നജീബ് ഒ.കെ., മാനേജിങ്ങ് ഡയറക്ടര്‍, മൊണാര്‍ക് സൈന്‍പ്ലാസ്റ്റ്, കൊച്ചി
കെട്ടിടങ്ങള്‍ക്കുള്ളിലും പുറമെയും കലാവിരുതിന്റെയും വര്‍ണ്ണങ്ങളുടെയും ശില്‍പ്പചാതുര്യത്തിന്റെയുമൊക്കെ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് മൊണാര്‍ക് സൈന്‍പ്ലാസ്റ്റിന്റെ സാരഥി ഒ.കെ. നജീബ്. അറേബ്യന്‍ നാടുകളില്‍ കൊട്ടാരങ്ങളുടെയും ആഢംബര മാളികകളുടെയും സൗന്ദര്യത്തിന് മോടികൂട്ടുന്ന ജോലി ചെയ്തിരുന്ന ഇദ്ദേഹം താമസിയാതെ അന്നാട്ടില്‍ സംരംഭത്തിന്റെ വിജയക്കൊടി പാറിക്കുകയും ചെയ്തു. അധികം ആരും കടന്നുചെല്ലാത്ത മേഖലയില്‍ പ്രവര്‍ച്ചിരുന്ന ഈ നിലമ്പൂര്‍ സ്വദേശി താമസിയാതെ തന്റെ പ്രവര്‍ത്തനമേഖല കൊച്ചിയിലേക്ക് പറിച്ചു നട്ടുകൊണ്ട് മുന്നേറുകയാണ്. ബിസ്സിനസ്സില്‍ താന്‍ പഠിച്ച പാഠങ്ങളേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുന്നു.
ഏതൊരു വ്യക്തിയും സംരംഭകത്വത്തിേേലക്ക് ഇറങ്ങുമ്പോള്‍ വ്യക്തമായ അനുഭവ സമ്പത്തുള്ള മേഖല മാത്രം തെരഞ്ഞെടുക്കണമെന്നാണ് നജീബ് അഭിപ്രായപ്പെടുന്നത്. അധികം മത്സരമില്ലാത്ത മേഖലയാണെങ്കില്‍ അത്യുത്തമം. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാതെ തങ്ങളുടെ കലാവിരുത് മുഴുവന്‍ പ്രദര്‍ശിപ്പിക്കുവാനുള്ള മേഖലതന്നെ തനിക്ക് ലഭിച്ചതില്‍ അത്യധികം സന്തോഷവാനമാണ് ഇദ്ദേഹം. സംരംഭകത്വത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ശക്തമായ അടിത്തറയിട്ട് വ്യക്തമായ പദ്ധതിയില്‍ പടുത്തുയര്‍ത്തിയതായിരിക്കണം ഓരോ സംരംഭവും.
ഉപഭോക്താവിനെ പൂര്‍ണ്ണമായും സംതൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ഓരോ പ്രസ്ഥാനവും നല്ല രീതിയില്‍ വളര്‍ന്നുവരിയകയുള്ളൂ. സംതൃപ്തനായ ഉപഭോക്താവായിരിക്കും സത്യത്തില്‍ നിങ്ങളുടെ ബ്രാന്റ് അംബാസിഡര്‍മാര്‍. ഒരു സ്ഥാപനത്തിന് അങ്ങനെ ലഭിക്കുന്ന വളര്‍ച്ച ആര്‍ക്കും ഇല്ലാതാക്കാന്‍ സാധിക്കുകയില്ല നജീബ് വിശദമാക്കുന്നു.
ഓരോ ബിസിനസ്സിലും സമയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് കൃത്യസമയത്ത് തീര്‍ക്കുന്ന പ്രോജക്ടുകള്‍ മാര്‍ക്കറ്റില്‍ ആ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്തുക തന്നെ ചെയ്യും. സമയ ബന്ധിതമായി തീര്‍ക്കാത്ത പ്രോജക്ടുകള്‍ സ്ഥാപനത്തിന്റെ നിലവാരം നഷ്ടപ്പെടുത്തുകയും അതിലൂടെ തങ്ങളുടെ എതിരാളികള്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കയും ചെയ്യും.
അവരവരുടെ മേഖലയേക്കുറിച്ചുള്ള ഗഹനമായ പഠനം, ആനുകാലിക മാറ്റങ്ങളേക്കുറിച്ചുള്ള അറിവ്, സൂക്ഷമമായ സാങ്കേതിക പരിജ്ഞാനം ഏന്നിവ ഓരോ സംരംഭകനും ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. വ്യക്തമായ പഠനങ്ങളും സാങ്കേതിക തികവും ഓരോ പ്രോജക്ടിലും സ്ഥാപനത്തിന് ഇന്നത്തെ മത്‌സരം നിറഞ്ഞ മാര്‍ക്കറ്റില്‍ മുന്‍തൂക്കം നേടിയെടുക്കാന്‍ സഹായിക്കും.
വ്യത്യസ്ഥ രാജ്യങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയുമുള്ള യാത്രകളാണ് ഓരോ സംരംഭകനും പുതിയ അറിവും പുതിയ കാഴ്്ചപ്പാടും നല്‍കുന്നത്. മൊണാര്‍ക്കിനെ സംബന്ധിച്ച് എന്റെ വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍ വളരെയേറെ പ്രയോജന പ്രദമായിരുന്നു. ഏകദേശം 16ാഓളം രാജ്യങ്ങളിലൂടെ നടത്തിയ യാത്രകള്‍ ഓരോ പുതിയ പ്രോജക്ടുകളിലും വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്, നജീബ് കൂട്ടിച്ചേര്‍ത്തു.
നിപുണരായ തൊഴിലാളികളുള്ള ഒരു സംഘത്തെ സൃഷ്ടിക്കുവാന്‍ സാധിച്ചാല്‍ ഏതൊരു സംരംഭകനും വിജയം സുനിശ്ചിതമാണ്. പ്രത്യേകിച്ച് മൊണാര്‍ക്കിന്റേതുപോലെ ക്രിയാത്മകമായ ജോലികളിലാകുമ്പോള്‍ നൂറ് ശതമാനവും തൊഴില്‍ വൈദഗ്ദ്യം അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ സംരംഭകന്‍ ഏതൊരു സാഹചര്യത്തിലും സ്ഥാപനത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള ആളായിരിക്കണം. ഒരു തൊഴില്‍ ദാതാവായിട്ടല്ല ഒരു നേതാവായി വേണം സംരംഭകന്‍ എന്നും വളരാന്‍. മാത്രമല്ല ഈ സംഘത്തെ ഓരോ പ്രതിസന്ധിയിലും പ്രചോദിപ്പിച്ച് അവരുടെ ആത്മവീര്യം നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകുവനും സംരംഭകന് കഴിയണം.
2010ല്‍ കൊച്ചിയില്‍ ഇടപ്പള്ളില്‍ ആരംഭിച്ച ഈ സ്ഥാപനം ദേവാലയങ്ങള്‍, ആഢംബര വില്ലകള്‍, ഷോപ്പിങ്ങ് മാളുകള്‍ തുടങ്ങിയവയുടെ ഇന്റീരിയര്‍ ജോലികളാണ് ചെയ്യുന്നത്. കൂടാതെ ഭിത്തികളിലും തൂണുകളിലും കലാപരമായ ടെക്ചര്‍ വര്‍ക്കുകളും ചെയ്യുന്നു. കൂടാതെ സ്വന്തമായി ഒരു പെയ്ന്റ് മാനുഫാക്ചറിങ്ങ് യൂണിറ്റും മൊണാര്‍ക്കിന് സ്വന്തമായുണ്ട്. ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനാമാണ് മൊണാര്‍ക്കിനെ ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമാക്കി മാറ്റുന്നതെന്ന് നജീബ് പറയുന്നു. ഇന്ന് കേരളത്തില്‍ ഏതൊരു പുതിയ ദേവാലയങ്ങളും ആഢംബര വില്ലകളും നിര്‍മ്മിക്കുന്നവര്‍ തങ്ങളുടെ പ്രഥമ പരിഗണന നല്‍കുന്നത് മൊണാര്‍ക്കിനാണ്.