2020-21 സാമ്പത്തിക വര്‍ഷം ലോകത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച ട്വന്റി-20യുടെ നാടായ കിഴക്കമ്പലത്തു നിന്നും ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭക നേതൃത്വം നല്‍കുന്ന ”സേവന മെഡിനീഡ്‌സ്” എന്ന സ്ഥാപനം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച് ബൃഹദ് ദൂരം മുന്നേറിയിരിക്കുന്നു.
കേരളത്തിലെ മുന്‍നിര മെഡിക്കല്‍ ഉല്‍പ്പന്ന ബ്രാന്റായ സേവന മെഡിനീഡ്‌സിന്റെ വിജയത്തിനു പിന്നില്‍ മനക്കരുത്തിന്റേയും പോരാട്ടത്തിന്റേയും പ്രചോദിപ്പിക്കുന്ന കഥയുണ്ട്.
ഒരു സംരംഭക കുടുംബത്തിലാണ് ബിനു ജനിച്ചത്. NIIT.വാറങ്കലില്‍നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ബിനു. യാദൃശ്ചികമായ ഒരു സംഭവത്തിലൂടെയാണ് ഒരു സംരംഭകയാകുന്നത്. തന്റെ പിതാവിന്റെ ഒരു സുഹൃത്ത് അപകടത്തില്‍പെട്ട’് ശരീരം തളര്‍ന്ന് കിടപ്പിലാവുകയും അദ്ദേഹത്തിനായി ബിനുവിന്റെ പിതാവ് ഫിലിപ്പോസ് ഒരു ”കോണ്ടം കത്തീറ്റര്‍” (മൂത്രവിസര്‍ജ്ജനത്തിനായി) നിര്‍മ്മിച്ചുനല്‍കുകയും ചെയ്തു. അക്കാലഘട്ടത്തില്‍ ”കോണ്ടം കത്തീറ്റര്‍” വിലയേറിയ ഉല്‍പ്പന്നമായിരുന്നു. മാത്രമല്ല വിദേശത്തുനിന്നാണ് ഇത് വാങ്ങിയിരുന്നത്. അങ്ങനെ പിതാവ് ഫിലിപ്പോസ് നിര്‍മ്മിച്ച ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ വന്നു തുടങ്ങി അങ്ങനെ 1992ല്‍ ഇതിന്റെ ബിസിനസ്സ് സാധ്യത മനസ്സിലാക്കിയാണ് ബിനു ഇതിനെ ഒരു സംരംഭമാക്കി മാറ്റുന്നത്.
വ്യത്യസ്ഥനായി ബിസിനസ്സിനെ സമീപിച്ചിരുന്ന തന്റെ പിതാവ് ഫിലിപ്പോസിന്റെ പാത പിന്‍തുടര്‍ന്ന് ബിനുവും ഉല്‍പ്പാദനം തുടങ്ങി. ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തേക്കുറിച്ച് 100% ധാരണയില്ലാതെയാണ് സത്യത്തില്‍ ബിനു ഉല്‍പ്പാദനം തുടങ്ങിയത്.. അസംസ്‌കൃത വസ്തുക്കള്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരായ തൊഴിലാളികള്‍ക്ക് നല്‍കുകയും, അവര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തുപോന്നു. എന്നാല്‍ ഉല്‍പ്പാദനത്തിന്റെ രീതിയിലെ കൃത്യതയില്ലായ്മകൊണ്ട് ഉല്‍പ്പന്നങ്ങളില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായി. സംശയനിവാരണത്തിന് ഇന്നത്തേതുപോലെ ഇന്റര്‍നെറ്റിന്റെ സഹായമൊന്നും അക്കാലത്ത് ലഭ്യമായിരുന്നില്ല. ആകെ ലഭിച്ചിരുന്ന സഹായം റബ്ബര്‍ബോര്‍ഡില്‍ നിന്ന് മാത്രമാണ്. അക്കാലഘട്ടത്തില്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ പരിശോധിക്കുവാനായി യൂണിറ്റുകള്‍തോറും ധാരാളം സഞ്ചരിക്കേണ്ടിവന്നു ബിനുവിന്. പരീക്ഷണങ്ങളും പരിഷ്‌കാരങ്ങള്‍ക്കുമെല്ലാമായി ഒരുവര്‍ഷത്തോളം സമയമെടുത്തു. തുടക്കത്തില്‍ ഉല്‍പ്പാദനത്തിന്റെ 85% വരെയും തിരസ്‌കരിക്കപ്പെട്ടിരുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടം വരുത്തി. എന്നാല്‍ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി മികവുറ്റ ഉല്‍പ്പന്നം വിപണിയില്‍ നല്‍കി കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തി.
”സുരക്ഷ”യുടെ ജനനം
കത്തിറ്റര്‍ നിര്‍മ്മാണം കൊണ്ടുമാത്രം സ്ഥാപനം സുഗമമായി മുന്നോട്ടുപോകില്ല എന്ന് മനസ്സിലായപ്പോള്‍, പുതിയ ഉല്‍പ്പന്നം എന്ന ആശയം ഉടലെടുത്തു. അങ്ങനെയാണ് ”എക്‌സാമിനേഷന്‍ ഗ്ലൗസ്” എന്ന ആശയം ഉടലെടുത്തത്. സ്റ്റെറിലൈസ് ചെയ്യേണ്ട എന്നതും ഇടത് വലത് എന്ന വേര്‍തിരിവ് വേണ്ട എന്നതും ഉല്‍പ്പാദനത്തില്‍ ഗുണകരമായി. അങ്ങനെ ”സുരക്ഷ” എന്ന ബ്രാന്റ് ഉദയം ചെയ്തു. ഹോസ്പിറ്റലുകളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്ക് മനസ്സിലാക്കി വിവിധ പരിഷ്‌കാരങ്ങള്‍ വരുത്തുകയും കൂടി ചെയ്തതോടെ ”സുരക്ഷ” ആശുപത്രികളുടെ പ്രിയ ബ്രാന്റായിമാറി. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം മികച്ചതായതാണ് ഇതിന് പ്രധാനകാരണം. ആശുപത്രികളിലും, ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും ലഭിച്ച മികച്ച അഭിപ്രായം ഒന്നുമാത്രമാണ് ഈ കൊറോണക്കാലത്ത് ”സുരക്ഷ”യെ നമ്പര്‍ വണ്‍ ഗ്ലൗസ് ബ്രാന്റാക്കിമാറ്റിയത്.
”സുരക്ഷ” എന്ന ബ്രാന്റിന് ലഭിച്ച വളര്‍ച്ചയുടെ ചിറകിലേറി ”സേവന മെഡിനീഡ്‌സ്” പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. കിടപ്പുരോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ”എയര്‍ബെഡ്, അഡല്‍റ്റ് ഡയപ്പര്‍, മാസ്‌ക്, തുടങ്ങി ഒരുപിടി ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയില്‍ ”സേവന” ഇന്ന് നല്‍കുന്നു. കൊറോണയുടെ വരവോടുകൂടി ഗ്ലൗസ് എന്ന ഉല്‍പ്പന്നത്തിന് ആഗോളതലത്തില്‍ ഡിമാന്റ് ഉണ്ടായി. ഇതോടെ ഇന്‍ഡ്യയിലെതന്നെ മികച്ച ഗ്ലൗസ് ബ്രാന്റായി മാറിയ ”സുരക്ഷ”യെ ആശുപത്രികളും, ആരോഗ്യപ്രവര്‍ത്തകരും വീണ്ടും വീണ്ടും തേടിയെത്തി.
2000ത്തോടു കൂടി ”സുരക്ഷ”യുടെ മാസ്‌കുകള്‍ വിപണിയില്‍ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. കുറഞ്ഞവിലയില്‍ മാസ്‌കുകള്‍ നല്‍കുവാനായി ഇന്‍ഡ്യയുടെ വിവിധഭാഗങ്ങളില്‍നിന്നും അസംസ്‌കൃത വസ്തുക്കള്‍ വരുത്തി, തൊഴിലാളികളെ പരിശീലിപ്പിച്ച് വികേന്ദ്രീകരണ രീതിയിലാണ് ഉല്‍പ്പാദനം തുടങ്ങിയത്. 6 രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകളുടെ സ്ഥാനത്ത് 2 രൂപയ്ക്ക് മാസ്‌ക്കുകള്‍ നല്‍കാന്‍ ”സേവന” യ്ക്ക് സാധിച്ചിരുന്നു അക്കാലഘട്ടത്തില്‍. തുടര്‍ന്ന് കമ്പനിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ കമ്പനി സ്വന്തമായി മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുകയും ധാരാളം തൊഴിലാളികള്‍ക്ക് മാസ്‌ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയും ചെയ്തു. അതില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഒരു ടീമാക്കി മാറ്റി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. അതിലൂടെ സുരക്ഷയുടെ മാസ്‌കുകള്‍ മാര്‍ക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.
പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം
എന്നും പ്രതിസന്ധികളെ നേരിട്ടുതോല്‍പ്പിച്ചു തന്നെയായിരുന്നു ബിനു ഫിലിപ്പോസിന്റെ സംരംഭക ജീവിതം. ആദ്യം ഉല്‍പ്പാദനവും ഗുണനിലവാരവും ആയിരുന്നു പ്രതിസന്ധി. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണമനോഭാവത്തിലൂടെയുമാണ് ബിനു അതിനെ തരണം ചെയ്തത്. അടുത്ത പ്രതിസന്ധി ഉല്‍പ്പന്നങ്ങളുടെ എണ്ണം കൂട്ടുക എന്നതും മാര്‍ക്കറ്റില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക എന്നതുമായിരുന്നു. നിരന്തരമായ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സമയബന്ധിതമായി ഉല്‍പ്പന്നങ്ങള്‍ നല്‍കിയും സ്ഥാപനം അവിടെയും മുന്നേറി. തുടര്‍ന്ന് സ്വന്തമായി സ്ഥലം വാങ്ങുകയും പ്ലാന്റ് നിര്‍മ്മിക്കുകയും ചെയ്തു. സാധാരണ ഒരു സംരംഭകന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങളും തീരുന്ന സമയമാണ് ഇത്. എന്നാല്‍ ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭകയുടെ ബിസിനസ്സിലെ യഥാര്‍ത്ഥപ്രതിസന്ധികള്‍ തുടങ്ങുന്നത് ഇവിടം മുതലാണ്. സമീപവാസികള്‍ക്ക് തൊഴില്‍ നല്‍കി ബിനു നാടിനെ സ്‌നേഹിച്ചപ്പോള്‍ തൊഴിലാളികളുടെ ഇടയില്‍ ഒരു സംഘം, പിന്തിരിപ്പന്‍ മനോഭാവം വളര്‍ത്തുകയും ഉല്‍പ്പാദനം മനപ്പൂര്‍വ്വം കുറയ്ക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. സ്ത്രീ ആയതിനാല്‍ മാനസികമായി തളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പരിസരവാസികളെ തെറ്റിധരിപ്പിച്ചുകൊണ്ട് വിവധ രീതിയില്‍ മാനസിക പീഠനങ്ങളും ഉണ്ടായി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രിയത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ ഇതിനുമുന്നിലൊന്നും ബിനു തളര്‍ന്നില്ല. സംരംഭകനായ പിതാവ് ഫിലിപ്പോസ് പഠിപ്പിച്ച ഒരു പാഠമുണ്ടായിരുന്നു. ”തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനുമുകളില്‍ തോണി ഇറക്കുക” ആ വാക്കുകളുടെ ഊര്‍ജ്ജം പേറി മുന്നോട്ടു സഞ്ചരിച്ചു. തങ്ങളുടെ നാട്ടില്‍ ഉയരുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നാടിന്റെ വികസനത്തെയാണ് തടയുന്നത്, ബിനു പറയുന്നു. ഒരു സ്ത്രീയെന്ന പരിമിതികളെ മറികടന്ന് പല സാഹചര്യങ്ങളിലും പ്രവര്‍ത്തിച്ചു. അര്‍ദ്ധരാത്രിയില്‍ സ്ഥാപനത്തില്‍ എത്തിയ ലോഡ് ഇറക്കാന്‍ തനിയെ കാറോടിച്ചുവന്നു ഈ വനിതാസംരംഭക. കേരളത്തിലെ കക്ഷി രാഷ്ട്രീയക്കാര്‍ സംരംഭകരോടുള്ള സമീപനത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തണം ബിനു പറയുന്നു. നീണ്ട 8 വര്‍ഷത്തോളമാണ് ബിനു ഇവരോട് പൊരുതിനിന്നത്. ട്വന്റി-20 എന്ന കൂട്ടായ്മ നാട്ടില്‍ ഭരണത്തിലെത്തിയതിന് ശേഷമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായത്.
കൊറോണ കാലഘട്ടത്തില്‍
സേവന മെഡിസിന്‍സ്, സുരക്ഷ എന്ന ബ്രാന്റില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളായ എക്‌സാമിനേഷന്‍ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കോവിഡ് കാലഘട്ടത്തില്‍ അവശ്യ സാധനമായതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ അത്യന്താപേക്ഷിതമായ ഈ ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കുവാന്‍ പ്രതിജ്ഞാബന്ധരായിരുന്നു ”സേവനാ മെഡിനീഡ്‌സ്”, ബിനു പറയുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായ സാനിറ്റേഷന്‍, ശരീരോഷ്മാവ് പരിശോധിക്കല്‍, മാസ്‌ക്, ക്യാപ്പ്, സ്ഥാപനത്തിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. ആശുപത്രികളിലും അനുബന്ധമേഖലകളിലും കൂടുതലായി ഉപയോഗിക്കുന്ന ഉത്പന്നമായതിനാല്‍ വളരെ ശ്രദ്ധയോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മാത്രമല്ല സ്ഥാപനത്തിലെ ഒരു സ്റ്റാഫിനുപോലും കൊറോണ ബാധിക്കുകയും ചെയ്തില്ല. മാര്‍ക്കറ്റില്‍ ആവശ്യമുള്ളത്രയും ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സാധിക്കാതെവന്ന മാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിനുപുറമെ, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ്, കൊല്‍ക്കത്ത എന്നിവടങ്ങളിലും സ്ഥാപനം പ്രൊഡക്ട്‌സ് സപ്ലൈ ചെയ്യുന്നു.
ഈ കൊറോണയുടെ സമയത്ത് ”സുരക്ഷ”യുടെ മാസ്‌ക് ചൈനവരെ എത്തി എന്നത് അഭിമാനകരമാണെ് ബിനു പറയുന്നു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തും, കോയമ്പത്തൂരിലും സേവന മെഡിനീഡ്‌സിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.