കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലെ ഒരുസീനിയര്‍ പ്രൊഫഷണല്‍ തന്റെ കൂടെ ജോലിചെയ്യുന്ന ജോര്‍ജിനോട് യാദൃശ്ചികമായി ചോദിക്കുന്നു- എവിടെയാണ് പഠിച്ചത്. അപ്പോള്‍ അവന്‍ പറഞ്ഞു ശ്രീനാരായണ എന്‍ജിനീയറിംഗ് കോളേജില്‍ ട്രിപ്പിള്‍ ഇ. അപ്പോള്‍ ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു, എന്‍ജിനീയറിംഗ് പഠിച്ച നീ എങ്ങനെ മാര്‍ക്കറ്റിങ്ങില്‍ എത്തി.
ഭൂമിയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയില്‍ നല്ല കഴിവുണ്ടാകും. ആ കഴിവിനെ പരിപോഷിപ്പിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്
അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു, സര്‍ എന്‍ജീനീയറിംഗ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എന്റെ മേഖല മാര്‍ക്കറ്റിങ്ങാണെന്ന് പിറ്റേന്നു തന്നെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ കറസ്‌പോണ്ടന്‍സായി എം.ബി.എ.യ്ക്ക് ചേര്‍ന്നു. ഈ സംഭവം വിലല്‍ ചൂണ്ടുന്നത് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദിശാബോധമില്ലായ്മയിലേക്കാണ്.
കോട്ടയം സ്വദേശിയായ റോണി ഉഴപ്പനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു പ്ലസ്സ് ടു തോറ്റു, കുറച്ച് വര്‍ഷങ്ങങ്ങള്‍ നാട്ടിലൂടെ അലഞ്ഞ് തിരിഞ്ഞു നടന്നു. ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ എറണാകുളത്ത് ഒരു ഫോട്ടോസ്റ്റുഡിയോയില്‍ ഹെല്‍പ്പറായി ജോലി കിട്ടി. അവിടെ 2 വര്‍ഷം ജോലിചെയ്തതിനു ശേഷം ആരുടെയോ സഹായത്താല്‍ പ്രശസ്തനായ ഒരു അഡ്വര്‍ട്ടൈസിങ്ങ് ഫോട്ടോഗ്രാഫറുടെ ഹെല്‍പ്പറായി ജോലി കിട്ടി, അവിടെ 4 വര്‍ഷം. ആ 4 വര്‍ഷം റോണിയുടെ ജീവിതം മാറ്റി മറച്ചു. അവിടെ നിന്നും റോണി പുറത്തിറങ്ങിയത് കേരളത്തിലെ എണ്ണം പറഞ്ഞ ഒരു ഫോട്ടോഗ്രാഫറായാണ്. ഈ സംഭവം വിലല്‍ ചൂണ്ടുന്നത് കേരളത്തലെ മാതാപിതാക്കളുടെ ദിശാബോധമില്ലായ്മയിലേക്കാണ്.
യഥാര്‍ത്ഥത്തില്‍ ഇതിനുള്ള ഉത്തരം തേടേണ്ടത് ഹൈസ്‌ക്കൂള്‍ തലത്തിലേക്കിറങ്ങിച്ചെന്നാണ്. ഇതില്‍ ഉത്തരവാദികള്‍ രണ്ടുകൂട്ടരാണ് 1. അദ്ധ്യാപകര്‍ 2. രക്ഷകര്‍ത്താക്കള്‍. പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നത് തുടങ്ങേണ്ടത് ഹൈസ്‌ക്കൂളുകളില്‍ നിന്നാണ്. എന്നാല്‍ അവിടെ എന്താണ് സംഭവിക്കുന്നത്. അദ്ധ്യാപകര്‍ ചെയ്യുന്നത് കുട്ടികളെ നന്നായി പഠിപ്പിക്കുകയും ഉന്നതമാര്‍ക്ക് കരസ്ഥമാക്കുവാന്‍ നിര്‍ബ്ബന്ധിക്കുയും ചെയ്യുന്നു.
90 ശതമാനവും ഇതില്‍ അദ്ധ്യാപകര്‍ തെറ്റുകാരല്ല അവര്‍ക്ക് ലഭിക്കുന്ന മാര്‍ഗ്ഗരേഖ അങ്ങനെയാണ്. ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍ക്ുന്ന സര്‍ക്കാരുകളുടെ ഉന്നതതല ഉദ്യോഗസ്ഥരാണ് ഇതില്‍ ഉത്തരവാദികള്‍. 90കളുടെ പകുതിവരെയുമുള്ള എസ്.എസ്.എല്‍സി. ബുക്കുകള്‍ പരിശോധിച്ചാല്‍ – അതില്‍ 3-ാം പേജില്‍ ഫിനീഷീംഗ്, ആക്വറസി,………. , ……………… , എന്നീ കോളങ്ങള്‍ കാണാന്‍ സാധിക്കും. ഇക്കാലഘട്ടത്തിലെ എസ്.എസ്.എല്‍സി. ബുക്കുകള്‍ കൈയ്യിലുള്ളവരില്‍ 90 ശതമാനം പേരും ചിലപ്പോള്‍ ആ പേജ് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇതില്‍ എന്തടിസ്ഥാനത്തിലാണ് ……….. ഗുഡ്, ആവറേജ്, പൂവര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. കാരണം ശരാശരി 35-40 കുട്ടികളുള്ള ക്ലാസ്സിലെ ഓരോ കുട്ടിയുടെയും കഴിവുകള്‍ ക്ലാസ്സ്ടിച്ചര്‍ എങ്ങനെ കൃത്യമായി മനസ്സിലാക്കും.
അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെ അഭിപ്രായത്തില്‍ ഭൂമിയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയില്‍ നല്ല കഴിവുണ്ടാകും. ആ കഴിവിനെ പരിപോഷിപ്പിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്. സത്യത്തില്‍ ഇത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അദ്ധ്യാപകരുടേതാണ് (നല്ല വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കും ഇത് കണ്ടുപിടിക്കാന്‍ സാധിക്കും). ജര്‍മനി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹൈസ്‌ക്കൂള്‍ തലത്തില്‍ തന്നെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയും അവരെ അതാത് മേഖലകളിലേക്കും തിരിച്ചു വിടുകയും ചെയ്യുന്നു.
എന്നാല്‍ നമ്മളോ ബ്രട്ടീഷുകാരന്‍ ഇവിടെ തുടങ്ങിവച്ചത് അവിടെ തന്നെ നിര്‍ത്തിയിരിക്കുയാണ്. (എന്തിനാണ് ഒരു വിദ്യാര്‍ത്ഥി ബി.എ- ഹിസ്റ്ററി- പൊളിറ്റക്കല്‍ സയന്‍സ് പഠിക്കുന്നതെന്നു ചോദിച്ചാല്‍ ഉത്തരമുണ്ടോ) അവരെല്ലാം ബഹുദൂരം മുന്നറിയുമിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ വഞ്ചി ഇപ്പോഴും തിരുന്നക്കരെ തന്നെ നില്‍ക്കുന്നു.
ഇനി 2-ാമത്തെ വിഭാഗമായ രക്ഷകര്‍ത്താക്കളെ രണ്ടായി തിരിക്കാം. 1. വിദ്യാഭ്യാസവും ലോകപരിചയവും ലഭിച്ചവര്‍, 2. ശരാശരിയില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍. ഇതില്‍ ഒന്നാം വിഭാഗത്തെ വീണ്ടും രണ്ടായി തിരിക്കാം 1 വ്യക്തമായ ദിശാബോധമുള്ളവര്‍ 2 എന്തൊക്കെ സംഭവിച്ചാലും എന്റെ മക്കള്‍ ഡോക്ടര്‍ എന്‍ജിനീയര്‍ മുതലായവ ആയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ (ഒണ്‍ലി ടോപ് ക്ലാസ്സ്). ഇതിലെ ഒന്നാം വിഭാഗത്തിലുള്ളവര്‍ തങ്ങളുടെ മക്കളെ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍വിദ്യാഭ്യാസത്തിനയയ്ക്കുന്നു.
നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗക്കാര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. ഇതിലെ രണ്ടാം വിഭാഗക്കാര്‍ തങ്ങളുടെ മക്കളെ സമൂഹത്തിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ഭാരം ചുമപ്പിക്കുന്നു. അതായത് രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ ബലിയാടുകളാക്കപ്പെടുന്നു. ശരാശരിയില്‍ താഴെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ ആരുടെയൊക്കെയോ അഭിപ്രായം കേട്ട് തങ്ങളുടെ മക്കളുടെ ഭാവിയെ വിധിക്ക് വിട്ടുകൊടുക്കുന്നു. ഒരു സമൂഹത്തിനാവശ്യം ഡോക്ടറും, എന്‍ജിനീയറും, അദ്ധ്യപകനും, ബാങ്കുമാനേജരും മാത്രമല്ല.
കൃഷിക്കാരന്‍, കച്ചവടക്കാരന്‍, മെക്കാനിക്ക്, പാചകക്കാന്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയ അനേകം ജോലിക്കാരെയാണ്. നിര്‍ഭാഗ്യവശാല്‍ മറ്റൊന്നും കിട്ടാതെ വരുുമ്പോളാണ് നാം കുട്ടികളെ ഈ മേഖലയിലേക്ക് തിരിച്ചുവിടുന്നത്. ഒരു വ്യക്തിയുടെ ഉള്ളില്‍ മേല്‍പ്പറഞ്ഞ ജോലിക്കുള്ള കഴിവുകളുണ്ടെങ്കില്‍ അവനെ ആ മേഖലയിലേക്ക് തിരിച്ചു വിടണം. അങ്ങനെ ചെയ്താലെ ആ വ്യക്തിക്ക് ആ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂ. സത്യത്തില്‍ നാം അവരെ വിധിയ്ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
ഒരു വിദ്യാര്‍ത്ഥിയെ നമ്മള്‍ ശരിയായ ദിശയിലേക്ക് കയറ്റിവിട്ടാല്‍ മാത്രം പോര അവരെ ശരിയായ തൊഴില്‍ മേഖയലിലേക്ക് എത്തിക്കുക കൂടി വേണം
സാധാരണക്കരില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്ലസ്സ് ടു ക്ലാസ്സുകളില്‍ ചേരുമ്പോള്‍ ഏത് സബ്ജക്ട് തെരഞ്ഞെടുക്കണമെന്നറിയില്ല. കുട്ടികള്‍ എന്ത് പഠിക്കണം എന്നറിയില്ല. കുട്ടികളുടെ കഴിവുകള്‍ ഏത് വിഷയത്തിലാണെന്ന് മനസ്സിലാക്കുവാനുള്ള കാര്യങ്ങള്‍ ഹൈസ്‌ക്കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തണം. ഇത് കുറഞ്ഞ പക്ഷം അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയാലേ ഇത് സാധ്യമാവുകയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് സ്‌ക്കൂളുകളിലെ പി.ടി.എ. യിലെങ്കിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സ്വതന്ത്ര്യമായി സ്‌ക്കൂളുള്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതുമാണ്.
സത്യത്തില്‍ ഈ ദിശാബോധം ഒരു വിദ്യാര്‍ത്ഥിയുടെ ഹൈസ്‌ക്കൂള്‍ തലം മുതല്‍ ഉദ്യോഗാര്‍ത്ഥിയാകുന്നതുവരെ തുടര്‍ നടപടികള്‍ വേണ്ട കാര്യമാണ്. അതായത് ഒരു വിദ്യാര്‍ത്ഥിയെ നമ്മള്‍ ശരിയായ ദിശയിലേക്ക് കയറ്റിവിട്ടാല്‍ മാത്രം പോര അവരെ ശരിയായ തൊഴില്‍ മേഖയലിലേക്ക് എത്തിക്കുക കൂടി വേണം. ഉദാ. രാജു എന്ന വിദ്യാര്‍ത്ഥി 10ാം ക്ലാസ്സില്‍ പഠിക്കുേേമ്പാള്‍ 100 രൂപ നോട്ട് അതേപോലെ വരച്ചെടുത്തു. ഇതുകണ്ട അദ്ധ്യാപകന്‍ രാജുവിന്റെ മാതാപിതാക്കളോട് പറഞ്ഞ് അവനെ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ചേര്‍പ്പിച്ചു. നല്ല കഴിവുള്ള രാജു നല്ല ഒരു പടം വരക്കാരനായി പഠിപ്പു പൂര്‍ത്തിയാക്കി. അവന് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ.
ഏതെങ്കിലും ഒരു സ്‌ക്കൂളില്‍ ഡ്രോയിങ് മാഷാവണം. അതിനുവേണ്ടി അവന്‍ കാലങ്ങള്‍ തള്ളിനീക്കി. ഇന്നും അവന് ഒരു ഡ്രോയിങ് മാഷായി സ്ഥിരജോലി കിട്ടിയിട്ടില്ല. എന്നാല്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനോ പടംവരയുടെ അടുത്ത തലത്തിലേക്ക് കയറിച്ചെല്ലുവാനോ വ്യത്യസ്ഥ മേഖലയിലുള്ള അവസരങ്ങള്‍ മനസ്സിലാക്കുവാനോ അവന് സാധിച്ചില്ല. അവര്‍ക്ക് വേണ്ടത് ശരിയായ ദിശാബോധമാണ് ഇത് ആര് കൊടുക്കും എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ഇതെല്ലാം നമ്മളെ കൊണ്ടെത്തിക്കുന്നത് ഒരു സ്ഥലത്താണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയിലേക്ക്. സര്‍ക്കാരും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളുമടങ്ങുന്ന സമൂഹം ഈ വിഷയത്തില്‍ ശരിയായ ശ്രദ്ധനല്‍കിയില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ എന്‍ജിനീയറായ ഓട്ടോ ഡ്രൈവറും, ഫൈന്‍ആര്‍ട്‌സ് പഠിച്ച വാര്‍ക്കപണിക്കാരനും ഇനിയും ഇണ്ടാകും.