ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകും. 25 മുതല്‍ 28 വരെ പാവക്കുളത്ത് നടക്കുന്ന നവചണ്ഡികാ യാഗത്തെ തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ 28 മുതല്‍ മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ശത ചണ്ഡികാ യാഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, നാലു മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാര്‍,ദലൈലാമ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാര്‍,സന്യാസിവര്യന്മാര്‍ തുടങ്ങിയവരും ശത ചണ്ഡികാ യാഗത്തില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ്ും വിശ്വരക്ഷാ യാഗസമിതി ചെയര്‍മാനുമായ വിജി തമ്പി, സംഘടനാ സെക്രട്ടറി ഗിരീഷ് കള്ളിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍ അടികള്‍, ശബരിമല,ഗുരുവായര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കര്‍മ്മികളും, ഹൈന്ദവ, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും യാഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സല്‍സംഗങ്ങള്‍ നടത്തുകയും ചെയ്യും. അതാത് ജില്ലകളിലെ യാഗദിവസങ്ങളില്‍ വിവിധ കലാപരിപാടികളും,സാസ്്കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടക്കും. ഒപ്പം പറശ്ശിനി മടപ്പുരയുടെ മുത്തപ്പന്‍ വെള്ളാട്ടവും ഉണ്ടാകും.നവ ചണ്ഡികാ യാഗം എന്ന വിശ്വ രക്ഷാ ദൗത്യം വിശ്വ ഹിന്ദു പരിഷത്ത് കേരളമാണ് ഏറ്റെടുത്തിരിക്കുന്നത്.പാവക്കുളത്ത് നടക്കുന്ന നവ ചണ്ഡികാ യാഗത്തിന് പൊളളാച്ചി ശ്രീ ആദിശക്തി ഭുവനേശ്വരി പീഠത്തിലെ ശ്രീദത്താത്രേയ അവധൂത ഗുരുപരമ്പര ബ്രഹ്മശ്രീ ജിതേഷ് സുബ്രമഹ്ണ്യം മുഖ്യ കാര്‍മ്മികത്വം വഹിക്കും. 25 ന് പുലര്‍ച്ചെ മൂന്നിന് സൂര്യകാലടി ബ്രഹ്മശ്രീ സുബ്രമഹ്ണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വാഞ്ഛ കല്‍പലത ഗണപതി ഹോമത്തോടെ നവ ചണ്ഡികാ യാഗത്തിന് തുടക്കമാകും. എട്ടു മണിമുതല്‍ നവ ചണ്ഡികാ യാഗം ആരംഭിക്കും.11.30 മുതല്‍ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടക്കും.12 മണിക്ക് മഹാപൂര്‍ണാഹുതി നടക്കും. 28 ന് സാമ്രാജ്യ ലക്ഷ്മി പൂജയും നടക്കും. ലക്ഷ്മണ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, മുരുകദാസും സംഘവും അവതരിപ്പിക്കുന്ന ഭജന്‍സ് സന്ധ്യയും യാഗത്തിന്റെ ഭാഗമായി ഉണ്ടാകും. 26 ന് വൈകുന്നേരം 4.30 മുതല്‍ പറശ്ശിനി മടപ്പുരയുടെ നേതൃത്വത്തില്‍ മുത്തപ്പന്‍ വെള്ളാട്ടം നടക്കും. 25ന് ഡോ.രാമാനന്ദിന്റെയും 27ന് ഡോ.ശ്രീനാഥ് കാര്യാട്ടിന്റെയും പ്രഭാഷണം ഉണ്ടാകും. കൂടാതെ ഏപ്രില്‍ 25 ന് 11.30 സ്വാമി ഉദിത് ചൈതന്യ, 26ന് 11.30 ന് സ്വാമി അദ്ധ്യാത്മാനന്ദ, 27 ന് 11.30 ന് സ്വാമിനി വിഷ്ണുപ്രിയാനന്ദപുരി തുടങ്ങിയവരുടെ സല്‍സംഗങ്ങളും ഉണ്ടാകും. പാവക്കുളത്ത് നടക്കുന്ന യാഗത്തിനു ശേഷം മെയ് 12 മുതല്‍ 14 വരെ തിരുവനന്തപുരത്തും മെയ് 28 മുതല്‍ 30 വരെ കൊല്ലത്തും നവചണ്ഡികാ യാഗം നടക്കും തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റു ജില്ലകളിലും യാഗം നടക്കുമെന്നും വിശ്വ രക്ഷാ യാഗ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.