കേരളത്തിന്റെ ഗ്രാമീണ വികസന മേഖലയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന പ്രസ്ഥാനമാണ് നമ്മുടെ സഹകരണ ബാങ്കുകള്‍. ഇതില്‍ എടുത്തുപറയേണ്ട വസ്തുതയാണ് മലബാറിന്റെ ഗ്രാമീണ മേഖലയുടെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്. കറ തീര്‍ന്ന സഹകാരികളുടെ അശ്രാന്ത പരിശ്രമത്തില്‍ പടുത്തുയര്‍ത്തിയ അനേകം സഹകരണ പ്രസ്ഥാനങ്ങളാണ് അഭിമാന സ്തംഭങ്ങളായി മലബാറിന്റെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അത്തരത്തില്‍ മലബാറിലെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയ സ്ഥാപനമാണ് ചിറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളേക്കുറിച്ച് ബാങ്കിന്റെ പ്രസിഡന്റ് പി.പ്രശാന്തന്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
1944-ല്‍ ഭക്ഷ്യക്ഷാമം നാടെങ്ങും നേരിട്ടപ്പോള്‍ ഒരു കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ആയി തുടങ്ങിയതാണ് ചിറയ്ക്കല്‍ സഹകരണ ബാങ്കിന്റെ ആദ്യ രൂപം. 1961-ല്‍ ഒരു സഹകരണ ബാങ്കായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ചിറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയാക്കിയാണ് ബാങ്ക് പ്രവര്‍ത്തിച്ചുപോരുന്നത്. കഴിഞ്ഞ 78 വര്‍ഷങ്ങളായി നാടിന്റെ സമഗ്ര വികസനത്തിനായി ജനക്ഷേമ പദ്ധതികളുമായി മുന്നേറുകയാണ് ചിറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ചിറയ്ക്കല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഉന്നമനമാണ് ബാങ്കിന്റെ പ്രഥമലക്ഷ്യമെന്ന് ബാങ്കിന്റെ പ്രസിഡന്റ് പി. പ്രശാന്തന്‍ പറയുന്നു. 17,000 എ ക്ലാസ്സ് മെമ്പര്‍മാരും, 75000 സി ക്ലാസ്സ് മെമ്പര്‍മാരും 9800 ഡി ക്ലാസ്സ് മെമ്പര്‍മാരുമടക്കം ഒരു ലക്ഷത്തിലധികം ഓഹരി മെമ്പര്‍മാരുള്ള പ്രസ്ഥാനമാണ് ചിറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി കാര്‍ഷിക വായ്പയ്ക്ക് പ്രഥമ പരിഗണനയാണ് ബാങ്ക് നല്‍കുന്നത്. നോട്ട’് നിരോധനം, പ്രളയം, കൊറോണ തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും നിക്ഷേപത്തില്‍ ഇടിവില്ലാതെയാണ് ബാങ്ക് മുന്നോട്ട’് പോകുന്നത്.
കൊറോണയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ ‘ടെലി ഡോക്ടര്‍’ സംവിധാനം വഴി ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ ജനങ്ങള്‍ക്ക് നല്‍കുവാന്‍ ബാങ്കിന് സാധിച്ചു. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി പരമാവധി ആളുകള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുകയും ചെയ്തു. കൊറോണക്കാലത്ത് ബാങ്കിന്റെ ആംബുലന്‍സ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന് വിട്ടുനല്‍കിയിരുന്നു. സാമ്പത്തിക നിലവാരം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കുകയും ചെയ്യുകയുണ്ടായി ഈ കാലയളവില്‍ ബാങ്ക്. ഒരു ഫാര്‍മേഴ് ക്ലബ്ബ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചിറയ്ക്കല്‍ പ്രദേശത്ത് രണ്ടാം വിള നെല്‍കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്താന്‍ ബാങ്കിന് സാധിച്ചു എന്ന് ബാങ്കിന്റെ പ്രസിഡന്റ് പ്രശാന്തന്‍ അഭിമാനത്തോടെ പറയുന്നു. ബാങ്കിന്റെ കീഴില്‍ 8 റേഷന്‍ കടകള്‍ ചിറയ്ക്കല്‍ പ്രദേശത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വളം, കീടനാശിനി, കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നിവയും ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഒരു നീതി മെഡിക്കല്‍ സ്റ്റോറും, അതിനോട് ചേര്‍ന്ന് ഡോക്ടേഴ്‌സ് ക്ലീനിക്കും ഒരു ഫിസിയോ തെറാപ്പി ആന്റ് റീ ഹാബിലിറ്റേഷന്‍ സെന്ററും, ഒരു കമ്മ്യൂണിറ്റി ഹാളും ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നു.
സേഫ്റ്റി ലോക്കറുകള്‍, ATM സംവിധാനം, ആര്‍.ടി.ജി.എസ്, നെഫ്റ്റ് അടക്കം ഓണ്‍ലൈന്‍ ബാങ്കിങ്ങ് തുടങ്ങിയ എല്ലാ ആധുനീക ബാങ്കിങ്ങ് സംവിധാനങ്ങളും ബാങ്ക് ഇടപാടുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആയില്യം തിരുനാള്‍ മഹാരാജാവ് 100 വര്‍ഷം മുമ്പ് സ്ഥാപിച്ചതും നാടിന്റെ അഭിമാന സ്തംഭവുമായ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇപ്പോള്‍ ബാങ്കിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.18 കോടി രൂപയ്ക്കാണ് ഈ സ്‌ക്കൂള്‍ ബാങ്ക് വാങ്ങിയത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ജനങ്ങള്‍ മാറിപ്പോകുന്നത് തടയാന്‍ സത്വര നടപടികളാണ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. 70 കോടിയോളം രൂപയാണ് കാര്‍ഷിക വായ്പാ ഇനത്തില്‍ ബാങ്ക് നല്‍കുന്നത്. എസ്.എസ്.എല്‍.സി., പ്ലസ്സ് 2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയുണ്ടായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പലിശ രഹിത വായ്പാ പദ്ധതി ഏര്‍പ്പെടുത്തുകയും ചെയ്തു ബാങ്ക്. 2200 പേര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കി ഒരു മെഗാ വാക്‌സിന്‍ ക്യാമ്പും ബാങ്ക് സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും, പുതിയ സംരംഭകര്‍ക്കും ലോണ്‍ നല്‍കാന്‍ വിവിധ പദ്ധതികള്‍ ബാങ്ക് വിഭാവനം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുവാന്‍ ബാങ്ക് പദ്ധതിയിടുന്നുമുണ്ട്.
480 കോടി രൂപയുടെ ആസ്തിയാണ് നിലവില്‍ ബാങ്കിനുള്ളത്. ഒരു ലേഡീസ് ബ്രാഞ്ച് അടക്കം 9 ശാഖകളാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ ശാഖകളിലും ഉപസ്ഥാപനങ്ങളിലുമായി 76-ഓളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് ചിറയ്ക്കല്‍ സഹകരണ ബാങ്ക്. പി. പ്രശാന്തന്‍-പ്രസിഡന്റ്, പി.ചന്ദ്രന്‍ സെക്രട്ടറി-ഇ.രവീന്ദ്രന്‍-വൈസ് പ്രസിഡന്റ്, എ.കെ.ദിനേശ് ബാബു, സി.ഷാജി, കെ.ചന്ദ്രന്‍, ഇ.പി. ബിറേജ് , കെ.എം.ഗിരീഷ്, പി.പി.ലക്ഷ്മണന്‍, പി.കെ.കമല, പി.വി.അനില, റീന അനില്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുമുള്ള ഭരണ സമിതിയാണ് ബാങ്കിനെ മുന്നോട്ട് നയിക്കുന്നത്.