ഫെസ്റ്റിവലുകളില്‍ അവാര്‍ഡ് ലഭിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു അത്. കേവലം ഹാന്റി ക്യാമറ ഉപയോഗിച്ച് എടുത്ത ആ ഷോര്‍ട്ട’് ഫിലിം, മുന്‍നിര ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നാച്വറല്‍ ലൈറ്റിങ്ങ് മാത്രം ഉപയോഗിച്ച് ഹാന്റി ക്യാമറയിലാണ് അത് ഷൂട്ട’് ചെയ്തതെന്ന് ഇന്നും ആര്‍ക്കും മനസ്സിലായിട്ടില്ല. അതായിരുന്നു അനൂപിന്റെ ജീവിതത്തിലെ ആദ്യത്തെ അംഗീകാരം. അതിനുശേഷം റസാഖ് കോട്ടയ്ക്കലിനെ താന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫോട്ടോഗ്രാഫിയില്‍ അനൂപിന് നല്ല ഭാവിയുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു അദ്ദേഹം. തലതൊട്ടപ്പന്മാരോ ഗുരുക്കന്മാരോ ഒന്നുമില്ലാതെ സ്വന്തം കഴിവ് ഒന്നുകൊണ്ടുമാത്രം ഉയര്‍ന്നു വന്ന ഫോട്ടോഗ്രാഫറാണ് അനൂപ്. ഇതിനിടയില്‍ കൊച്ചിയിലേക്ക് താമസം മാറിയ അനൂപ് സ്വന്തമായി ഫോട്ടോഗ്രാഫി വര്‍ക്കുകള്‍ ചെയ്തുതുടങ്ങി. വാടകയ്ക്ക് എടുത്ത ക്യാമറ ഉപയോഗിച്ചായിരുന്നു അക്കാലത്ത് ഫോട്ടോ ഷൂട്ട’് ചെയ്തിരുന്നത്. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തമായി ഒരു ക്യാമറ അനൂപ് വാങ്ങിയത്.
യശോദയും കൃഷ്ണനും
‘യശോദയും കൃഷ്ണനും’ എന്ന ഫോട്ടോഷൂട്ടായിരുന്നു അനൂപിന്റെ ഫോട്ടോഗ്രഫി കരിയറില്‍ വഴിത്തിരിവാകുന്നത്. സഹോദരനും സിനിമാ സംവിധായകനുമായ അനീഷ് ഉപാസനയുടെ സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത്, സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഒരിക്കല്‍ ഫോട്ടോ എടുക്കാന്‍ വന്നു. അവരുമായി സംസാരിച്ചപ്പോള്‍ അവര്‍ കണ്ട ഒരു സ്വപ്നത്തേക്കുറിച്ച് പറഞ്ഞു. യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന് ഇരുക്കുന്നതായിരുന്നു ആ സ്വപ്നം. അതിനാല്‍ തന്റെ മടിയില്‍ മകനെ ഇരുത്തി അതുപോലെ ഒരു ഫോട്ടോ എടുത്ത് കൊടുക്കാമോ എന്ന് ചോദിച്ചു. അവരുടെ ഫ്ളാറ്റില്‍ വച്ച് ഫോട്ടോ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. ആ ചിത്രം വിഷ്വലൈസ് ചെയ്ത അനൂപ്, ജൂലി ജൂലിയ എന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അതിനാവശ്യമായ കോസ്റ്റിയൂമുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടിയ്ക്ക് സ്വപ്നത്തില്‍ കണ്ട ശരീര വളര്‍ച്ചയും മുടിയും വരുന്നതുവരെ കാത്തിരുന്നു. അതിനുശേഷം താന്‍ ശേഖരിച്ച പ്രോപ്പര്‍ട്ടീസും കോസ്റ്റിയൂമും ഉപയോഗിച്ച് ഫോട്ടോ ഷൂട്ട’് നടത്തി. കേരളത്തിലെ ഫോട്ടോഗ്രാഫി ഇന്‍ഡസ്ട്രിയില്‍ ഏറെ ചര്‍ച്ചാവിഷയമായി മാറിയ ഒരു ഫോട്ടോയായിരുന്നു അത്. ഇന്നും ശ്രീകൃഷ്ണജയന്തിക്ക് ഗ്രീറ്റിങ്ങ് കാര്‍ഡായും, മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ സെര്‍വറായും കേരളത്തില്‍ ഒട്ടുമിക്കവരും ഉപയോഗിക്കുന്നത് ഈ ഫോട്ടായാണ്, അനൂപ് അഭിമാനത്തോടെ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹവും, യശോദയുടെയും ഉണ്ണിക്കണ്ണന്റെയും ചൈതന്യവും ഫോട്ടോയ്ക്ക് ലഭിച്ചു എന്നത് ഇതില്‍ എടത്തുപറയേണ്ട വസ്തുതയാണ്. അതോടുകൂടി കേരളത്തിലെ മുന്‍നിര ഫോട്ടോഗ്രാഫര്മാരിലൊരാളായി മാറി അനൂപ് ഉപാസന.
കാശ്മീരില്‍ മരണത്തെ മുന്നില്‍ക്കണ്ട്
ഒരു പോസ്റ്റ് വെഡിങ്ങ് ഷൂട്ടിനായി മലയാളികളായ നവവധൂവരന്മാര്ക്കൊപ്പം കാശ്മീരില്‍ എത്തിയതായിരുന്നു അനൂപ്. രാത്രി റൂമില്‍ എത്തിയപ്പോഴേക്കും നന്നേ വൈകിയിരുന്നു. ദീര്‍ഘനേരത്തെ യാത്രയുടെ ക്ഷീണവും, ഫോട്ടാഷൂട്ടിനുള്ള സാമഗ്രികള്‍ തനിയെ റൂമില്‍ എത്തിക്കേണ്ടിവന്നതിന്റെയുമൊക്കെ ക്ഷീണവും ഉണ്ടായിരുന്നതിനാല്‍ റൂമില്‍ കയറിയ ഉടനെ അനൂപ് ഉറങ്ങിപ്പോയി. രാത്രി ഏകദേശം 2 മണിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട്് ഉണര്‍ന്നു. കാശ്മീരിലെ വിന്റര്‍ സീസണ് ആയിരുന്നു അത്. റൂമിലെ നെരിപ്പോടിന്റെ പുകക്കുഴലിലൂടെ തണുപ്പ് ഉള്ളിലേക്കിറങ്ങി റൂമിലെല്ലാം ഐസ് കയറിത്തുടങ്ങിയിരുന്നു അപ്പോള്‍. ബെഡും ബ്ലാങ്കറ്റുമെല്ലാം നനഞ്ഞ് വെള്ളത്തില്‍ മുങ്ങി. സത്യത്തില്‍ റൂമില്‍ തണുപ്പ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന നെരിപ്പോട് കത്തിക്കാന്‍ അനൂപ് മറന്നുപോയിരുന്നു.. റൂം ബോയ്സ് കതകില്‍ മുട്ടിവിളിച്ചിരുന്നു, എന്നാല്‍ യാത്രാക്ഷീണം കാരണം റും ബോയ്സ് വിളിച്ചതൊന്നും അനൂപ് അറിഞ്ഞിരുന്നില്ല.
അപരിചിതമായ സ്ഥലം, ചുറ്റും കൂരാക്കൂരിരുട്ടും മഞ്ഞും, മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു അത്. തുടര്‍ന്ന് രൂമില്‍ നിന്നും പുറത്തിറങ്ങി റിസപ്ഷനില്‍ നോക്കിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. പിന്നെ നേരം വെളുക്കുന്നതുവരെ റൂമില്‍ ഉറങ്ങാതിരുന്നു. റൂം നിറയെ ഐസ് കയറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. ഇതൊന്നുമറിയാതെ രാവിലെ വധൂവരന്മാര് ഷൂട്ടിനായി എത്തി. അപ്പോഴാണ് അവര്‍ രാത്രിയില്‍ നടന്ന സംഭവങ്ങള്‍ അറിയുന്നത്. യാത്രാക്ഷീണവും ഉറക്കം നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നെങ്കിലും യാതൊരു മടിയും കൂടാതെ അനൂപ് ഷൂട്ട് ഭംഗിയായി തീര്‍ത്തു. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഫോട്ടോഗ്രാഫിയോടുള്ള പാഷനും കൊണ്ടുമാത്രമാണ് ഇത്തരമൊരു സാഹചര്യത്തിലും ഫോട്ടോഷൂട്ട് തീര്‍ക്കാന്‍ തനിക്ക് സാധിച്ചത്, അനൂപ് ഓര്‍ക്കുന്നു. കേരളത്തില്‍ നിന്നും കാശ്മീരില്‍ പോയി വെഡിങ്ങ് ഷൂട്ട’് നടത്തിയ ആദ്യത്തെ ഫോട്ടോഗ്രാഫറാണ് അനൂപ് ഉപാസന.
ലൈറ്റ് പെയിന്റിങ്ങില്‍ ലോകറിക്കാര്‍ഡ്
ഒരിക്കല്‍ തന്റെ അസിസ്റ്റന്റുമാര്‍ക്ക് ഷട്ടര്‍ സ്പീഡ്, അപ്രേച്ചര്‍, ഐ.എസ്.ഒ. തുടങ്ങിയവയേക്കുറിച്ച് ക്ലാസ്സ് എടുക്കുവാനായി, കത്തിച്ച ചന്ദനത്തിരി ഉപയോഗിച്ച് ക്യാമറയുടെ മുന്നില്‍നിന്ന് വായുവില്‍ സ്കെച്ച് ചെയ്യുന്നത് കാണിച്ച് കൊടുത്തുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ആശയത്തില്‍ നിന്നാണ് ലൈറ്റ് ഡ്രോയിങ്ങ് എന്ന ആശയം അനൂപിന് ഉണ്ടായത്. പ്രകാശം മാധ്യമമാക്കി വായുവില്‍ ചിത്രം വരയ്ക്കുന്ന രീതിയാണ് ലൈറ്റ് ഡ്രോയിങ്ങ്. ചെറിയ ടോര്‍ച്ച് ഉപയോഗിച്ച് ഇരുട്ടില്‍, അന്തരീക്ഷത്തില്‍ ക്യാന്‍വാസ് ഉണ്ടെന്ന്് സങ്കല്‍പ്പിച്ച് വേണം ചിത്രം വരയ്ക്കാന്‍. മാത്രമല്ല നാം വരയ്ക്കുന്നതൊന്നും നമുക്കോ മറ്റാര്‍ക്കുമോ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുകയില്ല. മനസ്സില്‍ കണക്കുകൂട്ടി ഒരു ധാരണയില്‍ വേണം ചിത്രം വരയ്ക്കാന്‍. പ്രത്യേകം സംവിധാനം ചെയ്ത ക്യാമറക്കണ്ണിലൂടെ മാത്രമേ വരയ്ക്കുന്നത് കാണാന്‍ സാധിക്കുകയുള്ളു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ചതിനുള്ള യു.ആര്.എഫ്. ലോക റെക്കോര്‍ഡ് അനൂപിന്റെ പേരിലാണ് എന്നത് മലയാളികളായ നമുക്കോരോരുത്തര്‍ക്കും അഭിമാനം തരുന്നതാണ്.
6 വര്‍ഷം തുടര്‍ച്ചയായി ഇത്തരം ചിത്രങ്ങള്‍ വരച്ചതിന് ശേഷമാണ് യു.ആര്.എഫ്. വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. ക്യാമറയുടെ ഷട്ടര്‍സ്പീഡ് കുറച്ച് സെറ്റ് ചെയ്ത് അതിനുമുന്നിലൂടെ സഞ്ചരിക്കുന്ന വെളിച്ചം രേഖാരൂപത്തിലാക്കും. അതിനെ കൃത്യമായി ചിത്രമായി മാറ്റുക എന്നതാണ് ഇതിന്റെ ആശയം. ഇത്തരത്തില്‍ 40ല്‍ അധികം ചിത്രങ്ങള്‍ വരച്ചാണ് അനൂപ് ലോകറിക്കാര്ഡിട്ടത്. ഈ അവാര്‍ഡിന്റെ പേപ്പര്‍ വര്‍ക്കിനും മറ്റുമായി അനൂപിനെ് ഏറ്റവുമധികം സഹായിച്ചത് സിനിമാതാരം ഗിന്നസ് പക്രു ആണ്. കൂടാതെ സിനിമാ താരങ്ങളായ ദിലീപ്, ഷൈന്‍ ടോം ചാക്കോ, സുഹൃത്തുക്കളായ അനീഷ്, ഡിന്റ എന്നിവരുടെയും അകമഴിഞ്ഞ പ്രോത്സാഹനം ലഭിച്ചിരുന്നു.
കാവ്യാ മാധവന്റെ ‘ലക്ഷ്യ’യ്ക്കായി ഫോട്ടോഷൂട്ട്്
ലക്ഷ്യ എന്ന ഓണ്‍ലൈന്‍ സ്റ്റോറിന്റെ ലോഞ്ചിങ്ങ് സെറിമണി ഷൂട്ട് ചെയ്തത് അനൂപ് ആയിരുന്നു. തുടര്‍ന്ന് ലക്ഷ്യയുടെ വെബ്സൈറ്റിന് വേണ്ടി കാവ്യ മോഡലായി ഒരു ഫോട്ടോഷൂട്ട്് ചെയ്തു. ആ പ്രൊഡക്ടിന് നല്ലരീതിയില്‍ വില്‍പ്പനയും ലഭിച്ചു. അന്ന് മുതല്‍ ഇന്നുവരെ കാവ്യയുടെ ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിനായി ഫോട്ടോഷൂട്ട’് ചെയ്യുന്നത് ഞാനാണ്, അനൂപ് ഉപാസന അഭിമാനത്തോടെ പറയുന്നു. ലക്ഷ്യയുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായതാണ് ഈ മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ അനൂപിനെ സഹായിച്ചത്.
ഇതില്‍ ഏറ്റവും വെല്ലുവിളിയേറിയ കാര്യം എന്തെന്നാല്‍ ലക്ഷ്യയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ഓരോ ഡ്രസ്സിന്റെ കളറും ആ മെറ്റീരിയലിന്റെ യഥാര്‍ത്ഥ കളറും തമ്മില്‍ യാതൊരു മാറ്റവും വരാന്‍ പാടില്ല എന്നതായിരുന്നു. ഓരോ ഫോട്ടോ എടുക്കുമ്പോഴും, അത് ഡിസൈന്‍ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഓരോ സാരിയുടെയും ബ്ലൗസിന്റെയും നിറങ്ങളും എംബ്രോയിഡറികളും ഹാന്റ് വര്‍ക്കുകളും കൃത്യമായി കിട്ടത്തക്ക രീതിയില്‍ വേണം ഓരോ ഫോട്ടോയും എടുക്കാന്‍. ഇതില്‍ കാവ്യയുടെ സഹോദരന് മിഥുന് നല്കിയ സഹായങ്ങള്‍ വളരെ വലുതായിരുന്നുയെന്നും അനൂപ് പറയുന്നു. അതോടുകൂടി ദിലീപിന്റെയും കാവ്യയുടെയും പേഴ്സണല്‍ ഫോട്ടോഗ്രാഫറായി മാറി അനൂപ് ഉപാസന. ഇപ്പോള്‍ ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തിന്റെ പരസ്യത്തിനായി ദിലീപും കഥാപാത്രമായ കേശുവും തോളത്ത് കൈയ്യിട്ട’് നില്ക്കുന്ന ഫോട്ടോ എടുത്തതും അനൂപ് ആണ്.
കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ 9th ക്രോസ്സ് റോഡിലുള്ള അനൂപ് ഉപാസന ഫോട്ടോഗ്രാഫി ആന്റ് ആര്‍ട് സ്റ്റുഡിയോയില്‍ പോര്‍ട്ടഫോളിയോ, മാഗസിന് കവര്‍, പരസ്യങ്ങള്‍, ആഡ്ഫിലിം, വെഢിങ്ങ് തുടങ്ങി എല്ലാവിധ ഫോട്ടോ ഷൂട്ടുകള്ക്കുമുള്ള സൗകര്യങ്ങളും ലഭ്യമമാണ്. ഇതിന് പുറമെ കിഡ്സ് ഫോട്ടോഗ്രാഫിക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 60 ദിവസം പ്രായമുള്ള കുട്ടികള്‍ മുതല്‍ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഫോട്ടോഷൂട്ട് നടത്താനുള്ള സൗകര്യം സ്റ്റുഡിയോയില്‍ ലഭ്യമാണ്. ഇത് കൂടാതെ ഏതൊരു കസ്റ്റമറുടെയും ആവശ്യത്തിനനുസരിച്ച് കിഡ്സ് ഫോട്ടോ ഷൂട്ട് അവരുടെ ലൊക്കേഷനില്‍ ചെയ്യുവാനുള്ള സൗകര്യവും അനൂപ് ഉപാസന സ്റ്റുഡിയോ ലഭ്യമാക്കുന്നുണ്ട്. മോഡലിങ്ങ് കരിയറാക്കാന്‍ ഉദ്ദേശിക്കുന്ന പുതുമുഖങ്ങളുടെ ഒരു പോര്‍ട്ട്ഫോളിയോ കളക്ഷന്‍ അനൂപ് ഉപാസനയുടെ പനമ്പിള്ളി നഗര്‍ സ്റ്റുഡിയോയില്‍ ലഭ്യമാണ്. മോഡലിങ്ങിലേക്ക് വരുന്നവര്‍ക്ക് ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കായി അനൂപ് ഉപാസനയെ ആശ്രയിക്കാവുന്നതുമാണ്. കാരണം മോഡലിങ്ങിലേക്ക് വരുന്നവര്‍ക്ക് പരസ്യ ചിത്രങ്ങള്‍, ആല്‍ബം, സിനിമ തുടങ്ങി ഏത് മേഖലയിലാണ് താല്‍പ്പര്യം എന്ന് കൃത്യമായി മനസ്സിലാക്കി അവരുടെ ആവശ്യവും കഴിവിനും അനുസരിച്ചാണ് പോര്‍ട്ട്ഫോളിയോ തയ്യാറാക്കുന്നത്.
പോര്‍ട്ട്ഫോളിയോ ഷൂട്ടിനാവശ്യമായ മേക്കപ്പ് ചെയ്യാനും കോസ്റ്റിയൂം മാറ്റാനുമുള്ള സൗകര്യവും പനമ്പിള്ളിനഗര്‍ അനൂപ് ഉപാസന സ്റ്റുഡിയോയില്‍ ലഭ്യമാണ്. അതിനാല്‍ സിനിമ, ആല്‍ബം, ടി.വി. പരസ്യങ്ങള്‍, മാഗസിന് പരസ്യങ്ങള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെങ്കില്‍ അനൂപ് ഉപാസനയെ ബന്ധപ്പെടാവുന്നതാണ്. കസ്റ്റമറുടെ ആവശ്യമനുസരിച്ച് തീം അടിസ്ഥാനമാക്കിയും വ്യത്യസ്ഥങ്ങളായ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചും ബ്രൈഡ് ടു ബി, പ്രീ വെഡിങ്ങ്, പോസ്റ്റ് വെഡിങ്ങ് അടക്കം വെഡിങ്ങ് ഷൂട്ടുകള്‍ നടത്തുന്നതിലും ദേശീയ തലത്തില്‍ തന്നെ മുന്‍പന്തിയിലാണ് അനൂപ് ഉപാസന. ടാലന്റുള്ളവരും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ മോഡലുകള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും അനൂപ് നല്‍കുന്നുണ്ട് .
ഏറ്റവും അടുത്ത് ചെന്നൈയില്‍ പ്രമുഖ വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിന്റെ കൊച്ചു മകളുടെ ഒന്നാം പിറന്നാളിന്റെ ഫോട്ടോ എടുക്കാന്‍ സാധിച്ചതും വലിയ അംഗീകാരമായി അനൂപ് കാണുന്നു. ചെന്നൈയിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ ഒരേക്കറില്‍ പ്രശസ്ത കലാ സംവിധായകന് ബാബു കോവൈ തീര്‍ത്ത സെറ്റില്‍ അവതാര്‍ തീമില്‍ ആയിരുന്നു ബര്‍ത്തഡേ പാര്‍ട്ടി. ചെന്നൈ പോലൊരു സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ തനിക്ക് ഫോട്ടോ എടുക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് അനൂപ് കാണുന്നത്.
അനൂപിന്റെ സഹോദന് അനിഷ് ഉപാസന സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ സെക്കന്റ്സിന്റെ നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചത് അനൂപ് ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് വിനായകനെ സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചതോടെ ചിത്രത്തിനായി അനൂപ് എടുത്ത അദ്ദേഹത്തിന്റെ ഫോട്ടോകള്‍ വയറലായി മാറി. ഈ ഫോട്ടോകള്‍ കണ്ട് അദ്ദേഹത്തിന് ബോളീവുഡില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു, ഈ സംഭവത്തില്‍ വിനായകന് അനൂപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോള്‍ അനൂപിന്റെ ഫോട്ടോകള്‍ ബോളീവുഡ് വരെ എത്തി നില്ക്കുന്നു എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്. ഓലപ്പീപ്പി, പോപ്പ്കോണ്‍ എന്നീ ചിത്രങ്ങളുടെയും നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ചിത്രരചന ഇവ കൂടാതെ ചില ആല്‍ബങ്ങളിലും, സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട് അനൂപ്. എറ്റവും പുതിയതായി, ഷാനി ഖാദര്‍ സംവിധാനം ചെയ്യുന്ന ആളങ്കം എന്ന ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം അനൂപ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ ഈ ചിത്രത്തില്‍ അനൂപ് അഭിനയിച്ചിട്ടുമുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ നീലഗിരിയിലെ വോയ്സ് ഓഫ് ഹില്‍സ് എന്ന മ്യൂസിക് ട്രൂപ്പില്‍ ഗായകനായിരുന്നു അനൂപ്. അനേകം പ്രതിസന്ധികള്‍ തരണം ചെയ്ത് ഇന്ന് സൗത്ത് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി മാറിയതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത പാഷനും ആണ്.
‘കണ്മണി’ എന്ന കൊച്ച് മോഡല്‍
അനൂപ് ഉപാസനയുടെ മകളാണ് കണ്മണി എന്ന 12 വയസ്സുകാരി. 6 വയസ്സുള്ളപ്പോള്‍ ലിറ്റില്‍ മിസ്സ് യൂണിവേഴ്സ് പട്ടം നേടിയ മിടുക്കിയാണ് കണ്മണി. കോഴിക്കോട് വച്ചുനടന്ന ലിറ്റില്‍ മിസ് യൂണിവേഴ്സ് ഇന്ത്യന്‍ ഫിനാലെയില്‍ 80 കുട്ടികളെ പിന്നിലാക്കിക്കൊണ്ടാണ് കണ്മണി ജോര്‍ജ്ജിയയില്‍ വച്ച് നടന്ന ലിറ്റില്‍ മിസ്സ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടിയത്. ബെസ്റ്റ് റാംപ് മോഡല്‍, ടോഡ് ലിറ്റില്‍ മിസ് യൂണിവേഴ്സ്, മിസ് ഇന്‍ര്‍നെറ്റ് വോട്ടിങ് എന്നീ മൂന്ന് പട്ടങ്ങളാണ് കണ്മണി അന്ന് സ്വന്തമാക്കിയത്. ആ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ട് കിട്ടിയതും കണ്മണിക്കായിരുന്നു. 4-ാം വയസ്സില്‍ അച്ഛന് അനൂപ് ഉപാസനയുടെ ക്യാമറയ്ക്ക് മുന്നിലാണ് കണ്മണിയുടെ മോഡലിങ്ങിന്റെ ആരംഭം. പിന്നീട് നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും ഫാഷന്‍ഷോകളിലും അഭിനയിച്ചു. നാലര വയസ്സുള്ളപ്പോളായിരുന്നു കണ്മണിയുടെ ആദ്യ റാമ്പ് വാക്ക്. ആ മത്സരത്തില്‍ കണ്മണി സെക്കന്റ് റണ്ണറപ്പായി. അതോടെ കുട്ടിക്ക് ഈ മേഖലയില്‍ നല്ല ഭാവിയുണ്ടെന്ന് ധാരാളം പേര് അനൂപിനോട് പറഞ്ഞു. അതോടെ കണ്മണിക്ക് ഈ മേഖലയില്‍ കൂടുതല്‍ പരിശീലനം നല്കി. ഇന്റര്‍നാഷണല്‍ പേജന്റ് ട്രെയിനറും കൊറിയോഗ്രഫറുമായ അരുണ്‍ രത്നയുടെ ശിക്ഷണത്തിലായിരുന്ന ഒരുക്കം. അടുത്തതായി നടന്ന ഫ്ളവേഴ്സ് ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കണ്മണി തന്റെ കഴിവ് തെളിയിച്ചത്.
എങ്ങനെയാണ് റാമ്പില്‍ നടക്കേണ്ടതെന്നും ശരീരഭാഷ എങ്ങനെ നിലനിര്‍ത്തണമെന്നും കൃത്യമായ പരിശീലനം ലഭിച്ചിരന്നു. ക്യാമറയുടെയോ വലിയ ആള്കൂട്ടത്തിനു മുന്നിലോ നില്ക്കുമ്പോള് തനിക്കൊരു ഭയവും ഉണ്ടാകാറില്ലെന്നും കണ്മണി പറയുന്നു. റാമ്പില്‍ നില്ക്കുമ്പോള്, ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന് കണ്മണിക്ക് കൃത്യമായ മെന്ററിങ്ങ് നല്‍കിയിട്ടുമുണ്ട്. ഓരോ ഷോകള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ കോസ്റ്റിയൂമുകളാണ് ഉപയോഗിക്കുന്നത്. മോഡലിങ്ങിന് പുറമെ സെക്കന്‍ഡ്സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി, ബെന്‍ തുടങ്ങിയ സിനിമകളിലും കണ്മണി അഭിനയിച്ചിട്ടുണ്ട്. കല്‍പ്പറ്റയിലെ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കണ്മണിക്ക് ഡോക്ടറാകാനാണ് ആഗ്രഹം.