Thursday, November 21Success stories that matter
Shadow

ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്

2 0

ഈ കൊറോണക്കാലത്ത് ഏറ്റവും അധികം പഴികേള്‍ക്കേണ്ടിവന്ന മേഖലയാണ് ബാങ്കിങ്ങ്. മൊറൊട്ടോറിയം, അധിക ചാര്‍ജ്ജുകള്‍ തുടങ്ങി ധാരാളം ആരോപണങ്ങളാണ് ബാങ്കിങ്ങ് മേഖലയ്‌ക്കെതിരെ വന്നിരിക്കുന്നത്. എന്നാല്‍ ഈ കൊറോണയുടെ പശ്ചാത്തലത്തിലും ജനസേവന പരിപാടികളുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന പ്രമുഖ സഹകാരിയും ബാങ്കിന്റെ ചെയര്‍മാനുമായ മനയത്ത് ചന്ദ്രന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രതികരിക്കുന്നു.

കൊറോണയുടെ പ്രത്യാഘാതത്തില്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ്ങ് സെക്ടര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി മൊറൊട്ടോറിയവുമായി ബന്ധപ്പെട്ടാണ്. അതായത് മൊറൊട്ടോറിയം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവ് പലിശയ്ക്ക് മുകളില്‍ കൂട്ടുപലിശ നല്‍കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളും ഈ കാലയളവില്‍ പലിശ അടയ്‌ക്കേണ്ട എന്നാണ് വിചാരിച്ചിരുന്നത്. ഇത് സത്യത്തില്‍ ബാങ്കിങ്ങ് മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാക്കും.

താത്വീകമായി മൊറൊട്ടോറിയം ഒരു ശരിയായ നടപടിയാണെങ്കിലും അത് പ്രായോഗികമായി ബാങ്കുകളുടെ വളര്‍ച്ചയെ തടയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ കാലയളവില്‍ ഉപഭോക്താവില്‍നിന്നും ലഭിക്കേണ്ട പലിശ കേന്ദ്രഗവണ്‍മെന്റ് പ്രത്യേക പാക്കേജായി നല്‍കുന്ന പാക്കേജാണ് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ ബാങ്കുകളും ഇടപാടുകാരും ഒരേസമയം കടക്കെണിയിലാകുന്ന സാഹചര്യം സംജാതമാകും.

7 ശതമാനം പലിശയുള്ള ലോണുകള്‍ പലിശ രഹിതമായി ഇടപാടുകാരന് നല്‍കാന്‍ സാധിക്കുന്നു

ഈ ഇടപാടുകാര്‍ക്ക് സഹായകരമായ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കാര്‍ഷിക വായ്പയിന്‍മേല്‍ 3 ശതമാനം നബാഡിന്റെ സബ്‌സിഡിയും 4 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും ലഭിക്കുമ്പോള്‍ 7 ശതമാനം പലിശയുള്ള ലോണുകള്‍ പലിശ രഹിതമായി ഇടപാടുകാരന് നല്‍കാന്‍ സാധിക്കുന്നു. കൂടാതെ മറ്റു ലോണുകളില്‍ കൃത്യമായി പലിശ അടയ്ക്കുന്നവര്‍ക്ക് 1 ശതമാനം പലിശ ഇളവുനല്‍കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ സഹകരണ മേഖല മുന്നോട്ടു പോകുവാന്‍ കഷ്ടപ്പെടുകയാണ്.

വലിയ തകര്‍ച്ചയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഉറ്റുനോക്കുന്നത്. ഈ മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കേണ്ടതാണ്. കേരളത്തിലെ മാറുന്ന ജനജീവതത്തിനനുസൃതമായി സഹകരണ മേഖലയെ പുനസംഘടിപ്പിക്കേണ്ടത് സഹചര്യത്തിന്റെ അനിവാര്യതയാണ്.

കൈത്താങ്ങായ ബാങ്ക്

50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടത്തില്‍ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് സമാഹരിച്ച് നല്‍കിയത്. കൂടാതെ ഏറാമല ഗ്രാമ പഞ്ചായത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി 1 ലക്ഷം രൂപയും നല്‍കുകയുണ്ടായി. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനു വേണ്ടി ബ്രേക്ക് ദ ചെയിന്‍ കാംപെയിന് പൂര്‍ണ പിന്തുണ നല്‍കുകയും സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ വിതരണം ബാങ്ക് മുന്‍കൈയെടുത്ത് നടത്തുകയുമുണ്ടായി.

കൊറോണ മൂലം ബദ്ധിമുട്ടുന്ന ബാങ്കിന്റെ എ ക്ലാസ്സ് മെമ്പര്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍ സൗജന്യമായി എത്തിച്ചു നല്‍കി. ഏകദേശം 10 ലക്ഷം രൂപയാണ് ഇതിന് ചെലവായിട്ടുള്ളത്. ബാങ്കിന്റെ നീതി മെഡിക്കല്‍ സ്‌റ്റോറിലെ മരുന്നുകള്‍
പുറത്തിറങ്ങാന്‍ സാധിക്കാത്ത രോഗികള്‍ക്ക് യാതൊരു അധിക ചാര്‍ജ്ജും ഈടാക്കാതെ വീടുകളില്‍ എത്തിച്ചു നല്‍കി. കൂടാതെ ഏറാമല ഗ്രാമപഞ്ചായത്തിലെ 8000 വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് നടപ്പിലാക്കി. ഇതിന്റെ ഉദ്ഘാടനം സഹകരണ വകുപ്പുമന്ത്രി നിര്‍വ്വഹിക്കുകയും ചെയ്തു. ഇതിനായി പത്ത് ലക്ഷം രൂപയിലധികം ചെലവ് വന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന എല്ലാ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കും ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് ടെലിവിഷനും ഡിഷ് കണക്ഷനും സൗജന്യമായി നല്‍കി.

മനയത്ത് ചന്ദ്രന്‍.

നന്നേ ചെറുപ്പത്തില്‍, തന്റെ 21ാമത്തെ വയസ്സില്‍ തുടങ്ങിയ സഹകരണ ജീവിതം ജനസേവന കാര്യങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണ് മനയത്ത് ചന്ദ്രന്‍. 1980 മുതല്‍ ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു അദ്ദേഹം. നീണ്ട 16 വര്‍ഷക്കാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറും വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. നാലര വര്‍ഷക്കാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. യഥാര്‍ത്ഥത്തില്‍ ഈ നാലര വര്‍ഷക്കാലഘട്ടം കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ബാങ്കിന് റിസര്‍വ് ബാങ്ക് ലൈസന്‍സ് കരസ്ഥമാക്കുന്നതിനും സംസ്ഥാനത്തെ 13ാം സ്ഥാനത്തുണ്ടായിരുന്ന ബാങ്കിനെ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സഹകരണ ബാങ്കാക്കി മാറ്റുന്നതിനും കഴിഞ്ഞു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.
മൊബൈല്‍ ബാങ്കിങ്ങ്, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് അടക്കമുള്ള ആധുനീക സേവനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. 2012-13 വര്‍ഷക്കാലഘട്ടത്തില്‍ കേരഫെഡിന്റെ ചെയര്‍മാനായും സേവനം അനുഷ്ടിച്ചുട്ടുണ്ട്. 13 കോടി രൂപയുടെ ലാഭം കേരഫെഡിന്റെ ചരിത്രത്തിലാദ്യമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേടുകയുണ്ടായി. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കോക്കനട്ട് മില്‍ക്ക് ക്രീം, കോക്കനട്ട് മില്‍ക്ക് പൗഡര്‍, ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവ ലോഞ്ച് ചെയ്യപ്പെട്ടു.
1987 ല്‍ ലൈബ്രറി കൗണ്‍സിലിന്റെ ഫുള്‍ടൈം മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ പലരും ശ്രമിച്ച് പരാജയപ്പെട്ട ലൈബ്രറി നിയമം കേരളത്തില്‍ കൊണ്ടുവരുവാനും സാധിച്ചു. കൂടാതെ കേരളത്തിന്റെ സഹകരണ മേഖലയില്‍ വ്യത്യസ്ത കാലയളവില്‍ ഉണ്ടായിട്ടുളള ഒട്ടുമിക്ക കമ്മറ്റികളിലും, അതിന്റെയൊക്കെ പുനസംഘടനയിലും നവീകരണങ്ങളിലും സജീവമായ സാന്നിദ്ധ്യം വഹിക്കുവാനും സാധിച്ചു. മികച്ച പ്രൈമറി ബാങ്ക് ചെയര്‍മാന്‍, മികച്ച ജില്ലാ ബാങ്ക് പ്രസിഡന്റ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍ മനയത്ത് ചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.

ബാങ്കിന്റെ എ.ടി.എം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ലോണുകള്‍ ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പണം എത്തിച്ചുകൊടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ബാങ്കിന്റെ സര്‍വ്വീസ് ബ്രാഞ്ചുകള്‍ മുഖാന്തിരം ജനങ്ങള്‍ക്ക്, ഇലക്ട്രിസിറ്റി ബില്‍, മൊബൈല്‍ റീചാര്‍്ജ്ജ് തുടങ്ങിയ ബഹുവിധ സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ പദ്ധതി നടപ്പിലാക്കി.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ജനങ്ങളെ ഗ്രസിക്കുമ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഭരിക്കുന്ന ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ ജനഹിത പരിപാടികളാണ് ചെയ്യേണ്ടത്. ജനഹിതമായ പ്രവര്‍ത്തികള്‍ നടപ്പിലാക്കാത്ത ഒരു സ്ഥാപനവും നിലനില്‍ക്കില്ല എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്. ഇത്തരം സഹകരണ സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *