ലോക്ക്ഡൗണ്‍ കാലത്തും കൃത്യമായ സമയത്ത് ശമ്പളവും അതിലുപരി ഇന്‍സെന്റീവും നല്‍കിയ രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ഫിജികാര്‍ട്ട്. ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ ഒരു തനത് ബിസിനസ് മാതൃക അവതരിപ്പിക്കാനായതാണ് ഇതിനെല്ലാം സഹായിച്ചതെന്ന് പറയുന്നു ഫിജികാര്‍ട്ട് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍
……………………………
കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകളെല്ലാം വഴിമുട്ടി നിന്നതാണ് നാം കണ്ടത്. എന്നാല്‍ മൂന്ന് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ഫിജികാര്‍ട്ടെന്ന കമ്പനി ഇതുവരെയില്ലാത്ത തരത്തിലുള്ള ബിസിനസ് നേടിയാണ് ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറിയത്.
പ്രമുഖ സംരംഭകരായ ബോബി ചെമ്മണ്ണൂരും ജോളി ആന്റണിയും അനീഷ് കെ ജോയും ചേര്‍ന്നാണ് ഫിജി കാര്‍ട്ടിന് ദുബായ് കേന്ദ്രമാക്കി തുടക്കമിട്ടത്. ആശയം അനീഷിന്റേതായിരുന്നു.
ഫിജികാര്‍ട്ടിനൊരു ‘യുണീക്‌നെസ്’ ഉണ്ട്. ഇ-കൊമേഴ്‌സ് ആന്‍ഡ് ഡയറക്റ്റ് സെല്ലിംഗ് പ്ലാറ്റ്‌ഫോമാണത്. ലോകത്തെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോം ഫിജികാര്‍ട്ടാണ്. മേല്‍പ്പറഞ്ഞ രണ്ട് ബിസിനസുകളും കൂടി ആദ്യം അവതരിപ്പിച്ചത് ഞങ്ങളാണ്-ഫിജികാര്‍ട്ടിന്റെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അനീഷ് കെ ജോയ് പറയുന്നു.
പ്രമുഖ സംരംഭകരായ ബോബി ചെമ്മണ്ണൂരും ജോളി ആന്റണിയുമാണ് ഫിജികാര്‍ട്ടിന്റെ മറ്റ് പ്രൊമോട്ടര്‍മാര്‍
ഞാനാണ് ഫിജികാര്‍ട്ട് എന്ന ആശയം വികസിപ്പിച്ചത്. കൊറോണ അരങ്ങ് വാഴുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിന് പ്രസക്തി ഏറുകയാണ്. വിതരണ ശൃംഖലയെ ഡിജിറ്റലി ഡെവലപ്പ് ചെയ്യുകയാണുണ്ടായത്. വിതരണക്കാരെ ഡിജിറ്റലി ക്രിയേറ്റ് ചെയ്തു. ഒല, യുബര്‍ എല്ലാം ചെയ്യുന്ന പോലെ. അവിടെ ഒരാള്‍ക്ക് ആപ്പ് റെഫര്‍ ചെയ്താല്‍ നിങ്ങളുടെ വാലറ്റില്‍ ചെറിയ പൈസ കിട്ടും. റഫറല്‍ ഇന്‍കം എന്ന് പറയാം. ആ പൈസ നാളെ വേറൊരു വണ്ടി റൈഡ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം.
റെഫര്‍ ചെയ്ത ആള്‍ ഒരു റൈഡ് ഉപയോഗിക്കുമ്പോള്‍ വാലറ്റില്‍ പൈസ കയറും. എന്നാല്‍ അവിടെ റൈഡ് മാത്രമേ ആ പൈസ ഉപയോഗിച്ച് ചെയ്യാന്‍ പറ്റൂ. അതല്ലാതെ മറ്റൊന്നിനും പറ്റില്ല. അതേ സംവിധാനം ഞങ്ങള്‍ ഡിജിറ്റലി ക്രിയേറ്റ് ചെയ്തു. അത് ക്യാഷ് ആയി മാറ്റി പിന്‍വലിക്കാന്‍ പറ്റുന്ന സംവിധാനം ഞങ്ങള്‍ കൊണ്ടുവന്നു. യുബറിന് റൈഡ് മാത്രമേയുള്ളൂ. ഞങ്ങള്‍ സകല സേവനങ്ങളും ഫിജികാര്‍ട്ട് പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നു. സര്‍വീസസ്, പ്രൊഡക്റ്റ് സെല്ലിംഗ് എല്ലാം ലഭ്യമാക്കി-അനീഷ് വിജയഗാഥയോട് വിശദീകരിക്കുന്നു.
ഒരു പേന വില്‍ക്കുമ്പോള്‍ മാനുഫാക്ച്ചറര്‍ക്ക് വരുന്ന ചെലവ് 2 രൂപയാണ്. അതാണ് 10 രൂപ എംആര്‍പിയുമായി വിപണിയിലെത്തുന്നത്. ബാക്കിയുള്ളത് റീട്ടെയ്‌ലര്‍ക്കും മറ്റുമായി പോകുന്നു. ഈ രണ്ട് രൂപയുടെ സാധനം ആറ് രൂപയ്ക്ക് കസ്റ്റമര്‍ക്ക് കൊടുക്കുന്ന രീതിയാണ് ഞങ്ങളുടേത്. അവിടുത്തെ ലാഭത്തിന്റെ 40 ശതമാനം ഈ പ്രക്രിയയുടെ ഭാഗമായുള്ള ടീമിന് വീതം വെച്ച് നല്‍കുകയും ചെയ്യുന്നു. അതാഴ്ച്ചയില്‍ രണ്ട് പ്രാവശ്യം ക്യാഷ് ആയി അവരുടെ എക്കൗണ്ടിലേക്ക് നല്‍കുമെന്നതാണ് പ്രത്യേകത-അനീഷ് വ്യക്തമാക്കി.
മനുഷ്യന് ആവശ്യമുള്ള സകല പ്രൊഡക്റ്റുകളും ഫിജികാര്‍ട്ടിലൂടെ ഇവര്‍ നല്‍കുന്നു. എല്ലാ ഉല്‍പ്പന്നങ്ങളുമുണ്ട്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തെല്ലാം കിട്ടുമോ അതെല്ലാം. ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ വേ ഓഫ് ഷോപ്പിംഗാണ് ഫിജിക്കാര്‍ട്ട്.
ഫിസിക്കലായി കാണിച്ചുകൊടുത്ത് ഡിജിറ്റലായി ഷോപ്പ് ചെയ്യാന്‍ അവസരമൊരുക്കുന്നു എന്നതാണ് പ്രത്യേകത. ഫിസിക്കലായി കാണാന്‍ ഞങ്ങളുടെ സ്റ്റോറുകളുണ്ട്. അവിടെ പോയി ഓര്‍ഡര്‍ കൊടുത്താല്‍ പ്രൊഡക്റ്റ് വീട്ടിലെത്തും. കേരളത്തില്‍ മാത്രം ഒന്നര ലക്ഷം വിതരണക്കാരുണ്ട്-അനീഷ് കൂട്ടിച്ചേര്‍ത്തു.
എംഎല്‍എം കമ്പനികളില്‍ നിന്ന് വ്യത്യസ്തമാണ് ഈ ആശയം. മാര്‍ക്കറ്റില്‍ കിട്ടുന്ന പ്രൊഡക്റ്റല്ല എംഎല്‍എം കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ ഫിജികാര്‍ട്ടില്‍ അങ്ങനെയല്ല, ഏത് പ്രൊഡക്റ്റും കിട്ടും. ഏതൊരാള്‍ക്കും ഡിസ്ട്രിബ്യൂട്ടറാകാനും അവസരമുണ്ട്. ഒരു മിനിമം കച്ചോടം ചെയ്തിട്ടുള്ള ആളാകണം അയാള്‍ എന്ന് മാത്രമേയുള്ളൂ.
ലോക്ക്ഡൗണ്‍ കാലത്തെ ബിസിനസ്
ലോക്ക്ഡൗണ്‍ എന്നത് മാനസികമായ മനോഭാവമാണെന്ന് അനീഷ് പറയുന്നു. ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ മനസില്‍ നിന്ന് ലോക്ക്ഡൗണിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം തന്നെ ചെയ്തത്. ഞങ്ങളൊരു കാംപെയ്ന്‍ തുടങ്ങി. ‘സ്പീക്ക് അപ്, വി ലിസന്‍’ എന്നതായിരുന്നു ഞങ്ങളുടെ കാംപെയ്ന്‍.
മറ്റൊരാളുടെ സംസാരം കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുന്നത് വലിയ മാറ്റമുണ്ടാക്കും. ഇന്ത്യയിലുള്ള മൂന്നര ലക്ഷത്തോളം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ട്രെയ്‌നിംഗ് കൊടുത്തു. ചുറ്റുമുള്ള ആള്‍ക്കാരെ കേള്‍ക്കാന്‍ ശ്രമിക്കുക എന്നാണ് അവരോട് പറഞ്ഞത്. ആ കാംപെയ്‌നിലൂടെ നെഗറ്റിവിറ്റി എടുത്തു കളഞ്ഞു.
ഇങ്ങോട്ട് സംസാരിക്കുന്ന ആളുകളെ മാത്രം കണ്ട ഉപഭോക്താക്കളില്‍ ഞങ്ങളുടെ രീതി വ്യത്യസ്തമായി തോന്നി. നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ ഞങ്ങളിലൂടെ വാങ്ങാം എന്ന അവസ്ഥയുണ്ടാക്കി.
22 ലക്ഷം രൂപ വരെ ഉണ്ടാക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരുണ്ട്. ഇതൊരു കൂട്ടായ ശ്രമമാണ്. ദീര്‍ഘവീക്ഷണത്തോടെയായിരുന്നു പ്രവര്‍ത്തനം. സ്റ്റോറുകളില്‍ ആവശ്യത്തിന് പ്രൊഡക്റ്റുകളുണ്ടായിരുന്നു. ലോജിസ്റ്റിക്‌സിലും കൊറോണ കാലത്ത് വീഴ്ച്ചയുണ്ടായില്ല.
ലോകം മുഴുവന്‍ സ്തംഭിച്ചുനിന്ന സമയത്ത് മനസും ശരീരവും തുറന്ന് മറ്റുള്ളവരെ കേള്‍ക്കാനും അതിലൂടെ പ്രൊഡക്റ്റ് സെല്‍ ചെയ്യാനും ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സാധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് വളരെ കൃത്യമായി സാലറിയും ഇന്‍സെന്റീവും ഒരു പോലെ നല്‍കിയ ചുരുക്കം ചില കമ്പനികളിലൊന്നാണ് ഫിജികാര്‍ട്ട്-അനീഷ് ആത്മവിശ്വാസത്തോടെ പറയുന്നു.
ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് രണ്ടര വര്‍ഷമായി. ദുബായ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ലോക്ക്ഡൗണ്‍ കാലത്ത് മികച്ച ബിസിനസുണ്ടായെന്നും കോവിഡിന് മുമ്പുള്ള വില്‍പ്പനയെക്കാള്‍ കോവിഡ് കാലത്തെ വില്‍പ്പന കൂടുകയാണുണ്ടായതെന്നും അനീഷ് സാക്ഷ്യപ്പെടുത്തുന്നു.
ബോബി ചെമ്മണ്ണൂരാണ് കമ്പനിയുടെ ചെയര്‍മാന്‍. നൂതനാത്മകമായ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അനീഷിന്റെ പാഷന്‍. അതിന്റെ ഭാഗമായാണ് ഫിജികാര്‍ട്ട് എന്ന ആശയവുമായി മുന്നോട്ടുവന്നതും അത് പിന്നീട് മികച്ചൊരു സംരംഭമായി മാറിയതും.