സകല വിധ ക്ഷേമ, ഐശ്വര്യസമൃദ്ധിക്കായി ഭാരതത്തില്‍ ആദ്യമായി മഹാ അഷ്ട ലക്ഷ്മി യാഗം നടത്തുന്നു.കേരള ക്ഷേത്ര സമന്വയ സമിതിയുടെയും കര്‍മ്മ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രാങ്കണത്തില്‍ 2023 ജനുവരി 22 മുതല്‍ 31 വരെയാണ് യാഗം നടക്കുന്നതെന്ന് സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റുമായ വിജി തമ്പി,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍,സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പനയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജഗദ്ഗുരു ആദിശങ്കര പീഠം മഠാധിപതി ശ്രീശങ്കര പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയുടെ അനുഗ്രഹത്തോടെയാണ് യാഗം നടത്തുന്നത്.തിരുന്നാവായ ബ്രഹ്മസ്വം മഠം ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്,ബ്രഹ്മശ്രീ നാറാസ് ഇട്ടിരവി നമ്പൂതിരി,തിരുന്നാവായ ബ്രഹ്മസ്വം മഠം കൃഷ്ണമോഹന്‍ നമ്പൂതിരി എന്നിവര്‍ യാഗത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വിശ്വഹിന്ദു പരിഷത്തിന്റെ 60ാം ജന്മദിനമാണ് 2024 വര്‍ഷം. ആധ്യാത്മികതയിലൂടെ നവകേരള സൃഷ്ടിയെന്ന സന്ദേശമാണ് വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടു വെയ്ക്കുന്നത്.ഇത് സാധ്യമാകണമെങ്കില്‍ കേരളത്തില്‍ ആധ്യാത്മീകമായ ഉണര്‍വ്വും ഉയര്‍ച്ചയും ലഭ്യമാകണം.ഇതിനായി യജ്ഞങ്ങള്‍,യാഗങ്ങള്‍,ഹോമങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്നും വിജി തമ്പി പറഞ്ഞു.ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണ് മഹാ അഷ്ട ലക്ഷ്മി യാഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തിനും കൊവിഡിനും ശേഷം നാടും ജനങ്ങളും പല രീതിയിലുള്ള കഷ്ടനഷ്ടങ്ങള്‍ നേരിടുകയാണ്.ഇതില്‍ നിന്നും രക്ഷ ലഭിക്കാന്‍ വേണ്ടി കൂടിയാണ് യാഗം നടത്തുന്നതെന്നും വിജി തമ്പി പറഞ്ഞു.ക്ഷേത്ര സമന്വയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാഗത്തിന് വിശ്വഹിന്ദു പരിഷത്ത് അടക്കമുളള വിവിധ ഹൈന്ദവ,ആധ്യാത്മക സംഘടനകളുടെയും സന്യാസി മഠങ്ങളുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.യാഗത്തിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ ആധ്യാത്മിക പരിപാടികള്‍ നടക്കുമെന്ന് വി.ആര്‍ രാജശേഖരന്‍ പറഞ്ഞു.യാഗം കേരളത്തിലെ ഹിന്ദു സമാജത്തെ ആകമാനം പരിവര്‍ത്തനത്തിന് വിധേയമാക്കുന്നതിനൊപ്പം വലിയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്നും അദ്ദഹം പറഞ്ഞു.യാഗത്തില്‍ ഓരോ ദിവസംവും 50,000ത്തിലധികം ഭക്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് മോഹനന്‍ പനയ്ക്കല്‍ പറഞ്ഞു.ഓംശക്തി ഭക്താശ്രമം ആര്‍ഷ കേന്ദ്ര വിദ്യാകേന്ദ്ര മഠാധിപതി സ്വാമി ശ്രീയോഗി ഭക്താനന്ദ സരസ്വതി,ഡല്‍ഹി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആര്‍.ആര്‍ നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.