ഹെല്‍മെറ്റ് മാന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തി. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി എണ്ണമറ്റ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രചാരണത്തിനാണ് രാഘവേന്ദ്ര കുമാറും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ക്കുന്നത്.
ഇക്കാലത്ത് റോഡും ഗതാഗത സംവിധാനങ്ങളും ഓരോരുത്തരുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. എല്ലാവരും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ റോഡ് ഉപഭോക്താക്കളാണ്. ഗതാഗത സംവിധാനങ്ങള്‍ ദുരത്തെ അടുത്താക്കി. പക്ഷേ, അപകട സാധ്യതകള്‍ വര്‍ധിച്ചു. മിക്കവാറും അപകടങ്ങളില്‍ വാഹനം ഓടിക്കുന്ന വ്യക്തിക്ക് സുപ്രധാന പങ്കുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവോ റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധമില്ലായ്മയോ ആണ് പല അപകടങ്ങള്‍ക്കും കാരണം. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേരുടെ ജീവന്‍ നഷ്ടമാകുകയും കോടിക്കണക്കിനു പേര്‍ക്ക് ഗുരുതര പരുക്കുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ റോഡ് സുരക്ഷാ വിദ്യാഭ്യാസം എന്നത് മറ്റ് അടിസ്ഥാനപരമായ കഴിവുകള്‍ക്ക് ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ്.
റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തില്‍ എത്തി. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി എണ്ണമറ്റ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രചാരണത്തിനാണ് രാഘവേന്ദ്ര കുമാറും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ചത്. പ്രചാരണഭാഗമായി സംസ്‌ഥാനത്ത് 500 ഹെൽമറ്റ് വിതരണം ചെയ്‌തു. ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ രാഘവേന്ദ്ര കുമാറും ജിഐപിഎല്ലുമായി ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷ പരിപാടിയിൽ അത്താണി സെൻ്റ് ഫ്രാൻസിസ് അസീസി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളും നെഹ്‌റു യുവകേന്ദ്രയും പങ്കെടുത്തു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജർ അഭിഷേക് തോമസ് വർഗീസ്, മാനേജർ ബിജുകുമാർ, ജിഐപിഎൽ ഡിജിഎം പി. ശങ്കരൻ, എംഎസ്‌വി ഇൻ്റർനാഷനൽ റസിഡൻ്റ് എൻജിനീയർ രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ റോഡ് അപകടങ്ങളെ കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപോര്‍ട്ടു പ്രകാരം 2022-ല്‍ കേരളത്തിലുണ്ടായത് 43,910 റോഡ് അപകടങ്ങളാണ്. 2021-നെ അപേക്ഷിച്ച് 32 ശതമാനത്തോളം വര്‍ധനവാണിത്. 2018-നു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ രേഖപ്പെടുത്തിയത് 2022-ലാണ്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടായ റോഡ് അപകടങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്തുമാണ്.
ഹെല്‍മെറ്റ് മാന്‍ എന്നു പൊതുവെ അറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ബീഹാറിലെ കൈമൂറിലുള്ള കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ്. 2014-ല്‍ നോയ്ഡയിലുണ്ടായ റോഡ് അപകടത്തില്‍ അദ്ദേഹത്തിന് അടുത്ത സുഹൃത്തിന്റെ ജീവന്‍ നഷ്ടമായി. ആ സമയത്ത് അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അതിനു ശേഷം റോഡ് സുരക്ഷ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് രാധവേന്ദ്ര കുമാര്‍ ഒരു ദൗത്യമായി ഏറ്റെടുത്തു. അദ്ദേഹം ഇരുചക്ര വാഹന ഉടമകള്‍ക്ക് സൗജന്യമായി ഹെല്‍മെറ്റു നല്‍കാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഒരു ഇരുചക്ര വാഹനക്കാരന്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അദ്ദേഹം ഉടന്‍ ഹെല്‍മെറ്റ് സംഭാവന ചെയ്യും. ഇതുവരെ അദ്ദേഹം 60,000-ത്തോളം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുക, അപകടകരമായ ഡ്രൈവിങ് രീതികള്‍ ഒഴിവാക്കുക തുടങ്ങിയവയില്‍ നാം അവബോധം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് രാഘവേന്ദ്ര കുമാര്‍ പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നത് റോഡ് അപകടങ്ങള്‍ ഗണ്യമായി കുറക്കുന്നതില്‍ വലിയ പങ്കു വഹിക്കുമെന്നും സുരക്ഷിതമായ റോഡ് സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ എന്നത് 365 ദിവസവും നീണ്ടു നില്‍ക്കേണ്ട ഒന്നാണ്. അത് ഒരാഴ്ചയോ മാസമോ മാത്രം നീളുന്ന ബോധവല്‍ക്കരണ കാമ്പെയിനല്ല. ആരുടെയെങ്കിലും രക്തം റോഡില്‍ ചീന്താന്‍ അനുവദിക്കരുത്. സുരക്ഷിതമായി വീട്ടിലെത്താന്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമ്മെ ഓര്‍മിപ്പിക്കണം. റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ക്ക് ജിഐപിഎല്‍ നല്‍കുന്ന പിന്തുണയെ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ എല്ലാവരിലും ആശങ്ക ഉണര്‍ത്തുന്നതായും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ബന്ധപ്പെട്ട എല്ലാവരുടേയും യോജിച്ച പ്രവര്‍ത്തനങ്ങളും വേണമെന്ന് ജിഐപിഎല്‍ ഡിജിഎം പി ശങ്കരന്‍ പറഞ്ഞു. സുരക്ഷിത റോഡ് സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയതല നീക്കത്തിനായുള്ള തങ്ങളുടെ എളിയ സംഭാവന നല്‍കുവാന്‍ ആഹ്ലാദമുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് റോഡ് സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതാണ്. റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കുവാനും ഉത്തരവാദിത്ത ഡ്രൈവിങ് ശീലങ്ങള്‍ വളര്‍ത്താനുമുള്ള രാഘവേന്ദ്ര കുമാറിന്റെ ആദ്യ സന്ദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അപകടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി 1264 റോഡ് അപകടങ്ങളും 462 മരണങ്ങളുമാണ് ഉണ്ടാകുന്നത്. അതായത് ഓരോ മണിക്കൂറിലും 53 അപകടങ്ങളും 19 മരണങ്ങളും. ഈ റിപോര്‍ട്ട് പ്രകാരം 2022-ല്‍ രാജ്യത്ത് 4,61,312 അപകടങ്ങളുണ്ടായി. 1,68,491 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 4,43,366 പേര്‍ക്ക് റോഡ് അപകടങ്ങള്‍ മൂലം പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.