
ബേക്കറി, ഹോട്ടല്‍ മേഖലകള്‍ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യതക്കുറവായിരിക്കുമെന്ന് റോയല്‍ ബേക്കറി മേധാവി റഫീഖ് ചൊക്ലി പറയുന്നു. തന്റെ സംരംഭത്തെക്കുറിച്ചും മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റഫീഖ് വിജയഗാഥയോട് സംസാരിക്കുന്നു
…………………………………
കൊറോണ മഹമാരി വ്യാപകമായതിന് ശേഷം സംസ്ഥാനത്തെ പല ബിസിനസുകളുടെയും അവസ്ഥ പരിതാപകരമാണ്. അതില്‍ വളരെ സങ്കീര്‍ണമായ പ്രതിസന്ധികളാണ് ബേക്കറി ആന്‍ഡ് റെസ്റ്ററന്റ് മേഖല നേരിടുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ ഉപഭോക്താക്കളുടെ വരവ് വളരെ കുറവാണെന്ന് റോയല്‍ ബേക്കറി ഉടമ റഫീഖ് ചൊക്ലി പറയുന്നു.
എന്നാല്‍ ഇതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹോട്ടല്‍ ബേക്കറി മേഖലയിലെ ചില ഏരിയകളില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ മാത്രം വര്‍ക്ക് ചെയ്യുന്നുണ്ട്.

ടേബിള്‍ ക്ലീനിങ്, പ്ലേറ്റ് കഴുകല്‍ തുടങ്ങിയ ജോലികളെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഇതൊന്നും മലയാളികള്‍ ചെയ്യില്ല. അന്യസംസ്ഥാനക്കാര്‍ക്ക് ചില തൊഴിലുകള്‍ നമ്മള്‍ സംവരണം ചെയ്തുകൊടുത്തിട്ടുണ്ട്-റഫീഖ് പറയുന്നു.
മലയാളിക്ക് ചെയ്യാന്‍ അപമാനമായിട്ടുള്ള ചില ജോലികളായി പലതിനെയും വേര്‍തിരിച്ചിരിക്കുന്ന അവസ്ഥയാണ് സമൂഹത്തിന്റേതെന്നും അദ്ദേഹം. താഴെക്കിടയിലുള്ള ജോലികളാണവ. അവര്‍ക്ക് വൃത്തിയില്ലെന്ന് നമ്മള്‍ പറയുമെങ്കിലും, കേരളത്തെ വൃത്തിയാക്കിയത് അവരായിരുന്നു-അദ്ദേഹം പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികളില്‍ 75 ശതമാനവും സ്വദേശത്തേക്ക് പോയി. അതാണ് ഹോട്ടല്‍ വ്യവസായം നേരിടുന്ന വലിയ ഭീഷണി. ഇനി വരാനിരിക്കുന്ന വെല്ലുവിളിയും അതുതന്നെ്. 1-2 മാസം കച്ചവടമില്ലാതിരിക്കുന്നതുപോലുള്ള പ്രതിസന്ധിയല്ല അത്. ലോകം മൊത്തത്തില്‍ അനുഭവിക്കുന്നതാണത്. എന്നാല്‍ കോവിഡ് ഒന്നതൊങ്ങിക്കഴിയുമ്പോള്‍ എന്തുണ്ടാകും. അവര്‍ തിരിച്ചുവന്നാലേ ജോലി സുഗമമാകൂ. 75 ശതമാനം ഹോട്ടലുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
എങ്ങനെ സാമൂഹ്യ അകലം പാലിച്ച് ഹോട്ടല്‍ കച്ചവടം നടത്തുമെന്ന് ചിന്തിച്ച് ചിലര്‍ തുറക്കാതിരിക്കുന്നുണ്ട്. മറ്റ് ചിലര്‍ ജോലിക്കാരുടെ ലഭ്യതക്കുറവ് കാരണവും തുറക്കാതിരിക്കുന്നുണ്ട്. പലതരത്തിലുള്ളതാണ് വെല്ലുവിളികള്‍. തൊഴിലാളികളെ കിട്ടില്ലെന്നതാണ് പ്രതിസന്ധി. ഗള്‍ഫില്‍ നിന്നു വന്ന ഒരുപാട് പേര്‍ ഇവിടുണ്ട്. എന്നാല്‍ അവരൊന്നും അന്യസംസ്ഥാനക്കാര്‍ ചെയ്യുന്ന ജോലി ചെയ്യാന്‍ തയാറാകില്ല.

കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് അന്യസംസ്ഥാനക്കാര്‍ തിരിച്ചുവരുമ്പോഴേ കാര്യങ്ങള്‍ സുഗമമാകൂ. അതിനാല്‍തന്നെ അടുത്ത മൂന്ന് മാസത്തേക്ക് 50 ശതമാനം ബിസിനസേ ഹോട്ടല്‍ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നുള്ളൂ.
ഭീകരാവസ്ഥയിലാണ് ഹോട്ടലുകള്‍
സര്‍ക്കാര്‍ നിരവധി മാനദണ്ഡങ്ങള്‍ വച്ചിട്ടുണ്ട്. എന്നാല്‍ അതിലുപരി കോവിഡ് വ്യാപനം ഏറ്റവും സംഭവിക്കാവുന്ന സാഹചര്യങ്ങളാണ് ഹോട്ടലുകള്‍ തുറന്ന് ആളുകള്‍ ഭക്ഷണം വന്നിരുന്ന് കഴിക്കുമ്പോഴുണ്ടാകുക. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിച്ചുകൊണ്ടുപോകുന്നതു പോലെയോ ടെയ്ക്ക് എവേ എന്ന രീതിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെയോ അല്ല, കസ്റ്റമേഴ്‌സ് വന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള ഹോട്ടല്‍ നടത്തിപ്പ്. അതാണ് കോവിഡ് കാലത്തെ പ്രതിസന്ധി.
അസുഖം ഉള്ളവര്‍ക്ക് അത് മറച്ചുവെച്ച് ഹോട്ടലുകളില്‍ വരാന്‍ സാധിക്കും. രോഗമുള്ളവര്‍ വന്നാല്‍ തന്നെ അവര്‍ വാഷ് ബേസിന്‍ ഉപയോഗിക്കും ബാത്ത് റൂം ഉപയോഗിക്കും. അപ്പോള്‍ വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്. ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം വല്ലാത്ത അവസ്ഥയാണ്.
മൊറട്ടോറിയം യാതൊരു ഗുണവുമുള്ള കാര്യമല്ലെന്നാണ് റഫീഖിന്റെ അഭിപ്രായം
ഈ പ്രതിസന്ധികള്‍ക്കിടയിലും 50 ശതമാനം അന്യസംസ്ഥാന തൊഴിലാളികളെ നിലനിര്‍ത്താന്‍ സാധിച്ചുവെന്ന് റഫീഖ്. അതേസമയം സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമെന്നോണം ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ പ്രശ്‌നമില്ല.
പലിശ ഒഴിവാക്കണം
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം യാതൊരു ഗുണവുമുള്ള കാര്യമല്ലെന്നാണ് റഫീഖിന്റെ അഭിപ്രായം. ഒരു കോടി രൂപ ലോണുണ്ടെങ്കില്‍ 1 ലക്ഷം രൂപ പലിശ നല്‍കണം. തല്‍ക്കാലം ആറ് മാസത്തേക്ക് അതടയ്‌ക്കേണ്ട. എന്നാല്‍ ആറ് മാസം കഴിഞ്ഞ് ബാങ്കിലേക്ക് ചെല്ലുമ്പോള്‍ ആ ലോണ്‍ ഒരു കോടി ആറ് ലക്ഷമായി മാറിക്കഴിയും. പിന്നെ ഒരു കോടി ആറ് ലക്ഷത്തിന് പലിശ അടയ്ക്കണം. പലിശ ഒഴിവാക്കിത്തരണമെന്നാണ് ഇദ്ദേഹത്തെ പോലുള്ള സംരംഭകരും സാധാരണക്കാരും ഒരു പോലെ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വെട്ടിയപ്പോള്‍ നടന്നത് എന്തെല്ലാമാണെന്ന് നമ്മള്‍ കണ്ടു. എന്നാല്‍ സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും വരുമാനമില്ലാത്ത അവസ്ഥയില്‍ വായ്പയുടെ പലിശയെങ്കിലും ഇക്കാലത്തേക്ക് ഒഴിവാക്കാനുള്ള നടപടിയാണ് വേണ്ടത്.
റോയല്‍ ബേക്കറി
റോയല്‍ ബേക്കറിയുടെ തുടക്കം 1991ലാണ്. ആലുവയിലായിരുന്നു തലശ്ശേരിയില്‍ വേരുകളുള്ള റഫീഖ് തന്റെ ബിസിനസിന് തുടക്കമിട്ടത്. ഇപ്പോള്‍ 40നു മുകളില്‍ ബ്രാഞ്ചുകളുണ്ട് റോയലിന്. റെസ്റ്ററന്റും ബേക്കറിയുമായി പ്രവര്‍ത്തനം വേര്‍തിരിച്ചിട്ടുണ്ട്.
ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ സ്ഥാപനമായി റോയല്‍ മാറിയിട്ടുണ്ട്. സാധാരണക്കാരനും താങ്ങാവുന്ന നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതാണ് റോയല്‍ ബേക്കറിയുടെ പ്രത്യേകതയെന്നും റഫീഖ് ചൊക്ലി. സാധാരണക്കാരന്റെ ഭക്ഷണമായ ബോണ്ട മുതല്‍ ഇറ്റാലിയന്‍ പിസ വരെ ലഭിക്കും റോയലില്‍.