850 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ ടേണോവര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1500 കോടി രൂപയുടെ ടേണോവറിലേക്കുള്ള കുതിച്ചു ചാട്ടത്തിനുള്ള ബൃഹദ് പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.
കോവിഡ് 19 ഭൂമുഖത്ത് സംഹാരതാണ്ഡവമാടിയ 2020-21 സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും അധികം വളര്‍ച്ച നേടിയ സ്ഥാപനമാണ് ഫ്രെഷ് ടു ഹോം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 121 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നേടിയിരിക്കുകയാണ്, അതായത് ഏകദേശം 850 കോടി രൂപ. ഞാന്‍ മീന്‍ കച്ചവടക്കാരനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് മാത്യു ജോസഫ് എന്ന ചേര്‍ത്തലക്കാരന്‍ 2012 ല്‍ അരൂരില്‍ ആരംഭിച്ച സീ ടു ഹോം എന്ന സ്ഥാപനമാണ് ഇന്നത്തെ ഫ്രെഷ് ടു ഹോം. 2015ല്‍ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സി.ഇ.ഒ. ഷാന്‍ കടവിലുമായി ചേര്‍ന്നാണ് െഫ്രഷ് ടു ഹോം എന്ന സ്ഥാപനമായി മാറുന്നത്. അതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ ബഹുദൂരമായി മാറി. കേരളത്തില്‍ 23 സെന്ററുകളും, കേരളത്തിന് പുറത്ത് 8 സെന്ററുകളുമായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ യു.എ.ഇ.ല്‍ എല്ലാ എമിറേറ്റ്‌സിലും സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 17,000 തൊഴിലാളികളാണ് ഇന്ത്യയ്ക്കകത്തും യു.എ.ഇ.യിലുമായി ഗ്രൂപ്പിനു കീഴില്‍ നേരിട്ടും അല്ലാതതെയും ജോലി ചെയ്യുന്നത്. ഓണ്‍ലൈനില്‍ മത്സ്യം, പഴം-പച്ചക്കറികള്‍, കോഴിയിറച്ചി, മാട്ടിറച്ചി, പാല്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം ആലപ്പുഴ ജില്ലയിലെ അരൂര്‍ ആസ്ഥാനമായായിരുന്നുയെന്നതില്‍ നമുക്ക് അഭിമാനിക്കാം.
കൊറോണക്കാലത്തെ പ്രവര്‍ത്തനം
കൊറോണയുടെ ലോക്ക്ഡൗണില്‍ പ്ലാന്റ് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ 50 പേരുള്ള പ്ലാന്റില്‍ തൊഴിലാളികളെ കുറച്ച് 15 പേരാക്കി. കൃത്യമായ അകലം പാലിച്ച് തന്നെ ജോലി മുടങ്ങാതെ തുടര്‍ന്നു. അവശ്യവസ്തു ആയതിനാല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഡെലിവറി ചെയ്യാനും സര്‍ക്കാര്‍ ഉത്തരവു ലഭിച്ചത് വളരെ പ്രയോജനകരമായി. കസ്റ്റമറുമായി നേരിട്ട് സംസര്‍ഗം ഉണ്ടാകാതിരിക്കാനായി ക്യഷ് ഓണ്‍ ഡെലിവറി എന്ന രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിട്ട് കോണ്ടാക്ട്‌ലെസ്സ് ഡെലിവറി എന്ന ആശയം സ്വീകരിച്ചു. അതായത് ഡെലിവറിയ്ക്ക് പോകുന്നവര്‍ പ്രസ്തുത സ്ഥലത്ത് എത്തിയാല്‍ തങ്ങളുടെ കൈമുട്ട് ഉപയോഗിച്ച് കോളിംഗ് ബെല്‍ അടിക്കും. ഡെലിവറി പായ്ക്കറ്റ് ഡോറിനു മുന്നില്‍ വച്ചതിനു ശേഷം അവിടെനിന്നും 2 മീറ്റര്‍ മാറി നില്‍ക്കും. കസ്റ്റമര്‍ വന്ന് പായ്ക്കറ്റ് എടുത്തു എന്ന് ഉറപ്പു വരുത്തിയാല്‍ അവിടെനിന്നും തിരിച്ചു പോരും. ഈ സമയത്ത് കസ്റ്റമറോട് സംസാരിക്കുകയില്ല. ഓര്‍ഡറെല്ലാം ഓണ്‍ലൈനായി വരുന്നതിനാല്‍ പേയ്‌മെന്റും ഓണ്‍ലൈനില്‍ ചെയ്യുവാന്‍ സൗകര്യം ഉണ്ടാക്കി. ഒരു സമയത്തുപോലും കസ്‌ററമറുമായി സംസാരിക്കേണ്ട ആവശ്യം വന്നില്ല. അത് ഉപഭോക്താവിനും ഡെലിവറി സ്റ്റാഫിനും ഒരുപോലെ ഗുണകരമായി. ഈ സമ്പ്രദായം കസ്റ്റമേഴ്‌സിനിടയില്‍ ഫ്രഷ് ടു ഹോം പ്രോഡക്ടുകള്‍ സുരകക്ഷിതമാണെന്ന വിശ്വാസം നേടിയെടുക്കുവാനായി.
യഥാര്‍ത്ഥത്തില്‍ ഇത്തരം ആശയങ്ങള്‍ ആദ്യമായല്ല ഫ്രഷ് ടു ഹോം വിപണിയില്‍ അവതരിപ്പിക്കുന്നത്. നോട്ടുനിരോധനത്തിന്റെ കാലയളവില്‍ ഇതുപോലെ കൈക്കൊണ്ട മറ്റൊരു ആശയമായിരുന്നു ഇന്ന് കടം നാളെ പണം. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണം കൊടുക്കേണ്ടതില്ല, നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ പണം നല്‍കിയാല്‍ മതി. ഈ സമയത്തും ധാരാളം പുതിയ കസ്റ്റമേഴ്‌സിനെ ലഭിക്കുകയും പണം 99.8 ശതമാനം തിരികെ ലഭിക്കുകയും ചെയ്തു.
162ഓളം ഡെലിവറി ഹബ്ബുകളാണ് സ്ഥാപനത്തിനുള്ളത്. ഹീറോ ബോണസ് എന്ന ആകര്‍ഷകമായ പദ്ധതി തൊഴിലാളികള്‍ക്കായി കൊറോണക്കാലത്ത് അവതരിപ്പിച്ചു. ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തിന്റെ 25 ശതമാനവും, ഡ്രൈവര്‍മാര്‍, ഡെലിവറി ബോയ്‌സ് തുടങ്ങിയവര്‍ക്ക് 50 ശതമാനവും ബോണസ് പ്രഖ്യാപിച്ചു. ഇത് തൊഴിലാളികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും വില്‍പ്പന നന്നായി കൂടുവാനും കാരണമായി. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തിനു മുകളില്‍ ബോണസ് നല്‍കിയ ഇത്തരത്തിലൊരു സ്ഥാപനം വളരെ അപൂര്‍വ്വമായിരിക്കും. ജോലിക്കു വന്നവര്‍ക്കും വരാത്തവര്‍ക്കും കൃത്യമായി ശമ്പളം നല്‍കിയതിന് പുറമെയാണ് ഈ ബോണസ് നല്‍കിയത്.
650 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ ടേണോവര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1500 കോടി രൂപയുടെ ടേണോവറിലേക്കുള്ള കുതിച്ചു ചാട്ടത്തിനുള്ള ബൃഹദ് പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ഗള്‍ഫില്‍ സൗദി അറേബ്യയിലും, ഇന്ത്യയില്‍ കൊല്‍ക്കത്തയിലുമാണ് കമ്പനി അടുത്ത പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകുന്ന ഈ സ്ഥാപനത്തിന് 8 സഹസ്ഥാപകരാണുള്ളത്. ഷാന്‍ കടവില്‍, മാത്യു ജോസഫ്, ഡി.എം. തമ്പക്കാട്, ജയേഷ്, ജലീല്‍, ഫിറോസ്, നീല്‍കമല്‍, സുരേഷ് എന്നിവരാണ് ഇവര്‍.