Thursday, November 21Success stories that matter
Shadow

ഒരിക്കലെങ്കിലും നടത്തണം ട്രാന്‍സ് സൈബീരിയന്‍ യാത്ര

1 0

6 രാത്രികള്‍ നീളുന്ന, 74 മണിക്കൂറുകള്‍ ട്രെയ്‌നിനുള്ളില്‍ ചെലവഴിക്കേണ്ടി വരുന്നതാണ് ട്രാന്‍സ് സൈബീരിയന്‍ യാത്ര

ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നയാത്രയാണ് ട്രാന്‍സ് സൈബിരിയന്‍ ട്രെയ്ന്‍ യാത്ര. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാരംഭിച്ച് റഷ്യയുടെ സൈബിരിയന്‍ നഗരമായ വ്‌ളോഡിവോസ്റ്റാക്കില്‍ അവസാനിക്കുന്നു.

6 രാത്രികള്‍ നീളുന്ന, 74 മണിക്കൂറുകള്‍ ട്രെയ്‌നിനുള്ളില്‍ ചെലവഴിക്കേണ്ടി വരുന്നതാണ് ട്രാന്‍സ് സൈബീരിയന്‍ യാത്ര. മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് ഏറ്റവും നല്ല കാലാവസ്ഥ. മഞ്ഞുകാലത്തെ യാത്ര നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്ഥമായൊരനുഭവം തരുമെങ്കിലും തണുപ്പ് കാരണം ട്രെയ്‌നില്‍ നിന്ന് പുറത്തിറങ്ങാനോ സമീപത്തുള്ള സിറ്റികള്‍ കാണാനോ ബുദ്ധിമുട്ടുണ്ടാക്കും.

മോസ്‌കോ – റഷ്യയുടെ തലസ്ഥാനം എന്നതിലുപരി രാഷ്ടീയ സിരാകേന്ദ്രവും സാംസ്‌കാരിക നഗരവും കൂടിയാണ്. ക്രെംലിന്‍ കൊട്ടാരവും ചുവപ്പ് കെട്ടിടങ്ങളും സ്വര്‍ണ്ണം പൂശിയ ദേവാലയ താഴികക്കുടങ്ങളും മോസ്‌കോയെ അത്യാകര്‍ഷകമാക്കുന്നു. ഇതിനെല്ലാം ഉപരി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമാണ് മോസ്‌കോ.

9259 കിലോമീറ്റര്‍ സഞ്ചരിച്ച് വ്‌ളാഡിവോസ്റ്റാക്കില്‍ അവസാനിക്കുന്ന ഈ യാത്രയുടെ തുടക്കം മോസ്‌കോയില്‍ നിന്നാണ്. ഇവിടെ നിന്നും ട്രെയിന്‍ പുറപ്പെട്ടാല്‍ ആദ്യമെത്തുന്ന പ്രധാന നഗരം കസാന്‍ ആണ് (ട്രാന്‍സ് സൈബീരിയന്‍ യാത്രയില്‍ സാധാരണ ട്രെയ്‌നുകള്‍ നേരെ യക്കാറ്റിറിന്‍ ബര്‍ഗിലേക്കാണ് പോകാറ്, കസാന്‍ വഴി പോകാറില്ല. പ്രൈവറ്റ ട്രെയ്‌നുകള്‍ മാത്രമേ കസാന്‍ വഴി പോകാറുള്ളു, ഒരു മനോഹര നഗരമായതുകൊണ്ടാണ് കസാന്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നത്) അവിടേയ്‌ക്കെത്തുമ്പോളുള്ള മുഖ്യ ആകര്‍ഷണം റഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ വോള്‍ഗാ നദിക്ക് കുറുകെയുള്ള ട്രെയിന്റെ യാത്രയാണ്. യാത്രക്കാര്‍ക്ക് ഈ സിറ്റി കാണുവാനായി സമയം അനുവദിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ഇസ്ലാം മതസ്ഥരും ഇടകലര്‍ന്ന് താമസിക്കുന്ന ഒരു പട്ടണമാണ് കസാന്‍. 2005ല്‍ പണികഴിപ്പിച്ച മനോഹരമായ ഒരു മോസ്‌ക് ആണ് നമ്മെ കസാനിലേക്ക് സ്വാഗതം ചെയ്യുന്നത്. വലുപ്പത്തില്‍ റഷ്യയില്‍ത്തന്നെ രണ്ടാം സ്ഥാനത്തുള്ള മോസ്‌കാണ് ഇത്. വെണ്ണക്കല്ലുകളും ശാന്തമായ നിറത്തിലുള്ള സ്ഫടികങ്ങളും ഉപയോഗിച്ചാണ് ഈ മനോഹരമായ മോസ്‌ക് പണികഴിപ്പിച്ചിരിക്കുന്നത്. തെളിഞ്ഞ നീലാകശത്തെ നോക്കി തലയുയര്‍ത്തി നില്‍ക്കുന്ന നീല താഴികക്കുടങ്ങള്‍ ഈ പ്രദേശത്തെത്തന്നെ വശ്യമാക്കുന്നു.

സ്വര്‍ണ്ണ നിറങ്ങള്‍ പൂശിയ കുരിശുകളും കമാനങ്ങളുമുള്ള ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളാണ് കസാന്റെ മറ്റൊരു ആകര്‍ഷണം. ക്രിസ്തീയ ചരിത്ര സന്ദര്‍ഭങ്ങളും വിശൂദ്ധരുടെ മനോഹരങ്ങളായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഈ പള്ളികള്‍ ഏതൊരു സഞ്ചാരിയെയും പള്ളികള്‍ക്കുള്ളില്‍ കുറച്ചുുനേരം പിടിച്ചു നിര്‍ത്തും.

കസാനില്‍ നിന്നും യാത്ര തുടരുമ്പോള്‍ ട്രെയിനിനുള്ളിലെ റെസ്‌റ്റോറന്റുകളും ഗൈഡുമാര്‍ നമുക്ക് വിവിധ ഭാഷകളില്‍ വിവരണം തരും. അതോടൊപ്പം നമ്മെ കാത്തിരിക്കുന്നത് റഷ്യയുടെ ദേശീയ പാനീയമായ വോഡ്കയായിരിക്കും. പച്ച പുതച്ചു നില്‍ക്കുന്ന മനോഹരമായ ഗ്രാമപ്രദേശങ്ങള്‍ റഷ്യന്‍ സുന്ദരിമാരേപ്പോലെ ശാലീനതയുള്ളതാണ്.

യക്കാറ്ററീന്‍ബര്‍ഗാണ് അടുത്ത പ്രധാന സിറ്റി. പ്രൈവറ്റ് ട്രെയ്ന്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് ടൂര്‍ കമ്പനികള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന പരമ്പരാഗത നാടോടി നൃത്തക്കാരാണ്. സഞ്ചാരികള്‍ക്ക് ഇവടോടൊപ്പം നൃത്തംചെയ്യാനുള്ള അവസരവുമുണ്ട്. 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പട്ടണത്തിന് ധാരാളം വിശേഷണങ്ങളുണ്ട്. യൂറോപ്യന്‍ റഷ്യയുടെയും ഏഷ്യന്‍ റഷ്യയുടെയും അതിര്‍ത്തിയില്‍ സ്ഥാതിചെയ്യുന്ന പട്ടണമാണ് യക്കാറ്ററിന്‍ബര്‍ഗ്. ഉറല്‍ മലനിരകളിലേക്കുള്ള കവാടം കൂടിയാണ് യക്കാറ്ററിന്‍ബര്‍ഗ്. എന്നാല്‍ ഈ നഗരത്തിന്‍െ ഏറ്റവും വലിയ പ്രാധാന്യം എന്തെന്നാല്‍ 1918 ജൂലൈ മാസത്തില്‍ അവസാന സാര്‍ ചക്രവര്‍ത്തിയെയും കുടുംബത്തെയും (നിക്കോളാസ് രണ്ടാമനും ഭാര്യ അലക്‌സാന്റ്രയും 5 മക്കളും) വിപ്ലവകാരികള്‍ വധിച്ചത് ഇവിടെ വച്ചായിരുന്നു. സിറ്റിയില്‍നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തകര്‍ന്നുപോയ ഒരു മൊണ്‌സ്ട്രി കാണാം ഇവിടെ റൊമാനോവ് കുടുംബത്തിന്റെ ശവശരീരങ്ങള്‍ കിടന്നിരുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം ഉപരി ധാരാളം മനോഹരമായ കാഴ്ചകളുമാണ് യക്കാറ്ററിന്‍ബര്‍ഗില്‍ ലഭിക്കുന്നത്.

ഓബ് നദിയുടെ തീരത്താണ് നോവോസിബിര്‍സ്‌ക് പട്ടണം സ്ഥിതിചെയ്യുന്നത്

ഓംസ്‌ക് എന്ന പട്ടണമാണ് അടുത്ത പ്രധാന സ്റ്റോപ്പ്. ഇര്‍ട്യഷ് നദിയുടെ തീരത്താണ് ഓംസ്‌ക് പട്ടണം സ്ഥിതിചെയ്യുന്നത്. മനോഹരങ്ങളായ സെന്‍ട്രല്‍ റൂബല്‍ മ്യൂസിയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്രിസ്ത്യന്‍ പള്ളികള്‍ ഇവിടുത്തെയും ഒരുു പ്രധാന ആകര്‍ഷണമാണ്.

സൈബിരിയയുടെ മധ്യഭാഗത്തുള്ള പച്ചപുതച്ച ഗ്രാമങ്ങളുടെയും കാടുകളുടെയും നടുവിലൂടെയുള്ള മുന്നോട്ടുള്ള യാത്ര ഒട്ടുമിക്ക സഞ്ചാരിയുടെയും വിരസത ഒഴിവാക്കും. ഓംസ്‌കില്‍ നിന്നും യാത്ര തിരിച്ചാല്‍ അടുത്ത പ്രധാന പട്ടണം നോവോസിബിര്‍സ്‌ക് ആണ്. ഈ യാത്രയിലെ ആദ്യ സൈബീരിയന്‍ പട്ടണമാണ് നോവോസിബിര്‍സ്‌ക്.

1893 ല്‍ സ്ഥാപിതമായ ഈ പട്ടണം വലുപ്പത്തില്‍ റഷ്യയിലെ മൂന്നാമത്തേതാണ്. ഓബ് നദിയുടെ തീരത്താണ് നോവോസിബിര്‍സ്‌ക് പട്ടണം സ്ഥിതിചെയ്യുന്നത്. റഷ്യന്‍ വോഡ്കയും ഓറഞ്ചും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ട്രാന്‍സ് സൈബീരിയന്‍ എക്‌സ്പ്രസ്സ് കോക്‌ടെയ്ല്‍ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും, അത് രുചിക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്.

ക്രസ്‌നോയാര്‍സ്‌ക് ആണ് അടുത്ത പ്രധാന പട്ടണം. 1628ല്‍ സ്ഥാപിതമായ ക്രസ്‌നോയാര്‍സ്‌ക് വ്യാവസായികമായി മുന്നില്‍ നില്‍ക്കുന്ന ഒരു പട്ടണം കൂടിയാണ്. മനോഹരങ്ങളായ കുന്നിന്‍ചെരിവുകളും മലനിരകളും ഈ പ്രദേശത്തെ ശാലീന സുന്ദരിയാക്കുന്നു. സ്റ്റോള്‍ബി നാഷണല്‍ പാര്‍ക്കാണ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 47219 ഹെക്ടര്‍ വിസ്തൃതിയില്‍ പടര്‍ന്ന് കിടക്കുന്ന സ്റ്റോള്‍ബി നാഷണല്‍ പാര്‍ക്ക് യുനെസ്‌കോയുടെ പൈതൃക പട്ടികയിേേലക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നതാണ്. ട്രാന്‍സ് സൈബീരിയന്‍ ട്രെയ്ന്‍ യാത്രയുടെ ഒരു സവിശേഷത എന്തെന്നാല്‍ നിങ്ങള്‍ക്ക് തദ്ദേശീയരുമായി അടുത്തിടപഴുകുവാനും അവരുടെ ഗ്രാമീണ ജീവിതം ആസ്വദിക്കുവാനും വ്യത്യസ്ഥങ്ങളായ ഗ്രാമീണ ഭക്ഷണങ്ങള്‍ ആസ്വദിക്കുവാനും ധാരാളം അവസരങ്ങള്‍ ലഭിക്കും എന്നുള്ളതാണ്. ഇതിലൂടെ നിങ്ങളുടെ ആത്മാവിനും ശരീരത്തിനും ആനന്ദവും പുതിയൊരനുഭവവും ലഭിക്കും.

റഷ്യന്‍യാത്രയില്‍ മറക്കാതെ ഉപയോഗിക്കേണ്ട ഒന്നാണ് ബാന്യ എന്ന പരമ്പരാഗത റഷ്യന്‍ സ്പാ. മനസ്സിന് നവോന്‍മേഷവും ശരീരത്തിന് പുത്തന്‍ ഉണര്‍വ്വും നല്‍കുന്ന ഒന്നാണ് ബാന്യ. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. തടിയില്‍ തീര്‍ത്ത ഒരു ചെറിയ കുടിലിലാണ് ബാന്യ സ്പാ സ്ഥാപിച്ചിരിക്കുന്നത്. റഷ്യയില്‍ പോകുന്നവര്‍ ബാന്യ ഉപയോഗിക്കാതെ പോകരുത്.

അടുത്ത പ്രധാന പട്ടണം ഇര്‍കുട്‌സ്‌ക് ആണ്. ട്രാന്‍സ സൈബീരിയന്‍ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോപ്പാണ് ഇത്. ബയ്ക്കല്‍ തടാകത്തിനോട് ഏറ്റവും ചേര്‍ന്ന് കിടക്കുന്ന പട്ടണം കൂടിയാണ് ഇര്‍കുട്‌സ്‌ക്. 19ാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യ വിളിച്ചോതൂന്ന പല നിര്‍മ്മിതികളും ഇവിടെക്കാണാന്‍ സാധിക്കും. സ്വാദേറിയ സൈബിരിയന്‍ ഭക്ഷണങ്ങളും മികച്ച വൈനും ഇവിടുത്തെ പ്രത്യേകതയാണ്. വിവിധതരം റഷ്യന്‍ മത്സ്യവിഭവങ്ങളും ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും സൈബീരിയന്‍ നഗരങ്ങളിലേക്ക് പോകുന്തോറും തണുപ്പ് കൂടിക്കൂടി വരും. 12 ഡിഗ്രിയാണ് ഇവിടുത്തെ താപനില. അതായത് സാമാന്യം നല്ല തണുപ്പുണ്ടാകും. മൈനസ് 13 ഡിഗ്രി മുതല്‍ മൈനസ് 22 ഡിഗ്രി വരെയാണ് ശൈത്യകാലത്ത് ഇവിടുത്തെ താപനില.

ഈ യാത്രയില്‍ ഒരു പുലര്‍കാലത്തിലാണ് നാം ഉലന്‍-ഉദെയില്‍ എത്തുന്നത്. ബുദ്ധമതസ്ഥര്‍ ധാരാളം താമസിക്കുന്ന പ്രവശ്യയാണ്. ഇതുവരെ നാം കണ്ട റഷ്യയില്‍ നിന്നും വ്യത്യസ്ഥമായൊരു റഷ്യയാണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഭാഷയും ഭക്ഷണവും കാഴ്ചകളും എല്ലാം വളരെ വ്യത്യസ്തം. ഇവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ബൂദ്ധവിഹാരങ്ങളാണ്. റഷ്യയുടെയും ബുദ്ധമതത്തിന്റെയും പരമ്പരാഗത വാസ്തുവിദ്യയുടെ ഒരു സമ്മിശ്ര രൂപം ഇവിടെ നമുക്ക് കാണാന്‍ സാധിക്കും. ലെനിന്റെ ശിരസ്സിന്റെ ഒരു പ്രതിമ ഇവിടെ ഉണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നാണ് അത്.

ചില സമയങ്ങളില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക ഔദ്യോഗക സ്വീകരണം ലഭിക്കാറുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ പരമ്പരാഗഗത രീതിയിലുള്ള ഉച്ചഭക്ഷണവും ലഭിക്കാറുണ്ട്. മൈനസ് 18 ഡിഗ്രി മുതല്‍ മൈനസ് 28 ഡിഗ്രി വരെയാണ് ശൈത്യകാലത്ത് ഇവിടുത്തെ താപനില.

പസഫിക് സമുദ്രത്തിന്റെ തീരത്തു സ്ഥിതിചെയ്യുന്ന റഷ്യന്‍ പട്ടണമാണ് വ്‌ളാഡിവോസ്‌റ്റോക്ക്

അടുത്ത സ്റ്റേഷന്‍ ചിട്ടയാണ്, ചിട്ട-ഇന്‍ഗോഡ നദികളുടെ തീരത്തു സ്ഥിതിചെയ്യുന്ന പട്ടണമാണ് ചിട്ട. അവിടെ നിന്നും വീണ്ടും 2 ദിവസം യാത്രചെയ്യുമ്പോള്‍ നാം ഖബറോവ്‌സ്‌ക് എന്ന സ്ഥലത്തെത്തും. അമുര്‍ നദിയുടെ തീരത്താണ് ഖബറോവിസ്‌ക് പട്ടണം സ്ഥിതിചെയ്യുന്നത്. അവിടെ നിന്നും 10 മണിക്കൂല്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ നാം അവസാനത്തെ സ്‌റ്റോപ്പായ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തിച്ചേരും. നന്നേ പുലര്‍ച്ചയോടെയാണ് നാം വ്‌ളാഡിവോസ്‌റ്റോക്ക് റയില്‍വേസ്റ്റേഷനില്‍ എത്തുന്നത്.

പസഫിക് സമുദ്രത്തിന്റെ തീരത്തു സ്ഥിതിചെയ്യുന്ന റഷ്യന്‍ പട്ടണമാണ് വ്‌ളാഡിവോസ്‌റ്റോക്ക് .റഷ്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ എന്നാണ് വ്‌ളാഡിവോസ്‌റ്റോക്ക് അറിയപ്പെടുന്നത്. ട്രാന്‍സ് സൈബിരിയന്‍ യാത്രയിലെ ഏറ്റവും മനോഹരമായ സിറ്റിയാണ് ഈ പട്ടണം. മുനമ്പുകളും കുന്നുകളും ദ്വീപുകളും ചേര്‍ന്ന ഒരു മനോഹര നഗരമാണ് വ്‌ളാഡിവോസ്‌റ്റോക്ക്.

സാധാരണ ഇവിടുത്തെ താപനില 9 ഡിഗ്രി സെല്‍ഷ്യസ് ആണ്. തണുപ്പ് കാലത്ത് ഇവിടുത്തെ താപനില -7 മുതല്‍ -21 ഡിഗ്രി വരെയാണ്. വ്‌ളാഡിവോസ്‌റ്റോക്കില്‍ നിന്നും സൗത്ത് കൊറിയന്‍ തീരത്തേക്കും ജപ്പാന്‍ തീരത്തേക്കും ആഴ്ചയില്‍ ഒരിക്കല്‍ ഫെറി സര്‍വ്വീസ് ഉണ്ടായിരിക്കും. 21 മണിക്കൂറാണ് യാത്രാസമയം.

യൂറോപ്പിന്റെ കിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച യാത്ര ഏഷ്യയുടെ അതിര്‍ത്തിയിലാണ് അവസാനിക്കുന്നത്. ഏതൊരു സഞ്ചാരിയും നിര്‍ബ്ബന്ധമായും യാത്രചെയ്യേണ്ട ഒന്നാണ് ട്രാന്‍സ് സൈബീരിയന്‍ ട്രെയിന്‍ യാത്ര. കിഴക്കന്‍ യൂറോപ്പു മുതല്‍ കിഴക്കന്‍ ഏഷ്യവരെ നീണ്ടുകിടക്കുന്ന ഈ യാത്ര ഏതൊരു സഞ്ചാരിക്കും ഒരനുഭവമായിരിക്കും.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
33 %
Sad
Sad
33 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *