
‘സ്വഛ് ഭാരത് കാ ഇരാദാ, ഇരാദാ കര്‍ ലിയാ ഹം നെ…..’ മാഹി നിവാസികള്‍ കഴിഞ്ഞ 4 വര്‍ഷമായി ആഴ്ചയിലൊരിക്കല്‍ രാവിലെ കേള്‍ക്കുന്ന ഗാനമാണ് ഇത്. ഈ ഗാനം പുറപ്പെടുവിച്ചുകൊണ്ട് മാഹി മുനിസിപ്പാലിറ്റിക്കുവേണ്ടി അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്ന ട്രക്ക് തങ്ങളുടെ വീടിന് മുന്നിലുള്ള റോഡില്‍ എത്തുമ്പോഴേക്കും ഇവിടുത്തെ വീട്ടമ്മമാര്‍ പ്രത്യേകം പ്രത്യേകം ചാക്കുകളിലാക്കിയ അജൈവ മാലിന്യങ്ങള്‍ വീടിന് മുന്നിലേക്ക് എടുത്ത് വയ്ക്കുന്നു. മാലിന്യ സംഭരണത്തിനായി ട്രക്കുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ഈ ചാക്കുകള്‍ ട്രക്കിലാക്കി മടങ്ങുന്നു. ഇന്ന് നാം നേരിടുന്ന മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാമെന്നതിന്റെ മകുടോദാഹരണമാണ് ‘വെയ്‌സ്റ്റ് മാനേജ്‌മെന്റിലെ മാഹി മോഡല്‍’.
അതെ, അജൈവ മാലിന്യ സംസ്‌കരണ മേഖലയില്‍ തികച്ചും വ്യത്യസ്ഥമായ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കി വിജയം വരിച്ചിരിക്കുകയാണ് കേന്ദ്ര ഭരണപ്രദേശമായ മയ്യഴി അഥവാ മാഹി. വര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിച്ചാല്‍ ഏതൊരു ഗ്രാമത്തിന്റെയോ, ചെറുപട്ടണത്തിന്റെയോ സമാനമായ അവസ്ഥ തെന്നയായിരുന്നു മാഹിയുടേതും. മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന തെരുവോരങ്ങളും മാലിന്യങ്ങള്‍ മൂലം കലുഷിതമായ പുഴയും, തണ്ണീര്‍ത്തടങ്ങളും, കടല്‍ത്തീരവുമെല്ലാം ഇവിടെയും സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ആ പഴയ സ്ഥിതി ആകെ മാറിയിരിക്കുകയാണ് 95%-വും മാലിന്യ രഹിതമായിരിക്കുകയാണ് മാഹി ടൗണും ഗ്രാമീണ മേഖലകളും.

ഇനി നമുക്ക് മാഹി മോഡലിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം. മാഹി മുനിസിപ്പാലിറ്റി വ്യത്യസ്ഥമായ രീതിയിലാണ് അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരം കണ്ടെത്തിയത്. വര്‍ഷാവസാനം പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്ക്കുമ്പോള്‍ ഓരോ വീട്ടുകാരില്‍നിന്നും മാലിന്യ സംഭരണത്തിനുള്ള യൂസര്‍ഫീസും ഈടാക്കുന്നു. അതിനാല്‍ അജൈവ മാലിന്യ സംഭരണത്തിനെത്തുന്നവര്‍ക്ക് യൂസര്‍ഫീ നല്‍കണമെന്ന കാരണത്താല്‍ ആരും പിന്നോട്ട’് പോകില്ല. 2016-ലാണ് ഈ പദ്ധതിക്ക് മാഹി മുനിസിപ്പാലിറ്റി തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത് അജൈവ മാലിന്യങ്ങള്‍ എല്ലാം ഒരുമിച്ച് ചാക്കുകളിലാക്കി ഓരോ വാര്‍ഡിലും ഒരു പ്രത്യേക സ്ഥലത്തേക്ക് എത്തിക്കാനായിരുന്നു. തുടര്‍ന്ന്് 2018ഓടു കൂടി ഈ രീതി മാറ്റി പ്ലാസ്റ്റിക്, മറ്റ് ഇതര മാലിന്യങ്ങള്‍ എന്നിങ്ങനെ പ്രത്യേകം ചാക്കുകളിലാക്കി വീടിന് മുന്നില്‍ വയ്ക്കുന്ന രീതിയിലേക്ക് പരിഷ്‌കരിച്ചു. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ വാര്‍ഡുകള്‍ തോറും അജൈവ മാലിന്യ സംഭരണത്തിനായി ട്രക്കും പ്രവര്‍ത്തകരും എത്തി ഈ അജൈവ മാലിന്യം കളക്ട്് ചെയ്യുന്ന രീതിയിലേക്ക് മാറി. നോര്‍ത്ത് ആംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് എന്ന സ്ഥാപനം അജൈവ മാലിന്യ സംഭരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ഈ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി, ഓരോ റോഡിലേക്കും ഈ ട്രക്ക് കടക്കുമ്പോള്‍ ‘സ്വഛ് ഭാരത് കാ ഇരാദാ, ഇരാദാ കര്‍ ലിയാ ഹം നെ…..’ എന്ന ഗാനം ട്രക്കിലുള്ള ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിക്കും, ഈ ഗാനം കേള്‍ക്കുമ്പോേേളക്കും വീടുകളില്‍ നിന്നും അജൈവ മാലിന്യ ചാക്കുകള്‍ ആളുകള്‍ വീടിന് പുറത്തേക്ക് എത്തിക്കുന്നു. ഇങ്ങനെ സംഭരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഒരു മാലിന്യ സംഭരണ ശാലയിലേക്ക് എത്തിക്കുകയും അവിടുത്തെ 13 പേരടങ്ങുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തകര്‍ ഈ അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ബോട്ടില്‍, പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക് സ്‌ക്രാപ്, കുപ്പിച്ചില്ല്, ചെരുപ്പ്, തെര്‍മ്മോകൂള്‍, തുണി എന്നിങ്ങനെ വ്യത്യസ്ഥ ഇനമായി തരം തിരിച്ച് വ്യത്യസ്ഥ സംസ്‌കരണ ശാലകളിലേക്ക് അയയ്ക്കുന്നു. മുനിസിപ്പാലിറ്റിയുടെ ഈ അജൈവ മാലിന്യ സംസ്‌കരണ രീതി ഏറെ മികച്ചതാണ്. ”ഇന്ന് മാഹിയിലെ നിരത്തുകളും പുഴയും മാലിന്യമുക്തമാണ്. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാണ്”പ്രദേശവാസിയായ ഫാത്തിമ ബീവിയുടെ വാക്കുകള്‍.സത്യത്തില്‍ ഈ വാക്കുകള്‍ ഒരു വ്യക്തിയുടേതല്ല, ഒരു പ്രദേശത്തിനുണ്ടായ മാറ്റത്തില്‍ സന്തോഷിക്കുന്നവരുടേതായി വേണം നാം കണക്കിലാക്കാന്‍.

ഈ പ്രൊജക്ട് ഏറ്റെടുത്തതിലൂടെ നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് തദ്ദേശിയരായിട്ടുള്ള 13 സ്ത്രീകളടക്കം 17 പേര്‍ക്ക് തൊഴില്‍ വകുപ്പ് അനുശാസിക്കുന്ന വിധത്തിലുള്ള വേതനം- ഇ.എസ്.ഐ., പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങളോടു കൂടി- നല്‍കുകയും ചെയ്യുന്നുണ്ട്. ”മാന്യമായ വേതനം ലഭിക്കുന്നു എന്നതിലുപരി മാഹിയുടെ മുഖഛായ മാറ്റിയ മാഹി മോഡല്‍ എന്ന ഈ പ്രൊജക്ടിന്റെ ഭാഗമായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്” അജൈവ മാലിന്യ സംഭരണ ശാലയിലെ പ്രവര്‍ത്തകയായ പ്രീതയുടെ വാക്കുകള്‍. സാധാരണ ഗതിയില്‍ മാലിന്യ സംസ്‌കരണ മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ആരോഗ്യ സുരക്ഷയും, മാന്യമായ വേതനവും, തൊഴില്‍ സുരക്ഷ അടക്കമുള്ള ആനുകൂല്യങ്ങളുമെല്ലാം അപര്യാപ്തമാണ്. അതിനാല്‍ തന്നെ ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത മാലിന്യ സംസ്‌കരണ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക സുരക്ഷയും, മാന്യമായ വേതനവും, ആരോഗ്യ സുരക്ഷയും നോര്‍ത്താംപ്‌സ് ഉറപ്പാക്കി എന്നതായിരുന്നു.

മാഹിയെ ഇന്നത്തെ രീതിയില്‍ ആക്കിയതിന് പിന്നില്‍ ശക്തമായ ഒരു ടീം വര്‍ക്കിന്റെ പ്രവര്‍ത്തനമുണ്ട്. മുനിസിപ്പല്‍ കമ്മീഷണര്‍ വി. സുനില്‍ കുമാര്‍, ഹെല്‍ത്ത് & സാനിറ്റേഷന്‍ ഇന്‍ചാര്‍ജ്ജ് കെ.കെ. പ്രമോദ് കുമാര്‍, സാനിറ്ററി മേസ്ത്രി കെ.എം. പത്മനാഭന്‍ എന്നിവരടങ്ങുന്ന ഒരു സംഘം ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമ ഫലമായാണ് മാഹി ഇന്ന് നാം കാണുന്ന മാലിന്യ മുക്ത മാഹിയായി മാറിയത്. ”നിരന്തരം കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയും അത് കൃത്യമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തുകയും, പൊതുജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുകയും ചെയ്തതിലൂടെയാണ് ഈ പദ്ധതി വന്‍വിജയമാക്കിത്തീര്‍ത്തത്” മാഹി മുനിസിപ്പല്‍ കമ്മീഷണര്‍ വി. സുനില്‍ കുമാര്‍ പറയുന്നു. മറ്റൊരു വസ്തുത നിലവിലെ അജൈവ മാലിന്യ സംസ്‌കരണത്തിന് നേതൃത്വം വഹിക്കുന്ന നോര്‍ത്താംപ്‌സ് ഈ കോണ്‍ട്രാക്ട് ഏറ്റെടുത്തതിന് ശേഷം പ്രവര്‍ത്തനം മികച്ചതാവുകയും, റൂട്ടുകളില്‍ നിന്നുള്ള കംപ്ലയ്ന്റുകള്‍ വളരെയധികം കുറയുകയും ചെയ്തു. ”കഴിഞ്ഞ മാസത്തെ കംപ്ലയ്ന്റ് ഡെയില്‍ യാതൊരു പരാതിയും ലഭിച്ചില്ല എന്നതും എടുത്ത് പറയേണ്ടതാണ്” സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

” മാഹി മുനിസിപ്പാലിറ്റിക്കായി നോര്‍ത്താംപ്‌സ് ഈ പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് പലതരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമായിരുന്നു. കാരണം മുനിസിപ്പാലിറ്റിക്ക് സാമ്പത്തിക നഷ്ടം വരാത്ത രീതിയിലും ഇതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വരുമാനവും, അനുവദനീയമായ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയിലുമായിരിക്കണം ഈ പ്രൊജക്ട് നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ വസ്തുനിഷ്ഠമായ പഠനത്തിലൂടെയും വ്യക്തമായ പദ്ധതി തയ്യാറാക്കിയും സ്ഥാപനം ഈ പദ്ധതി മാഹി മുനിസിപ്പാലിറ്റിക്ക് അഭിമാനമുണ്ടാക്കുന്ന ഒന്നായി മാറ്റി”. നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സിന്റെ സാരഥി സക്കറിയ ജോയിയുടെ വാക്കുകള്‍. ”15 വാര്‍ഡുകളാണ് മാഹി മുനിസിപ്പാലിറ്റിയിലുള്ളത്. ഓരോ വാര്‍ഡിലേയും അജൈവ മാലിന്യ സംഭരണത്തിനായി 30 ദിവസത്തെ കലണ്ടര്‍ ഞങ്ങള്‍ തയ്യാറാക്കി. ഈ കലണ്ടര്‍ പ്രകാരം ഓരോ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ സംഭരിക്കുവാന്‍ പ്രത്യേക ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു.ഇതിനായി 4 പേര്‍ അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവര്‍, 2 കളക്ഷന്‍ സ്റ്റാഫ്, 1 സൂപ്പര്‍വൈസര്‍. ചാര്‍ട്ടിലെ 31-ാമത്തെ ദിവസം കംപ്ലയിന്റുകള്‍ക്കുള്ളതാണ് അതായത് ഏതെങ്കിലും ഭാഗത്തെ അജൈവ മാലിന്യം എടുക്കാന്‍ വിട്ട’് പോവുകയോ, ഏതെങ്കിലും വീട്ടുകാര്‍ മറന്നുപോവുകയോ, വീടുകളില്‍ ആരും ഇല്ലാതിരുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവിടെനിന്നും ആ ദിവസം അജൈവ മാലിന്യം സംഭരിക്കും. ഇതിന് പുറമെ കടകളില്‍ നിന്നും, ഓഫീസുകളില്‍ നിന്നും അജൈവ മാലിന്യം സംഭരിക്കുതിനായി ഒരു പ്രത്യേക ദിവസവും തീരുമാനിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ളിലേക്കിറങ്ങിച്ചെന്നാണ് ഞങ്ങള്‍ ഈ പ്രൊജക്ട് വന്‍ വിജയമാക്കിത്തീര്‍ത്തത്. സക്കറിയ കൂട്ടിച്ചേര്‍ക്കുന്നു.

മാഹി മോഡല്‍ നമ്മുടെ പഞ്ചായത്തുകളിലും നടപ്പിലാക്കാവുന്ന ഒന്നാണ്. നമ്മുടെ നിരത്തുകളും, കൃഷിയിടങ്ങളും, തണ്ണീര്‍ത്തടങ്ങളും മാലിന്യമുക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലുപരി ഭാവി തലമുറയ്ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനവുമാണ്. മാഹി മുനിസിപ്പാലിറ്റിയ്ക്കായി ഈ അജൈവ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുന്നത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്റെ 17 പേരടങ്ങുന്ന സംഘമാണ്.
പ്രത്യേക അഭിമുഖം –
വി.സുനില്‍ കുമാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, മാഹി
മാഹി മോഡല്‍ എന്ന ഈ അജൈവ മാലിന്യ സംസ്‌കരണ പദ്ധതിയുടെ തുടക്കം എങ്ങനെയായിരുന്നു?
2016-ല്‍ സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിറവ് മോഡല്‍ എന്ന പേരിലാണ് അജൈവ മാലിന്യ ശേഖരണ-സംസ്‌കരണ പദ്ധതിക്ക് മാഹി മുനിസിപ്പാലിറ്റി തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ തരം തിരിക്കാത്ത അജൈവ മാലിന്യമാണ് സംഭരിച്ചിരുന്നത്. ഓരോ വാര്‍ഡിലെയും ജനങ്ങള്‍ അവിടുത്തെ ഒരു പ്രത്യേക സ്ഥലത്ത് അജൈവ മാലിന്യങ്ങള്‍ എത്തിക്കുകയും അത് മുനിസിപ്പാലിറ്റി എടുത്തുകൊണ്ടുപോയി സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. 2018ല്‍ മാഹി ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ആദ്യമായി വീടുകള്‍ തോറും അജൈവ മാലിന്യം കളക്ട് ചെയ്യുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. എന്നാല്‍ ഈ പ്രവര്‍ത്തനം മികച്ച രീതിയിലേക്ക് മാറിയത് 2021ല്‍ നോര്‍ത്താംപ്‌സ് ഇ.എന്‍.വി സൊല്യൂഷന്‍സ് ഇതിന്റെ മേല്‍നോട്ടം ഏറ്റെടുത്തതോടൊണ്, അജൈവ മാലിന്യങ്ങള്‍ വ്യത്യസ്ഥ ചാക്കുകളിലാക്കി (പ്ലാസ്റ്റിക്, മറ്റ് ഇതര സ്‌ക്രാപ്പുകള്‍) മാലിന്യ ശേഖര ട്രക്കില്‍ വീടുകളില്‍ നിന്നും നേരിട്ട’് സംഭരിക്കുവാന്‍ തുടങ്ങി. ജൈവമാലിന്യങ്ങള്‍ ഇക്കൂട്ടത്തില്‍ ശേഖരിക്കുന്നുമില്ല.

ഈ പദ്ധതിയുടെ പുരോഗതി, ജനങ്ങളുടെ പങ്കാളിത്തം എന്നിവയേക്കുറിച്ച് വിശദീകരിക്കാമോ?
വ്യത്യസ്ഥ ചാക്കുകളില്‍ മാലിന്യം സംഭരിക്കുന്ന രീതി കുറച്ച് വ്യത്യസ്ഥമായാണ് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യ സംഭരണത്തിന് നിയോഗിക്കപ്പെട്ട ട്രക്ക് ഏതെല്ലാം വാര്‍ഡുകളില്‍ ഏതെല്ലാം ദിവസങ്ങളിലാണ് അജൈവ മാലിന്യം സംഭരിക്കുവാന്‍ എത്തുന്നത് എന്നതിന്റെ ഒരു കലണ്ടര്‍ തയ്യാറാക്കി. അത് സാമൂഹ്യ മാധ്യമങ്ങളുടെയും, റെസിഡന്റ്‌സ് അസോസിയേഷന്റെയും സഹായത്തോടെയും ജനങ്ങളിലേയ്ക്ക് എത്തിച്ചു. ഓരോ വാര്‍ഡുകളിലും ഇതിനായി കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ലഘുലേഖകള്‍, ഹ്രസ്വ ചിത്രങ്ങള്‍, പത്ര പരസ്യങ്ങള്‍, തെരുവ് നാടകങ്ങള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുക്കി. ക്രമേണ ഈ മാലിന്യ സംഭരണ രീതി ജനജീവിതത്തിന്റെ ഭാഗമായി മാറി.

മാഹി മോഡല്‍ എന്ന ഈ അജൈവ മാലിന്യ സംസ്‌കരണത്തെ, പദ്ധതിക്ക് മുമ്പും ശേഷവും എന്നിങ്ങനെ വിശദീകരിക്കാമോ?
ഈ പദ്ധതിക്ക് മുമ്പ് മാഹിയിലെ നിരത്തുകള്‍, പുഴകള്‍, തണ്ണീര്‍ചാലുകള്‍ ഇവയെല്ലാം അജൈവ മാലിന്യങ്ങളാല്‍ നിറഞ്ഞിരുന്നു. പൊതുജന പങ്കാളിത്തത്തോടെയല്ലാതെ ഇത്തരം പദ്ധതികള്‍ വിജയിക്കില്ല എന്ന വസ്തുത ജനങ്ങളെ മനസ്സിലാക്കി. ജനങ്ങള്‍ ഈ പദ്ധതി ഏറ്റെടുത്തതോടുകൂടി പദ്ധതി വന്‍വിജയകരമായി. ഇന്ന് മാഹിയിലെ തെരുവുകളും, പുഴകളും, കടല്‍ത്തീരവുമെല്ലാം അജൈവ മാലിന്യമുക്തമാണ്. ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരം ലഭിച്ചു എന്നതാണ് ഇതില്‍പ്രധാനം.
അജൈവ മാലിന്യത്തില്‍ നിന്നും വരുമാനം എന്ന ആശയം ഭാവില്‍ പ്രതീക്ഷിക്കാമോ?
ഇപ്പോള്‍ ലഭ്യമാകുന്ന അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, കുപ്പിച്ചില്ലുകള്‍, തുണികള്‍, ചെരുപ്പുകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ കൃത്യമായി പ്രത്യേകം ചാക്കുകളിലാക്കി സംഭരിക്കുവാന്‍ മുനിസിപ്പാലിറ്റി ഭാവിയില്‍ പദ്ധതിയിടുന്നുണ്ട്. അങ്ങനെ ലഭിച്ചാല്‍ ഈ വേസ്റ്റുകള്‍ ഹോള്‍സെയ്‌ലായി വില്‍ക്കുമ്പോള്‍ അതില്‍നിന്ന് വരുമാനം നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. ഇത് ഭാവിയില്‍ നടപ്പിലാക്കാന്‍ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്. പൊതു സ്ഥലങ്ങളിലെയും പാര്‍ക്കുകളിലെയും ഇലകളും മറ്റും സംസ്‌കരണത്തിനായി മുനിസിപ്പാലിറ്റി നിര്‍മ്മിച്ച പ്ലാന്റില്‍ നിന്നും കമ്പോസ്റ്റ് വളം ഉല്‍പ്പാദിപ്പിച്ചതിലൂടെ മുനിസിപ്പാലിറ്റിക്ക് 40000 രൂപ കഴിഞ്ഞ വര്‍ഷം വരുമാനം ലഭിച്ചു. വിവിധയിനം ചാക്കുകളിലാക്കി നല്‍കിയാല്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് അജൈവ മാലിന്യത്തില്‍ നി്ന്നും പണം ലഭിക്കുകയും ചെയ്യുമെന്നുള്ള സന്ദേശമാണ് ഇനി ജനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നല്‍കാന്‍ പോകുന്നത്.

ഈ പദ്ധതി പൂര്‍ണ്ണ വിജയമാണോ?
95%-വും ഈ പദ്ധതി വിജയമാണ്. പണ്ട് മാഹിയിലെ ജനങ്ങള്‍ രാത്രികാലങ്ങളില്‍് നിരത്തുകളില്‍ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നതെങ്കില്‍, ഇന്ന് ആബാലവൃദ്ധം ജനങ്ങളും ഉത്സാഹത്തോടെയും, അഭിമാനത്തോടെയുമാണ് അജൈവ മാലിന്യങ്ങള്‍, ഇവ സംഭരിക്കാന്‍ വരുന്ന ട്രക്കുകളിലേക്ക് എത്തിക്കുന്നത്.