കേരളത്തിന്റെ പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ ആത്മാവ് ഉറങ്ങുന്ന പ്രദേശമാണ് വള്ളുവനാട്. ഈ വള്ളുവനാട്ടില്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കൈത്താങ്ങായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനം ഉണ്ട്. അതാണ് പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക്. കര്‍മ്മനിരതമായ സഹകരണ വിജയത്തിന്റെ 67 ആണ്ട് പിന്നിടുന്ന ഈ സമയത്ത് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് കെ.പി. അജയ കുമാര്‍.
നാട്ടിലെ കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില നല്‍കുക എന്ന ഉദ്ദേശത്തോടെ ഒരു കണ്‍സ്യൂമര്‍ സൊസൈറ്റി എന്ന നിലയിലാണ് പട്ടാമ്പി സഹകരണ ബാങ്കിന്റെ തുടക്കം. പ്രദേശത്തെ പൊതു പ്രവര്‍ത്തകനും ജനസമ്മത നേതാവുമായിരുന്ന കോയാമ്മു സാഹിബ് പ്രസിഡന്റായാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹകരണ സംഘമായും, സഹകരണ ബാങ്കായും പ്രസ്ഥാനം ഉയര്‍ത്തപ്പെടുകയാണ് ഉണ്ടായത്. ഏതാണ്ട് രണ്ടായിരാമാണ്ടോട് കൂടെയാണ് ബാങ്ക് ഇന്ന് കാണുന്ന തരത്തിലുള്ള ഒരു വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും കൈവരിച്ചത്.
ഇന്ന്് പ്രദേശത്തെ സാധാരണക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാത്തരം ബാങ്കിങ്ങ്്-ബാങ്കിങ്ങ് ഇതര സേവനങ്ങളും പട്ടാമ്പി സഹകരണ ബാങ്ക് ലഭ്യമാക്കുന്നുണ്ട്. വിവിധതരത്തിലുള്ള ഡിപ്പോസിറ്റ് സ്‌കീമുകള്‍ക്ക് പുറമെ, കാര്‍ഷിക ലോണ്‍, ബിസിനസ് ലോണ്‍, എജ്യുക്കേഷന്‍ ലോണ്‍, ഹൗസിംഗ് ലോണ്‍, കുടുംബശ്രീ വായ്പകള്‍, പരസ്പര ജാമ്യത്തിന്‍മേലുള്ള ലോണുകള്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങി അനേകം വ്യത്യസ്തമായ വായ്പാ പദ്ധതികളും ബാങ്ക് ഇടപാടുകാര്‍ക്കായി ലഭ്യമാക്കുന്നു. കോര്‍ ബാങ്കിംഗ്, ആര്‍.ടി.ജി.എസ്., നെഫ്റ്റ് എന്നീ സേവനങ്ങളും ബാങ്ക് ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നു. 2 എ.ടി.എം. കൗണ്ടറുകളും ബാങ്കിന്റെ സ്വന്തമായി ഉണ്ട്. ശങ്കരമംഗലം മുതുതല എന്നിവിടങ്ങളിലാണ് ആണ് എടിഎം സിഡിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ എടിഎം കൗണ്ടറുകളിലൂടെ ഇന്ത്യയിലെ ആറ് പ്രമുഖ ബാങ്കുകളിലേക്ക് കൂടി പണം നിക്ഷേപിക്കുവാന്‍ സാധിക്കും. ക്യു.ആര്‍.കോഡ് സ്‌കാനിങ് പദ്ധതി അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. ഏഴ് ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്. ഇതില്‍ രണ്ട് ബ്രാഞ്ചുകള്‍ മോര്‍ണിംഗ് & ഈവനിങ്ങ് ബ്രാഞ്ചുകള്‍ കൂടിച്ചേര്‍ന്നതാണ്. മേലെ പട്ടാമ്പിയില്‍ ബാങ്കിന്റെ സ്വന്തമായ 34 സെന്റ് സ്ഥലത്ത് നാല് നിലയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ഹെഡ് ഓഫീസ് മന്ദിരത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ താമസിയാതെ ഈ കെട്ടിടം പൂര്‍ണ്ണ പ്രവര്‍ത്തനത്തിനായി സജ്ജമാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഒരു വലിയ ടര്‍ഫ് സ്ഥാപിച്ചത് ബാങ്കാണ്. മുതുതലയിലുള്ള ബാങ്കിന്റെ സ്വന്തം സ്ഥലത്താണ് ഈ ടര്‍ഫ് സ്ഥിതിചെയ്യുന്നത്. നെല്‍ കര്‍ഷകരുമായി സഹകരിച്ചുകൊണ്ട് കര്‍ഷകരുടെ കൊയ്‌തെടുത്ത നെല്ല് കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനായി ഒരു സംഭരണ കേന്ദ്രം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. കൂടാതെ, ഒരു നാളികേര സംഭരണ-സംസ്‌കരണ യൂണിറ്റും തുടങ്ങുവാനുള്ള പദ്ധതിയിലാണ് ബാങ്ക് ഇവിടെ സംഭരിക്കുന്ന നാളികേരത്തില്‍ നിന്നും നാളികേര പാല്‍, നാളികേരത്തിന്റെ വെള്ളത്തില്‍ നിന്ന് ജ്യൂസ്, നാളികേരത്തിന്റെ പീരയില്‍ നിന്നും ബര്‍ഫി മുതലായവ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ബാങ്ക് വിഭാവനം ചെയ്യുന്നത്. പട്ടാമ്പി സഹകരണ ബാങ്കും കൈരളി സ്വയം സഹായ സംഘവും സംയുക്തമായി ചേര്‍ന്ന് 5 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുകയും വിളവെടുപ്പ് നടത്തി വിജയകരമായി വില്‍പ്പന നടത്തുകയും ചെയ്തു. മുതുതലയിലും പട്ടാമ്പിയിലും ഓരോ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്ക് നടത്തുന്നുണ്ട്. ഇത് കൂടാതെ ഒരു നീതി ലാബും ബാങ്ക് നടത്തുന്നുണ്ട്. ഒരു ആംബുലന്‍സും മൊബൈല്‍ ഫ്രീസറും ബാങ്ക് ജനങ്ങളുടെ സൗകര്യത്തിനായി നടത്തുന്നുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് മാസം പ്രതിമാസം 500 രൂപവീതംസഹായധനവും ബാങ്ക് നല്‍കുന്നുണ്ട്. ബാങ്കിന്റെ സ്വന്തമായ രണ്ട് ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വാടകയില്‍ സേവനംനല്‍കുന്നു. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വളം വില്‍പ്പന നടത്തുന്നതിനായി 2 വളം ഡിപ്പോയും, വളം ഗോഡൗണും, ഒരു അഗ്രി വര്‍ക്ക് ഷോപ്പും ബാങ്ക്നടത്തുന്നുണ്ട്.
പട്ടാമ്പി മുനിസിപ്പാലിറ്റി, മുതുതല പഞ്ചായത്ത്, കൊപ്പം പഞ്ചായത്തിലെ എട്ടു വാര്‍ഡുകളും, ഓങ്ങല്ലൂര്‍ വാര്‍ഡിന്റെ രണ്ടര വാര്‍ഡുകളിലും ആണ് ബാങ്കിന്റെപ്രവര്‍ത്തനപരിധി. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയിലൂടെ 65 ആളുകള്‍ക്ക് ബാങ്ക് സഹായംനല്‍കുകയുണ്ടായി. കൊറോണക്കാലത്ത് ബാങ്ക് നടപ്പിലാക്കിയ-മൂന്നുപേരുടെ പരസ്പര ജാമ്യത്തിന്മേല്‍ 6000 രൂപയുടെ ലോണുകള്‍- പദ്ധതിയിലൂടെ മൂവായിരത്തോളം ആളുകള്‍ക്ക് നല്‍കിത് ഏറെ പ്രശംസ നേടിയിരുന്നു. പ്രളയ കാലഘട്ടത്തില്‍ നിര്‍ധനരായ രണ്ടുപേര്‍ക്ക് സൗജന്യമായി വീട് വച്ചു നല്‍കുകയുംചെയ്തുബാങ്ക്. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ടിവി, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ സൗജന്യമായി നല്‍കുകയും, വിദ്യാതരംഗിണി എ്ന്ന പലിശരഹിത ലോണിലൂടെ അനേകം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുവാനും ബാങ്ക്ലോണ്‍ നല്‍കി. രണ്ടുകോടി രൂപയോളം വനിതാ വായ്പ ബാങ്ക് നല്‍കിയിട്ടുണ്ട്
വിവിധ കാലഘട്ടങ്ങളിലായി 18 വര്‍ഷക്കാലം ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബാങ്കിന്റെ പ്രസിഡണ്ട് അജയന്‍. മുന്‍കാലഘട്ടങ്ങളില്‍ 2 ടേമിലും (8 വര്‍ഷം) ഈ ടേമിലും (5 വര്‍ഷം) ആയി 13 വര്‍ഷം ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. ഇതിനുപുറമെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മുന്‍കാലഘട്ടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ പി അജയകുമാര്‍ (പ്രസിഡണ്ട്), എ സോമസുന്ദരന്‍ (വൈസ് പ്രസിഡണ്ട്), പി സൂര്യപ്രകാശന്‍, പി കെ ജയശങ്കര്‍, എം.പി മുഹമ്മദ് ഷാഫി, പി. ശ്രീനിവാസന്‍, എം പി സത്യനാരായണന്‍, യു. സുലൈമാന്‍, കെ ചന്ദ്രന്‍, വി കെ ജയശ്രീ, കെ ബി ബീന എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ബാങ്കിനെ നയിക്കുന്നത്. എം. പരമേശ്വരനാണ് ബാങ്കിന്റെ സെക്രട്ടറി.