കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ മേഖല തകര്‍ന്നിരിക്കയാണെന്നും സര്‍ക്കാരിന്റെ പിന്തുണ പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണെന്നും ഈ മേഖലയില്‍ രണ്ടരപതിറ്റാണ്ടിലധികം കാലം പ്രവൃത്തിപരിചയമുള്ള വനിതാ സംരംഭക കനക പ്രതാപ് വിജയഗാഥയോട് പറയുന്നു
…………………………………..
കൊറോണകാലം അതിരൂക്ഷമായ പ്രതിസന്ധിയാണ് ബിസിനസുകള്‍ക്ക് സമ്മാനിച്ചത്. ചെറുകിട ബിസിനസുകളെയും വന്‍കിട ബിസിനസുകളെയും എല്ലാം അത് ഒരുപോലെ ബാധിച്ചു. ബ്യൂട്ടി പാര്‍ലര്‍ മേഖലയിലും കോവിഡ് സൃഷ്ടിച്ച ആഘാതം ചെറുതല്ല.
ബ്യൂട്ടി പാര്‍ലര്‍ ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഈ രംഗത്ത് രണ്ടര പതിറ്റാണ്ടിലധികം കാലത്തെ പ്രവൃത്തിപരിചയമുള്ള സംരംഭക കനക പ്രതാപ് പറയുന്നു. തൊഴിലില്ലായ്മ കൂടി. പൊതുവേ മന്ദതയാണ് മേഖലയില്‍. തുറന്നത് തന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലല്ലേ. ജീവനക്കാരുടെ ശമ്പളം പോലും മര്യാദയ്ക്ക് കൊടുക്കാന്‍ ഈ മേഖലയിലെ മിക്ക സംരംഭകര്‍ക്കും സാധിക്കുന്നില്ല-കനക പ്രതാപ് വിജയഗാഥയോട് പറയുന്നു.
ഹെയര്‍കട്ടുകൊണ്ട് മാത്രം ഇപ്പോഴത്തെ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് പിന്തുണ പ്രതീക്ഷിക്കുന്നത്. നിരവധി ബ്യൂട്ടി ക്ലിനിക്കുകള്‍ വാടക പോലും കൊടുക്കാനാകതെ ബുദ്ധിമുട്ടുകയാണ്. പലിശയില്ലാത്ത മൊറട്ടോറിയം പോലുള്ള ആശ്വാസ നടപടികള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയാറാകണം-അവര്‍ പറയുന്നു.
ഈ മേഖലയില്‍ ഇപ്പോള്‍ പ്രൊഡക്റ്റ് ഡൈവേഴ്‌സിഫിക്കേഷനും സാധ്യമല്ലല്ലോ. വാടക കൊടുക്കാതിരിക്കാന്‍ പറ്റില്ല. രണ്ട് മൂന്ന് മാസത്തെ ഇളവ് നല്‍കുന്ന സംവിധാനം എങ്ങനെയെങ്കിലും ഉണ്ടാക്കിയാലും നല്ലതായിരുന്നു. ഒരു പക്ഷേ അതിന് സര്‍ക്കാരിന് പരിമിതികളുണ്ടായേക്കാം. കുറേ ബ്യൂട്ടി ക്ലിനിക്കുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. കുറേ പേര്‍ക്ക് ജോലി പോയി. ലക്ഷക്കണക്കിന് ആളുകള്‍ ബ്യൂട്ടി ഇന്‍ഡസ്ട്രിയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ജോലിയില്ലാതെയാകുമ്പോള്‍ കുടുംബത്തെ മൊത്തം ബാധിക്കും-കനക പ്രതാപ് പറയുന്നു.
തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കനക പ്രതാപിന് നാല് ബ്യൂട്ടി ക്ലിനിക്കുകളാണ് ഉള്ളത്. അതില്‍ ഒരെണ്ണം അടച്ചു. ജീവനക്കാരോട് ഒരു ദിവസം ഇടവിട്ട് ജോലിക്ക് വരാനാണ് പറഞ്ഞിരിക്കുന്നത്. അവര്‍ക്കും ജീവിക്കണ്ടേ…കഷ്ടപ്പാട് എല്ലാവര്‍ക്കുമുണ്ടല്ലോ-അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ മേഖലയിലേക്ക് കടന്നുവന്നിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞു. കുറേ പേര്‍ക്ക് ഞാന്‍ ജോലി നല്‍കിയിരുന്നു. ഹോസ്റ്റലിലുള്ളവര്‍ക്ക് ഞാന്‍ ഭക്ഷണത്തിനും കാശ് കൊടുക്കുന്നുണ്ട്. എല്ലാ വര്‍ക്കും അറിയുന്നവരോട് മാത്രമേ ദിവസും ജോലിക്ക് വരാന്‍ പറയാറുള്ളൂ.
അനേകം പേരെ ഈ മേഖലയില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന രീതിയില്‍ പരിശീലിപ്പിക്കാനും കനക പ്രതാപിന് സാധിച്ചിട്ടുണ്ട്
കനക പ്രതാപ് വീട്ടില്‍ തുടങ്ങിയ സംരംഭമാണ് പിന്നീട് വലുതായി വ്യാപിച്ചത്. തുടങ്ങിയ കാലത്ത് വളരെ കുറച്ച് ബ്യൂട്ടി ക്ലിനിക്കുകളേ അവിടുണ്ടായിരുന്നുള്ളൂ. മികച്ച പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്ന് ലഭിച്ചത്. അങ്ങനെയാണ് ടൗണിലേക്ക് മാറിയത്. തുടര്‍ന്ന് കൂടുതല്‍ കോഴ്‌സുകള്‍ ബ്യൂട്ടി കെയര്‍ മേഖലയുമായി ബന്ധപ്പെട്ട് പഠിച്ചു. അതില്‍ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അഫ്‌ലിയേഷനുള്ള കോഴ്‌സാണ് പഠിച്ചത്.
1991-ലാണ് കനക പ്രതാപ് സംരംഭം തുടങ്ങിയത്. ഇപ്പോള്‍ മേഖലയിലെ പലരും തന്നോട് വിഷമം പറയാറുണ്ടെന്ന് കനക പ്രതാപ് പറയുന്നു. ഒന്നോ രണ്ടോ സ്റ്റാഫില്ലാതെ ചെറിയ പാര്‍ലറുകള്‍ക്കുപോലും മുന്നോട്ട് പോകാനാകില്ല. എന്നാല്‍ തുറന്നാല്‍ അവര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കുകയുമില്ല.
പ്രൊഫഷണല്‍ രീതിയിലാണ് ഇവരുടെ ബ്യൂട്ടി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഷഹ്നാസ് ഹുസൈന്റെ ഫ്രാഞ്ചൈസിയാണ്.
അനേകം പേരെ ഈ മേഖലയില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന രീതിയില്‍ പരിശീലിപ്പിക്കാനും കനക പ്രതാപിന് സാധിച്ചിട്ടുണ്ട്. ശരിക്കും കഷ്ടപ്പെട്ടാണ് ഈ മേഖലയില്‍ വളര്‍ന്നുവന്നതെന്ന് അവര്‍ പറയുന്നു. ഉറങ്ങാന്‍ പോലും പണ്ട് സമയമുണ്ടായിരുന്നില്ല. അത്രയ്ക്ക് വര്‍ക്കുണ്ടായിരുന്നു.
പ്രൊഫഷണല്‍ രീതിയിലാണ് ഇവരുടെ ബ്യൂട്ടി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഷഹ്നാസ് ഹുസൈന്റെ ഫ്രാഞ്ചൈസിയാണ്. എല്ലാ ക്രീമുകളും ഒറിജിനലായേ ഉപയോഗിക്കുകയുള്ളൂ. ഉപഭോക്താക്കള്‍ക്കും ആ ഫീല്‍ ഉണ്ടെന്ന് കനക പറയുന്നു. ജനങ്ങള്‍ക്കിടയില്‍ മികച്ച ബ്രാന്‍ഡ് ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചതാണ് വിജയത്തിന് ആധാരമെന്നും കനക പ്രതാപ്.
ഫെയ്‌സ്പാക്ക്, താളി, സ്‌ക്രബ്, ഹെയര്‍ ഓയില്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമാന്തരമായ വരുമാനത്തിന് വൈവിധ്യവല്‍ക്കരിച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി കനക പ്രതാപ് പറയുന്നു.
അംഗീകാരങ്ങള്‍ നിരവധി
നിലവില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 18ഡി ജോയിന്റ് കാബിനറ്റ് സെക്രട്ടറിയാണ് കനക പ്രതാപ്. സിറ്റി സെന്റര്‍ ഷോപ്പ് ഓണര്‍ അസോസിയേഷന്‍ പ്രസിഡന്റും ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ വിഭാഗം വൈസ് പ്രസിഡന്റുമാണ്.
പ്രവര്‍ത്തനമികവിന്റെ ഫലമായി നിരവധി പുരസ്‌കാരങ്ങളും ഡോ. കനക പ്രതാപനെ തേടിയെത്തിയിട്ടുണ്ട്. നാഷണല്‍ മഹിളാരത്‌ന അവാര്‍ഡ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ്, വനിതാ ലോക പുരസ്‌കാരം, മികച്ച വനിതാ സംരംഭകയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍…എന്നിങ്ങനെ പട്ടിക നീളുന്നു.