ജോസ് ഉക്കുറു, മാനേജീങ്ങ് ഡയറക്ടര്‍, പി.വി. ഉക്കുറു ആന്റ് സണ്‍സ്, കോയമ്പത്തൂര്‍, കൊച്ചി
ഇരൂമ്പ്-ഉരുക്കുവ്യവസായത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം സൗത്ത് ഇന്‍ഡ്യയില്‍ നിറസാന്നിദ്ധ്യമാണ് പി.വി. ഉക്കുറു & സണ്‍സിന്റെ സാരഥി ജോസ് ഉക്കുറു. തന്റെ 46 വര്‍ഷത്തെ ബിസിനസ് ജീവിതത്തില്‍ നിന്നും താന്‍ നേടിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
ബിസിനസ്സില്‍ ഗുണനിലവാരത്തിനും വിലയ്ക്കും വലിയ പ്രാധാന്യമാണെന്ന് സംരംഭകര്‍ മനസ്സിലാക്കണം. ഉപഭോക്താക്കള്‍ പലതരത്തിലുള്ളവരാണ്. ചിലര്‍ ഗുണനിലവാരത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്. ചിലര്‍ കുറഞ്ഞവില മാത്രം നോക്കിവരുന്നവരാണ്. അതായത് കസ്റ്റമറുടെ ആവശ്യമനുസരിച്ച് ഇടപെടാന്‍ ശ്രമിക്കണം. ജോസ് ഉക്കുറു പറയുന്നു.
മത്സരം ധാരാളമുള്ള മേഖലയാണ് ബിസിനസ്. അതുകൊണ്ട് വളരെ പക്വതയോടുകൂടിവേണം ബിസിനസിനെ സമീപിക്കാന്‍. മത്സരത്തിന്റെ ഭാഗമായി നമ്മുടെ അതേ മേഖലയിലുള്ളവര്‍ വിലകുറച്ച് വില്‍ക്കുമ്പോള്‍ ബുദ്ധിപൂര്‍വ്വം അതിനെ സമീപിക്കുകയും, ഭാവി മുന്നില്‍കണ്ട് സംയമനത്തോടുകൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍. “Be fearful when others are greedy & to be greedy only when others are fearful” എന്ന ലോകപ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബുഫറ്റിന്റെ വാക്കുകള്‍ ഓര്‍ത്തിരിക്കണം, ഓരോ സംറംകനും ജോസ് പറയുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കണം. കസ്റ്റമേഴ്‌സുമായും, തൊഴിലാളികളുമായും പണമിടപാടുകളില്‍ കൃത്യതയും സുതാര്യതയും കാത്തു സൂക്ഷിക്കണം. ജോസ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഇടപാടുകളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല അംഗീകാരം കിട്ടുകയില്ല.
മാനേജ്‌മെന്റും തൊഴിലാളികളുമായി നല്ല ബന്ധം നിലനിര്‍ത്തണം. തൊഴിലാളികളുടെ കുറവുകള്‍ മാത്രം ഉയര്‍ത്തണ്ടിക്കാണിക്കുകയും അവരുടെ വേതനം തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന ചിലസ്ഥാപനങ്ങള്‍ നമ്മുടെ മുമ്പില്‍ ധാരാളമുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ച ലഭിക്കുകയില്ല. നാം തൊഴിലാളികളുടെ കഴിവിനെ അംഗീകരിക്കണം. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അവരുടെ അഭിപ്രായങ്ങള്‍ ആരായുക, കഴിവിനനുസരിച്ച് അവര്‍ക്ക് സ്ഥാനക്കയറ്റങ്ങള്‍ നല്‍കുക തുടങ്ങി അനേകം കാര്യങ്ങള്‍ സംരഭകന്‍ ശ്രദ്ധിക്കണം.
സംരഭകന്‍ നല്ല പബ്ലിക് റിലേഷന്‍ ഉള്ള ആളായിരിക്കണം. കേരളം പോലൊരു സംസ്ഥാനത്ത് ബിസിനസ് കൂടാതെ സാംസ്‌കാരികവും സാമൂഹികവുമായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കണം. അതിലൂടെ ലഭിക്കുന്ന ബന്ധങ്ങള്‍ ബിസിനസ്സില്‍ ഉപകാരപ്രദമായി ഭവിക്കും.
സംരഭകന്‍ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തന്റെ ബിസിനസ് നിലനില്‍ക്കുന്ന ഈ സമൂഹത്തോട് പ്രതിബദ്ധത പ്രകടിപ്പിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. സംരംഭകന്‍ പ്രകൃതിയേയും പരിസ്ഥിതിയേയും ദ്രോഹിക്കാതിരിക്കണം. പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഭൂമിയില്‍ നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കണം.
പിതാവ് പി.വി.ഉക്കുറുവിന്റെ പാത തുടര്‍ന്ന് 1970കളില്‍ പൂര്‍ണ്ണമായും സ്റ്റീല്‍ ബിസിനസ്സിലേക്കിറങ്ങിയ ജോസ് ഉക്കുറുവിന് കോയമ്പത്തൂരിലും, കൊച്ചിയിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സ്‌ക്കൂളിന്റെയും എം.ജി.എം. മെട്രിക്കുലേഷന്‍ സ്‌ക്കൂളിന്റെയും സെക്രട്ടറിയുമാണ്. കൂടാതെ കേരളത്തിലേയും തമിഴ്‌നാട്ടിലെയും പത്തോളം സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിക്കുകയും സജീവ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയുമാണ് ഇദ്ദേഹം. താന്‍ ചെയ്യുതെന്തും ദൈവത്തില്‍ ചെയ്യുന്നതാണ് തന്റെ വിജയത്തിന് കാരണം എന്ന് ജോസ് കൂട്ടിച്ചേര്‍ത്തു.