സംയോജിത ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് സാങ്കേതികവിദ്യ കൈമാറുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ആഗോള കമ്പനി ഐബിഎസ് സോഫ്റ്റ് വെയര്‍ കാനഡയിലെ ഒഎന്‍ഇസി ലോജിസ്റ്റിക്സുമായി ദീര്‍ഘകാല ‘സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്’ (സാസ്) കരാറിലേര്‍പ്പെട്ടു.
ഒഎന്‍ഇസി-യുടെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ബൃഹത്തായ എല്‍എന്‍ജി പദ്ധതിയ്ക്കുവേണ്ട സേവനങ്ങളും പ്രവര്‍ത്തനങ്ങളും (ലോജിസ്റ്റിക്സ്) കൈകാര്യം ചെയ്യുന്നതിനുള്ള കരാറാണിത്. ഇതനുസരിച്ച് രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും. എയര്‍ലൈനുകളും വ്യോമയാന മേഖലയിലെ ഇതര സ്ഥാപനങ്ങളും ഈ കണ്‍സോര്‍ഷ്യത്തിനു പിന്തുണ നല്‍കും. ഐബിഎസ്-ന്‍റെ സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് ഉപയോഗിച്ച് വിമാനക്കമ്പനികളുടെ സമയപ്പട്ടികയും ബുക്കിംഗുമടക്കമുള്ള എല്ലാ സേവനങ്ങളും ഒഎന്‍ഇസി ഉപയോഗിക്കും.
മെച്ചപ്പെട്ട സുരക്ഷിതത്വവും ഉപഭോക്തൃസേവനവും ചുരുങ്ങിയ ചെലവും കണക്കിലെടുത്താണ് ഒഎന്‍ഇസി ഐബിഎസുമായി കരാറിലേര്‍പ്പെട്ടത്. ലോജിസ്റ്റിക്സിലെ ചാര്‍ട്ടര്‍ വിമാനയാത്രകള്‍, താമസം, ഗ്രൗണ്ട് യാത്രകള്‍, ഷെഡ്യൂള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയവയെല്ലാം ഐലോജിസ്റ്റിക്സിലൂടെ സാധ്യമാകും.
ഈ പദ്ധതിക്കുവേണ്ട ഗതാഗതം, താമസം തുടങ്ങി എല്ലാം കാര്യങ്ങളും സംയോജിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ സേവനം ആവശ്യമുള്ളതുകൊണ്ടാണ് ഐബിഎസ്-മായി കരാറിലേര്‍പ്പെടുന്നതെന്ന് ഒഎന്‍ഇസി ലോജിസ്റ്റിക്സ് പ്രസിഡന്‍റ് ജേസണ്‍ മക്ഡൊണാള്‍ഡ് പറഞ്ഞു. ഹൈസ്ല നേഷന്‍ എന്ന സ്ഥാപനവുമായുള്ള പങ്കാളിത്തത്തിലുടെയാണ് ഒഎന്‍ഇസി ഐബിഎസിനൊപ്പം പ്രവര്‍ത്തിക്കുക.