മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും
ബുള്ള്യന്‍ , അടിസ്ഥാന ലോഹങ്ങള്‍ എന്നിവയുടെ ഓഹരി സൂചിക കൈകാര്യം ചെയ്യുന്നതിന് മുംബൈ കേന്ദ്രമായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും.
ഇവയുടെ ഇടനില ലാഭവും മറ്റു വിശദാംശങ്ങളും പിന്നീടു തീരുമാനിക്കുമെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ബുള്ള്യന്‍ സൂചിക ഓഹരിയുടെ ആദ്യ കരാര്‍ ഓഗസ്റ്റിലും അടിസ്ഥാന ലോഹങ്ങളുടേത് ഒക്ടോബറിലുമായിരിക്കും അവസാനിക്കുക. ബുള്ള്യന്‍ സൂചികയില്‍ സ്വര്‍ണ്ണവും വെള്ളിയുമാണുണ്ടാവുക. ലോഹ സൂചികയില്‍ 5 അടിസ്ഥാന ലോഹങ്ങള്‍ ഉള്‍പ്പെടും. കരാറിനുള്ള ടിക്കറ്റ് സൈസ് ഒരു രൂപയാണ്.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഓഹരി സൂചികകള്‍ വ്യാപക പ്രചാരം നേടിയിട്ടുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ബുള്ള്യന്‍, ലോഹ സൂചികകള്‍ക്കു സാധ്യമാവുമെന്നും എംസിഎക്സ് പ്രതീക്ഷിക്കുന്നു.
ഊര്‍ജ്ജ, ലോഹ കരാറുകളില്‍ ഏറ്റവും ബൃഹത്താണ് എംസിഎക്സിന്റേത്. വിപണി ഓഹരിയുടെ 94 ശതമാനവും കൈകാര്യം ചെയ്യുന്ന വിവിധോല്‍പന്ന എക്സ്ചേഞ്ചായ എംസിഎക്സിലൂടെ 32,000 കോടി രൂപയുടെ പ്രതിദിന വില്പന നടക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉല്പന്ന എക്സ്ചേഞ്ചാണിത്.