
സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഒമ്പതു മാസം കൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിതിനു പിന്നാലെ ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് കൂടി ഇന്ദിരാഗാന്ധി ആശുപത്രി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുകയാണെന്ന് ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്,ചിക്കിംഗ് (മാന്‍സൂര്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മാനേജിംഗ് ഡയക്ടര്‍ എ.കെ.മന്‍സൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതി വഴിയാണ് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ചിക്കിംഗിന്റെ പാലാരിവട്ടത്തെ ബില്‍ഡിംഗില്‍ ഓഫിസ് തുറന്നിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒട്ടുമിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദയശസ്ത്രക്രിയ രംഗത്ത് വലിയ മാറ്റത്തിനാണ് വഴി തെളിച്ചത്. നേരത്തെ നടത്തിയ നൂറു സൗജന്യ ശസ്ത്രിക്രിയകളില്‍ അര്‍ഹരായ 50 രോഗികള്‍ക്ക് സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍പ്പെടുത്തി സൗജന്യമായിട്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ ചെയ്ത തുടങ്ങിയതോടെ മറ്റാശുപത്രികളും ഇതേ പാത പിന്തുടരാന്‍ ആരംഭിച്ചത് നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ഏറെ ആശ്വാസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രൊസസ്ഡ് ചിക്കന്‍ ഫുഡ് രംഗത്തെ ആഗോള ബ്രാന്‍ഡായ ചിക്കിംഗിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യമായി 100 ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു.അമ്പതു പേര്‍ക്കാണ് സൗജന്യമായി ശസ്ത്രക്രിയ നടത്താന്‍ ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നതെന്നും എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ പണമില്ലാതെ ധാരാളം രോഗികള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതി വഴി നൂറു രോഗികളെ സഹായിക്കാന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടര കോടി രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കുന്നതെന്നും മന്‍സൂര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവര്‍ക്കാവശ്യമായി വരുന്ന മരുന്നുകളും ഒരുവര്‍ഷം സൗജന്യമായി നല്‍കും.അടുത്ത ഘട്ടത്തില്‍ കൂടുതല്‍ രോഗികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 38 രാജ്യങ്ങളിലായി 400 ഔട്ട്‌ലെറ്റുകളും 4,500ല്‍പരം ജീവനക്കാരും കമ്പനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
25.02.2025 ചൊവ്വ വൈകിട്ട് 4.30ന് ആശുപത്രി അങ്കണത്തില്‍ ആശുപത്രി ചെയര്‍മാന്‍ എം.ഒ.ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പദ്ധതിയുടെ ധാരണാ പത്രം കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് മേനോന്‍ നിര്‍വ്വഹിച്ചു.100 ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഹൃദ്രോഗ വിദഗ്ദരായ ഡോ. ജോര്‍ജ് ജെ.വാളൂരാന്‍, ഡോ. ജിയോ പോള്‍.സി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യോഗത്തില്‍ ചിക്കിംഗ് (മാന്‍സൂര്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് മിര്‍സ്ഷാബ് മന്‍സൂര്‍, ആശുപത്രി വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്, ഡയറക്ടര്‍മാരായ ജെബി മേത്തര്‍ എം.പി, അഗസ്റ്റസ് സിറിള്‍, പി.വി.അഷ്‌റഫ്, ആലപ്പാട്ട് മുരളീധരന്‍, ഡോ.ഹസീന മുഹമ്മദ്, ഇക്ബാല്‍ വലിയവീട്ടില്‍, ടി.എച്ച്.റഷീദ്, ഇന്ദിരാബായി പ്രസാദ്, എന്‍.എ.അബ്രാഹം, പി.ഡി.അശോകന്‍, കെ.പി.വിജയ കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ ബഫാക്കി തങ്ങള്‍, ജി.മാധവന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.