ബിസിനസിലും സമൂഹത്തിലും ഉടലെടുത്തിരിക്കുന്ന സമാനതളില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ ആദ്യം നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു. എല്ലാം സര്‍ക്കാര്‍ ചെയ്തുതന്നിട്ട് കാര്യങ്ങള്‍ ശരിയാക്കാമെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം
…………………………………..
കൊറോണയ്ക്ക് ശേഷമുള്ള ബിസിനസ് കാലത്തെ കുറിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. പല ബിസിനസുകളും തകര്‍ന്നടിഞ്ഞു. പലരും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതര സംസ്ഥാനതൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തിലെ പല മേഖലകളുടെയും നടുവൊടിച്ചു.
ഈ സാഹചര്യത്തില്‍ ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ എന്തെല്ലാം ചെയ്യാമെന്നതിനെ കുറിച്ചാണ് കോഴിക്കോട്ടെ ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു വിജയഗാഥയുമായി സംസാരിച്ചത്.
തൊഴിലാളികളില്ലെങ്കില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ. ഹോട്ടല്‍ മേഖലയെയും മറ്റ് മേഖലകളെയുമെല്ലാം നന്നായി ബാധിക്കും അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്. കോഴിക്കാട്ടെ ചെരുപ്പ് നിര്‍മാണ മേഖലയിലെല്ലാം അവരാണ് കൂടുതല്‍. 99 ശതമാനവും-ബാബു പറയുന്നു.
എന്നാല്‍ തന്റെ സംരംഭത്തെ സംബന്ധിച്ച് അത് വിഷയമല്ലെന്നും അദ്ദേഹം. എന്റെ മുഴുവന്‍ ജീവനക്കാരും ചുറ്റുപാടുള്ളവരാണ്. അവരെ ട്രെയ്ന്‍ ചെയ്തെടുത്താണ് ബിസിനസ് നടത്തേണ്ടത്-ബാബു ചൂണ്ടിക്കാട്ടുന്നു.
തിരിച്ചുവരവിന് ചെയ്യേണ്ടത്
തകര്‍ച്ചയുണ്ടെന്ന് പറഞ്ഞ് നെഗറ്റീവായി ഇരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നേയില്ല. കലാനുസൃതമായി ബിസിനസില്‍ മാറ്റം വരുത്തി മുന്നേറുക എന്നതാണ് ഓരോ സംരംഭകന്റെയും കടമ, അല്ലെങ്കില്‍ ഉത്തരവാദിത്തം.
ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞുകൊണ്ടേയിരിക്കയാണ്
സര്‍ക്കാര്‍ എല്ലാം ചെയ്തുതരണമെന്ന് പറയുന്നതിനോടും എനിക്ക് തീരെ യോജിപ്പില്ല. നമ്മുടെ വ്യവസ്ഥാപിതമായ നിയമസംഹിതയ്ക്കുള്ളില്‍ നിന്നുകൊണ്ട് സകല ജനങ്ങളുടെയും സുരക്ഷയ്ക്കും സമ്പദ് ഘടനയുടെ സംരക്ഷണത്തിനും ഉതകുന്ന തീരുമാനം സര്‍ക്കാരില്‍ നിന്ന് തീര്‍ച്ചയായും ഉണ്ടാകണം. എന്നാല്‍ ഞങ്ങക്കത് കിട്ടണം, ഇതുകിട്ടണം, ഇതു കിട്ടിയാലെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂവെന്ന് പറഞ്ഞ് ഇരിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല-അദ്ദേഹം നയം വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന കാലത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത ഭീകരാവസ്ഥയാണ് മുന്നിലുള്ളത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞുകൊണ്ടേയിരിക്കയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടിരുന്നത് ഗള്‍ഫ് മലയാളികളാണ്. അവിടുന്നുള്ള പണം വരുന്നത് കുറയുന്നതനുസരിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും.
റോഡുകളിലെ ആഡംബര വാഹനങ്ങളില്‍ മുതല്‍ മാളുകളിലെ റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ വരെ ഗള്‍ഫ് പണത്തിന്റെ പ്രതിഫലനമുണ്ട്. അതെല്ലാം തകര്‍ന്ന് തരിപ്പണമാകും.
ഇതിനെയെല്ലാം അതിജീവിക്കുന്ന തരത്തിലാകണം നമ്മള്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. കേരളത്തിന്റെ തനതായ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനം സ്വയം പര്യാപ്തമായ രീതിയില്‍ മാറുകയെന്നതാണ് പോംവഴി. കേരളത്തിന്റെ മനോഗതി മാറിയേ മതിയാകൂ.
സമ്പത്തുണ്ടാക്കുന്നവന്‍ മോശക്കാരനാണെന്ന ചിന്ത ഇനി പാടില്ല. സ്വന്തം കടമ നിറവേറ്റാതെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതില്‍ ഒരു കാര്യവുമില്ല.
ഉയര്‍ന്ന നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ മുന്നിട്ടിറങ്ങണം. കേരളീയ മനസാക്ഷിയെ മൊത്തത്തില്‍ മാറ്റാന്‍ പറ്റുന്ന ഒരു വ്യാവസായിക അന്തരീക്ഷം സമൂഹത്തിലുണ്ടാകേണ്ടത് അനിവാര്യമാണെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുക്കേണ്ടതുണ്ട്. അതിനായിരിക്കണം ശ്രമം നടത്തേണ്ടത്.
വര്‍ഡ് മെമ്പര്‍മാര്‍ വിചാരിച്ചാല്‍ പോലും വ്യവസായം പൂട്ടുമെന്ന അവസ്ഥ ഉണ്ടാകരുത്
ഞന്‍ 30 വര്‍ഷമായി ഈ മേഖലയിലുണ്ട്. ബ്യൂറോക്രാറ്റുകളുടെ മനോഭാവത്തില്‍ കുറേ മാറ്റം വന്നിട്ടുണ്ട്. സംരംഭകരുടെയും ജനങ്ങളുടെയും മനോഭാവത്തിലും മാറ്റം വന്നു. ഇന്ന് കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറഞ്ഞിട്ടുണ്ട്.
അതേസമയം എങ്ങനെ വ്യവസായത്തെ സഹായിക്കാന്‍ പറ്റും എന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട് ഉദ്യോഗസ്ഥര്‍ എന്നും അദ്ദേഹം. വര്‍ഡ് മെമ്പര്‍മാര്‍ വിചാരിച്ചാല്‍ പോലും വ്യവസായം പൂട്ടുമെന്ന അവസ്ഥ ഉണ്ടാകരുത്.
പുതിയ ബിസിനസ് അവസരങ്ങള്‍
എവിടെയും അവസരങ്ങളുണ്ട്. അത് നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. കേരളത്തിലെ തനതായ വിളകളില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കന്‍ പറ്റുന്ന രീതിയിലുള്ള വ്യവസായങ്ങള്‍ക്കെല്ലാം വലിയ സാധ്യതകളുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങള്‍ ചെയ്യാം. കേരളത്തിലെ കാലാവസ്ഥയും കുറഞ്ഞ സ്ഥലസൗകര്യവും കണക്കിലെടുതത് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പ്രോല്‍സാഹിപ്പിക്കാം. അങ്ങനെ നിരവധി സാധ്യതകള്‍ മുന്നിലുണ്ട്.
എല്ലാത്തിനെയും നെഗറ്റീവായി കാണേണ്ട കാര്യമില്ല.
കലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ ബിസിനസിലും വരുത്തുക. അവസരങ്ങളെ ശരിയായ രീതിയില്‍ വിനിയോഗിക്കുക. എല്ലാത്തിനെയും നെഗറ്റീവായി കാണേണ്ട കാര്യമില്ല. പോരായ്മകളുണ്ടെന്ന് മനസിലക്കി അതിനെ തരണം ചെയ്യുകയാണ് വേണ്ടത്. നമ്മുടെ മനോഭാവം കൃത്യമാണെങ്കില്‍ ബാക്കിയെല്ലാം ഉണ്ടാകും.
വിദ്യാഭ്യാസ സമ്പ്രദായം മാറണം
പ്രതിസന്ധി തരണം ചെയ്യാനുള്ള ചങ്കുറപ്പ് നമ്മുടെ ചെറുപ്പക്കാര്‍ക്ക് കുറഞ്ഞ് വരുകയാണ്. റിസ്‌കെടുക്കാന്‍ ആരും തയാറാകുന്നില്ല. റിസ്‌കാണ് പണം. പിന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഞാന്‍ അരീക്കോട് ഐടിഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനാണ്. അവിടെ നടക്കുന്ന മീറ്റിംഗുകളില്‍ ഒരു സ്‌കോര്‍പ്പിയോ വാങ്ങണമെന്ന ആവശ്യം വന്നു. ഞാന്‍ ചോദിച്ചു എന്തിനാണെന്ന്.
ഡീസല്‍ മെക്കാനിക്സ് പഠിപ്പിക്കണമെങ്കില്‍ വണ്ടി വേണമെന്നായിരുന്നു ഉത്തരം. എന്നാല്‍ ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കുമ്പോള്‍ നമ്മളിപ്പോഴും ഡീസല്‍ വാഹനങ്ങളെകുറിച്ചാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്-കാലാനുസൃതമായി മാറേണ്ടതിനെ കുറിച്ച് ബാബു വിശദമാക്കുന്നു.
ഡ്രൈവിംഗിന്റെ കാര്യത്തിലായാലും ശുചിത്വശീലത്തിന്റെ കാര്യത്തലായാലും സ്‌കൂള്‍ പ്രാഥമിക തലം മുതലേ എല്ലവര്‍ക്കും ബോധവല്‍ക്കരണം കൊടുക്കേണ്ടതുണ്ട്. തൊഴില്‍ ദാതാവാകാന്‍ വേണ്ടി പഠിക്കണമെന്നാണ് വിദ്യാഭ്യാസത്തിലൂടെ നമ്മള്‍ പറയേണ്ടത്.
ഒറിയോണ്‍ ബാറ്ററി
വില്‍പ്പനാനന്തര സേവനമാണ് ഒറിയോണിന്റെ പ്രത്യേകത
ബാറ്ററി നിര്‍മാണം വളരെ കുറവായ കേരളത്തില്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയാണ് ബാബു. 30ല്‍ താഴെ കമ്പനികളേ ഈ മേഖലയിലുണ്ടാകൂവെന്ന് അദ്ദേഹം പറയുന്നു. വില്‍പ്പനാനന്തര സേവനമാണ് ഒറിയോണിന്റെ പ്രത്യേകത. ആരും കൊടുക്കാത്ത ഗുണനിലവാരത്തില്‍ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്ത വിലക്കുറവില്‍ ഉല്‍പ്പന്നം ലഭ്യമാക്കുന്നു ഇവര്‍.
ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സോളാര്‍ വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ എല്ലാം ഒറിയോണ്‍ നല്‍കുന്നു. കേരളത്തിലെ ആദ്യത്തെ ബാറ്ററി കയറ്റുമതി സ്ഥാപനം കൂടിയാണ് ഇത്. മികച്ച സംരംഭകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് രണ്ട് തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും അടുത്തിടെ മീഡിയ വണ്ണിന്റെ ബിസിനസ് എക്സലന്‍സ് അവാര്‍ഡും എംപി ബാബുവിന് ലഭിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റകളിലും സ്‌കൂളുകളിലും സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നുണ്ട് അദ്ദേഹം. യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ പാങ്കാളികളാകാനും ഒറിയോണ്‍ കാര്യമായ ശ്രമം നടത്തുന്നുണ്ട്. സാധാരണ രീതിയില്‍ കേരളത്തിലെ സംരംഭകര്‍ അത്ര ശ്രദ്ധ നല്‍കാത്ത മേഖലയാണിത്.