ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്‌റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്‌സ് – 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം – ഒന്ന്, കണ്ണൂര്‍ – 51, കാസര്‍കോഡ് – 18, കൊല്ലം – ഒന്ന്, കോഴിക്കോട് – 67, പാലക്കാട് – ഏഴ്, പത്തനംതിട്ട – ഒന്ന്, തൃശൂര്‍ – അഞ്ച്, വയനാട് – അഞ്ച് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗോവയിലേയ്ക്കുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.
12.50 ന് ആദ്യ സംഘം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.
മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. വിമാനത്തില്‍ നിന്നിറങ്ങിയ യാത്രക്കാരുടെ ചെറു സംഘങ്ങള്‍ക്കെല്ലാം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് – കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, തുടര്‍ ചികിത്സയ്‌ക്കെത്തിയവര്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.