കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം
കോവിഡ്-19 സാരമായി ബാധിച്ച കേരളത്തിലെ കര്‍ഷകര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും വായ്പ നല്‍കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് 1500 കോടി രൂപയും കേരള ഗ്രാമീണ്‍ ബാങ്കിന് 1000 കോടി രൂപയും ഇളവുകളോടെ നബാര്‍ഡ് അനുവദിച്ചു. കോവിഡ് ഏറെ ആഘാതമേല്‍പ്പിച്ച കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും തിരിച്ചുവരവ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. സ്പെഷ്യല്‍ ലിക്വിഡിറ്റി സംവിധാനത്തിനു കീഴിലാണ് സഹായം.
കാര്‍ഷിക മേഖലയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിന് രാജ്യത്തെ പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കും കേന്ദ്ര ഗവണ്മെന്റും 25000 കോടി രൂപ പ്രത്യേക സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ശ്രീ. ആര്.ശ്രീനിവാസന് അറിയിച്ചു.