ഇന്നും ബേക്കിംഗ് അഭിനിവേശമായി കരുതുന്ന സംരംഭകനാണ് കൊച്ചിന്‍ ബേക്കറിയുടെ സാരഥി എം പി രമേശ്. 1930കളില്‍ തുടങ്ങിയ ഒരു ബിസിനസ് വിജയഗാഥയുടെ ഇന്നത്തെ പതാകവാഹകനായ അദ്ദേഹത്തിന് അവകാശപ്പെടാനുള്ളത് ബേക്കിംഗ് രംഗത്തെ സമാനതകളില്ലാത്ത പാരമ്പര്യമാണ്. ഓരോ വര്‍ഷവും ഒരു നിര്‍ധന യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുന്നതുള്‍പ്പടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങളിലും സക്രിയമാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ സംരംഭകന്‍
……………………………….
1939ലാണ് കൊച്ചിന്‍ ബേക്കറിയുടെ ലളിതമായ തുടക്കം. നാല് സഹോദരങ്ങള്‍, എം പി കരുണാകരന്‍, എം അച്ചുതന്‍, എം പി കുമാരന്‍, എം പി ബാലകൃഷ്ണന്‍ എന്നിവരായിരുന്നു രുചി തേടിയുള്ള യാത്രയുടെ തുടക്കക്കാര്‍. ഇതില്‍ അച്ചുതന്റെ മാന്ത്രിക വിരലുകളാണ് ഈ സംരംഭത്തിന്റെ തലവര മാറ്റിയത്. കൊച്ചിയിലെത്തുന്ന വിദേശികളും സ്വദേശികളുമെല്ലാം കൊച്ചിന്‍ ബേക്കറിയുടെ രുചിവൈവിധ്യത്തില്‍ വശീകരിക്കപ്പെട്ടുവെന്ന് തന്നെ പറയാം. ബേക്കിംഗ് വിഭവങ്ങളുടെ ഗുണനിലവാരത്തിലും വൃത്തിയിലുമൊന്നും യാതൊരുവിധ വിട്ടുവീഴ്ച്ചയും കാണിക്കാത്ത കണിശക്കാരനായിരുന്നു അച്ചുതന്‍. അതിനാല്‍ തന്നെ ബേക്കറി വളര്‍ന്നു, അതിവേഗം.
കൊച്ചി രാജകുടുംബത്തിലെ വ്യക്തികളും മറ്റ് പ്രമുഖരുമെല്ലാം കൊച്ചിന്‍ ബേക്കറിയുടെ രുചിയറിഞ്ഞ് ഉപഭോക്താക്കളായി. എന്തിന്, ലോര്‍ഡ് വേവെല്ലും ലോര്‍ഡ് മൗണ്ട്ബാറ്റണും വരെ ഇവരുടെ വിഭവങ്ങളുടെ രുചി നുണഞ്ഞവരാണെന്നത് ചരിത്രം.
അച്ചുതന്റെ മാസ്റ്റര്‍ പീസുകളായിരുന്നു സീബീസ് ജാപ്പനീസ് കേക്കും ബട്ടര്‍ ബീന്‍സും ടീ റസ്‌ക്കുമെല്ലാം. ഇതെല്ലാം പിന്നീട് മറ്റ് ബേക്കറികള്‍ പകര്‍ത്തിയെന്നത് മറ്റൊരു സത്യം.
പുതിയ കാലത്തെ സംരംഭകന്‍
എം പി അച്ചുതന്റെ മകന്‍ എം പി രമേശനിലൂടെയാണ് പുതിയ കാലത്ത് കൊച്ചിന്‍ ബേക്കറി വിജയങ്ങളുടെ വഴിവെട്ടിത്തുറന്നത്. തന്റെ അച്ഛന്റെ 75ാം പിറന്നാളിനായിരുന്നു കോഴിക്കോട്ടെ സിഎസ്‌ഐ ബില്‍ഡിംഗില്‍ രമേശന്‍ ആദ്യ ഷോപ്പ് തുറന്നത്. പിന്നെ റെയ്ല്‍വേ സ്റ്റേഷനടുത്തുള്ള ലിങ്ക് റോഡിലും നടക്കാവ് വണ്ടിപ്പേട്ടയിലുമായി രണ്ട് ഷോപ്പുകള്‍ കൂടി തുറന്നു.
ജനങ്ങളുടെ മികച്ച പ്രിതകരണം കൊച്ചിന്‍ ബേക്കറിയെ അതിര്‍ത്തി കടന്ന് കര്‍ണാടകയിലേക്കും വികസിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് മാംഗ്ലൂരിലെ പാരഡിം പ്ലാസയില്‍ ഔട്ട്‌ലെറ്റ് തുറന്നത്. പിന്നീട് സീബീസ് ടവറിന്റെ സ്വന്തം കെട്ടിടത്തിലും അവിടെ ഔട്ട് ലെറ്റ് തുറന്നു. കാസര്‍ഗോഡും ഉടന്‍ തന്നെ മറ്റൊരു ഔട്ട്‌ലെറ്റ്. തുടര്‍ന്നങ്ങോട്ട് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കാണ് രമേശന്റെ നേതൃത്വത്തില്‍ കൊച്ചിന്‍ ബേക്കറി കുതിച്ചത്.
അദ്ദേഹത്തിന്റെ കഠിന പ്രയത്‌നത്തിലാണ് കേരളത്തിനകത്തും പുറത്തും ബേക്കറി ശൃംഖലകള്‍ തുറന്ന് കൊച്ചിന്‍ ബേക്കറി മുന്നേറിയത്. ഇതിന് വിശ്വസ്തതയുള്ള ജീവനക്കാരുടെ പിന്തുണയും നിര്‍ണായകമായതായി അദ്ദേഹം പറയുന്നു.
ബേക്കിംഗ് അഭിനിവേശം
എത്ര ബേക്കറി സംരംഭകര്‍ ഇപ്പോഴും സ്വന്തമായി ബേക്കിംഗ് നടത്തുന്നുണ്ടെന്നത് കാതലായ ചോദ്യമാണ്. എന്നാല്‍ രമേശന്‍ പുതിയ കേക്കുകളും മറ്റ് ബേക്കിംഗ് ഉല്‍പ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ ഇപ്പോഴും പ്രത്യേക ശ്രദ്ധ വെക്കുന്നു. ഗീ കേക്കും നട്ടി ബോണാന്‍സയും ഗോള്‍ഡന്‍ കേക്കുമെല്ലാം അതില്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ശ്രീലങ്കയിലെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി സ്റ്റാർ ഓഫ് ഏഷ്യ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ബേക്കിംഗ്, കൻഫെക്ഷണറി രംഗളിൽ ഈ സംരംഭകൻ നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി ആയിരുന്നു അത്. രമേശ് നിർമിച്ച പ്രശസ്തമായ ഗീ കേക്ക് ആയിരുന്നു ഈ പുരസ്കാരം നൽകാൻ ശ്രീലങ്കൻ യൂണിവേഴ്സിറ്റിയെ പ്രേരിപ്പിച്ചത്.
അച്ഛനെ പോലെ തന്നെ ഗുണനിലവാരത്തില്‍ മകനും നോ കോംപ്രമൈസ് മനോഭാവമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലുള്ളതും പുതിയതുമായ ചേരുവകളാണ് ബേക്കിംഗിനായി അദ്ദേഹം ഉപയോഗിക്കുന്നത്. പ്രൊഡക്ഷന്‍, പാക്കേജിംഗ്, ഡെലിവറി തുടങ്ങി ബേക്കിംഗിന്റെ ഓരോ ഘട്ടത്തിലും ക്വാളിറ്റിയില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ തന്നെ ചെലുത്തുന്നു.
റോട്ടറി ക്ലബ്ബില്‍ സജീവമായ രമേശന്‍ ശ്രീ നീരായണ എജുക്കേഷന്‍ സൊസൈറ്റിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് ബേക്ക് അസോസിയേഷന്‍ പ്രസിഡന്റ്, കേരള ബേക്ക് അസോസിയേഷന്‍ പേട്രണ്‍, ദേശബോഷിനി ലൈബ്രററി പേട്രണ്‍, വൈഎംസിഎ ലൈഫ്‌ലോംഗ് മെംബര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളും അലങ്കരിക്കുന്നു രമേശന്‍. ആര്‍ഇസി ഉള്‍പ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് എടുക്കാന്‍ വരെ എം പി രമേശനെ ക്ഷണിക്കാറുണ്ട്.
കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. ഓരോ വര്‍ഷവും ഒരു നിര്‍ധന യുവതിയുടെ വിവാഹം എല്ലാ ചെലവുകളും സഹിതം നടത്തിക്കൊടുക്കുന്നത് പതിവാണ്. കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ വച്ചാണ് അത് നടത്താറുള്ളത്. ഇരുപത്തിനാലോളം ബിസിനസ്-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിക്കുന്നുമുണ്ട് എം പി രമേശന്‍.
കാര്യങ്ങള്‍ ശരിയായി വരാന്‍ സമയമെടുക്കും
കൊറോണ സൃഷ്ടിച്ച ആഘാതം കാരണം ജനങ്ങളുടെ കൈയില്‍ പൈസയില്ലാത്ത അവസ്ഥയാണെന്ന് രമേശന്‍ പറയുന്നു. ബിസിനസ് നടക്കാത്ത അവസ്ഥയാണ്. ഈ രീതി മുന്നോട്ടുപോയാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. കൊറോണ പൂര്‍ണമായും ഇല്ലാതായാലേ രക്ഷയുള്ളൂ. എങ്കിലേ കാര്യങ്ങള്‍ ശരിയായി വരൂ. ഒരു വര്‍ഷത്തിലധികമെങ്കിലും സമയമെടുക്കും-അദ്ദേഹം പറയുന്നു.
അടുത്തുള്ള ജനങ്ങളുമായി ഇടപെഴകാനും സംസാരിക്കാനുമെല്ലാം മടിക്കുന്ന ശീലത്തിലേക്ക് ജനങ്ങള്‍ വന്നു കഴിഞ്ഞു. ഇനി കൊറോണ മാറിക്കഴിഞ്ഞ് ആ ശീലങ്ങളെല്ലാം ജനങ്ങളും ഉപേക്ഷിക്കണം. എന്നിട്ടെല്ലാമേ കാര്യങ്ങള്‍ സുഗമമായി വരൂ.
വാടക കുറയണം, ഇലക്ട്രിസിറ്റി ചാര്‍ജ് കുറയണം, ശമ്പളം കുറയണം…ഇതൊക്കെ യാഥാര്‍ത്ഥ്യമായാലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിസിനസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറയുന്നു. ഇലക്ട്രിസിറ്റി ചാര്‍ജ് കുറയ്ക്കാന്‍ സൗരോര്‍ജ്ജം പോലെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. വാടക കുറയ്ക്കാന്‍ സര്‍ക്കാരാണ് ഇടപെടല്‍ നടത്തേണ്ടത്.
അംഗീകാരങ്ങള്‍ നിരവധി
56 കൊല്ലം ഈ രംഗത്ത് അനുഭവപരിചയമുള്ള വ്യക്തിയാണ് എം പി രമേശന്‍. 1939ലാണ് എറണാകുളത്ത് കൊച്ചിന്‍ ബേക്കറി തുടങ്ങുന്നത്. വൈക്കം മുഹമ്മദ് ബഷീറിന് ആദ്യമായിട്ട് ഇരുന്ന് കച്ചോടം ചെയ്യാന്‍ സ്‌പെയ്‌സ് കൊടുത്തത് കൊച്ചിന്‍ ബേക്കറിയാണെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട്, കാസര്‍ഗോഡ്, മംഗലാപുരം, എറണാകുളം എന്നിവിടങ്ങളില്‍ സജീവമാണ് കൊച്ചിന്‍ ബേക്കറി.
ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ നിരവധി തവണ ഇടം നേടിയിട്ടുണ്ട് കൊച്ചിന്‍ ബേക്കറി. നീളം കൂടിയ കേക്കിനും ഏറ്റവും നീളം കൂടിയ പിസയ്ക്കും ഉള്‍പ്പടെ നിരവധി റെക്കോഡുകളും കൊച്ചിന്‍ ബേക്കറിക്കുണ്ട്. ഏകദേശം എട്ട് ലോകറെക്കോഡുകളും കൊച്ചിന്‍ ബേക്കറിയുടെ പേരിലുണ്ട്. ഏറ്റവും വലിയ ചട്ടിപ്പത്തിരിയും ഇറച്ചിപത്തിരിയും ഉന്നക്കായുമെല്ലാം ഉണ്ടാക്കിയതും ഇവരാണ്. ഉള്ളില്‍ ഇറച്ചികിട്ടുന്ന കേക്ക് വരെയുണ്ട് ഇവരുടെ വിഭവങ്ങളില്‍.
ശ്രീലങ്കയിലെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി സ്റ്റാർ ഓഫ് ഏഷ്യ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ബേക്കിംഗ്, കൻഫെക്ഷണറി രംഗളിൽ ഈ സംരംഭകൻ നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി ആയിരുന്നു അത്. രമേശ് നിർമിച്ച പ്രശസ്തമായ ഗീ കേക്ക് ആയിരുന്നു ഈ പുരസ്കാരം നൽകാൻ ശ്രീലങ്കൻ യൂണിവേഴ്സിറ്റിയെ പ്രേരിപ്പിച്ചത്.