കെ.കെ.അനോഷ്, എ.എന്‍.ഷിനോദ്, ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, പെരുമ്പാവൂര്‍
കേരളത്തില്‍ അധികം ആരും കടന്നു ചെല്ലാത്ത മേഖലയായ ”ഒോട്ടാ ഇലക്ട്രിക്കല്‍സ്” മേഖലയില്‍ വിജയക്കൊടി പാറിച്ച സ്ഥാപനമാണ് ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്”. 25 വര്‍ഷം പിന്നിടുമ്പോള്‍ വിജയവഴിയില്‍ ഒരുമിച്ചുനില്‍ക്കുന്ന, സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.കെ.അനോഷും, എ.എന്‍.ഷിനോദും തങ്ങളുടെ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
ബിസിനസ് അവസരങ്ങള്‍ നമ്മുടെ ചുറ്റും ധാരാളമുണ്ട്. അവയെ കൃത്യമായി കണ്ടെത്തുകയും ആ മേഖലയില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുക. സംരംഭകന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി വേണം പ്രവര്‍ത്തിക്കാന്‍. ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ ഉള്ളതുപോലെ ബിസിനസ്സിലും പല ഘട്ടങ്ങള്‍ ഉണ്ട്. ഓരോരോ ഘട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ – സാമ്പത്തിക പദ്ധതികള്‍, ആശയപരമായ തന്ത്രങ്ങള്‍, റിസേര്‍ച്ച് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. ഒരു കുഞ്ഞിനെ വളര്‍ത്തുതുപോലെ ക്ഷമയോടെയും, കരുതലോടെയും, ജാഗ്രതയോടും കൂടിവേണം ബിസിനസ്സിനെ വളര്‍ത്താന്‍.
നമ്മുടെ സപ്ലൈചെയ്ന്‍ എപ്പോഴും ശക്തമായിരിക്കണം. ഇതില്‍ എവിടെയെങ്കിലും ചെറിയ ഗ്യാപ്പ് വന്നാല്‍ അത് കച്ചവടത്തെ ബാധിക്കും. ഓരോ കസ്റ്റമറും നമുക്ക് വിലയേറിയതാണെന്നത് സംരംഭകന്‍ മറക്കരുത്. സ്ഥാപനം ചെലവാക്കുന്ന പണത്തിനും സ്ഥാപനത്തിന് ലഭിക്കേണ്ട പണം നേടാനും കൃത്യമായ പദ്ധതികള്‍ തയ്യാറാക്കണം. ശക്തമായ സാമ്പത്തിക അടിത്തറയില്‍നിന്നുവേണം സ്ഥാപനം പ്രവര്‍ത്തിക്കാന്‍.
സംരംഭകന് തന്റെ ടീമില്‍ 100 ശതമാനവും വിശ്വാസം ഉണ്ടായിരിക്കണം. മികച്ച തൊഴിലാളികളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുകയും, ഉത്തരവാദിത്വങ്ങള്‍ അവര്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യണം. അവരുടെ ഉള്ളില്‍ ഉടമസ്ഥതാബോധം വളര്‍ത്തുകയും ചെയ്യണം. ഒരു സാധാരണ സംരംഭകന്‍ എന്നതിലുപരി സ്ഥാപനത്തെ മുന്നില്‍ നിന്നു നയിക്കുന്ന നായകനായി മാറണം. ഓരോരുത്തര്‍ക്കും ക്ൃത്യമായ അവസരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കണം. തന്റെ ടീമിനെ എപ്പോഴും ശക്തമാക്കി നിര്‍ത്തുകയും സ്വന്തമായ ഒരു ”സിസ്റ്റം” സ്ഥാപനത്തില്‍ നടപ്പിലാക്കുകയും ചെയ്യണം. അങ്ങനെ വരുമ്പോള്‍ സംരംഭകന്റെ അഭാവത്തിലും സ്ഥാപനം കൃത്യമായി പ്രവര്‍ത്തിച്ച് പൊയ്ക്കുള്ളും. ”ഒരു സ്ഥാപനത്തിലെ പ്രധാന ഉത്തരവാദിത്തങ്ങള്‍ എല്ലാം സംരംഭകന്‍ നേരിട്ട്് ചെയ്യുകയാണെങ്കില്‍ ആ സ്ഥാപനത്തെ സ്വയം തൊഴില്‍ സ്ഥാപനം എന്നും, നിങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വീതിച്ചു നല്‍കുകയാണെങ്കില്‍ അതിനെ ഒരു സംരംഭം എന്നും വിളിക്കും” എന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. മികച്ച തൊഴിലാളികള്‍ക്ക് ആദരവും അംഗീകാരവും നല്‍കാന്‍ സംരംഭകന്‍ മറക്കരുത്. ഇതിലൂടെ തന്റെ സ്ഥാപനത്തെ തൊഴിലാളികള്‍ എവിടെയും ഉയര്‍ത്തിപ്പിടിക്കും.
മാര്‍ക്കറ്റിങ്ങും, ബ്രാന്റിങ്ങും ഓരോ സ്ഥാപനത്തെ സംബന്ധിച്ചും പരസ്പര പൂരകങ്ങളായ കാര്യങ്ങളാണ്. നമ്മുടെ ബ്രാന്റ്‌വാല്യു ഉയര്‍ത്തുന്നതിലൂടെ നമുക്ക് മാര്‍ക്കറ്റില്‍ അനിഷേധ്യമായ സ്ഥാനം സംജാതമാകും.
ഗോള്‍ഡന്‍ കട്രോള്‍ സിസ്റ്റംസ്, അഗ്നി ഇന്‍ഡസ്ട്രീസ്, ഹീര ട്രേഡിങ്ങ് കമ്പനി എന്നീ 3 സ്ഥാപനങ്ങളാണ് അനോഷിന്റെയും ഷിനോദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടോ ഇലക്ട്രിക്കല്‍സ് ഉല്‍പ്പങ്ങളുടെ നിര്‍മ്മാണവും വിതരണവുമാണ് സ്ഥാപനം നടത്തുന്നത്. കൂടാതെ പ്രവര്‍ത്തനമികവിനും സാമ്പത്തിക സുസ്ഥിരതയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് അവാര്‍ഡും വിജയീഭവ നവരത്‌ന ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.