കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്നും ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ന്യൂ അല്‍മ ഹോസ്പിറ്റല്‍ മേധാവി ഡോ. കമ്മപ്പ വിജയഗാഥയോട് വിശദീകരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സവിശേഷതകളെക്കുറിച്ചും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റലിനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന ഖ്യാതി കൂടിയുള്ള അദ്ദേഹം വിശദമാക്കുന്നു
……………………………………………
ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഏത് രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അനിശ്ചിതത്വത്തിലാണ് സകലരും. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴെന്നാണ് കേരളത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധനും മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. കമ്മപ്പ പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് അദ്ദേഹം വിജയഗാഥയുമായി പങ്കുവെച്ചത്.
സാര്‍സിന്റെ മരണനിരക്ക് 12 ശതമാനമായിരുന്നു. കൊറോണയുടേത് 3-5 ശതമാനമാണ്
ഒന്ന് വാക്‌സിനേഷന്‍ കണ്ടു പിടിച്ച് കൊറോണയെ വരുതിയാലാക്കാമെന്നതാണ്. എന്നാല്‍ അതിന് ഏറ്റവും ചുരുങ്ങിയത് ഒന്നൊന്നര വര്‍ഷമെങ്കിലുമെടുക്കും. അതാണ് ഒരു സാധ്യത. രണ്ടാമത്തെ സാധ്യത ഇത് എച്ച്1എന്‍1 പോലെ ഇടയ്ക്കിടെ കുറച്ച് സ്ഥലങ്ങളില്‍ വന്ന് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നതാണ്.
പ്രശ്‌നമല്ലാത്ത ഒരു അസുഖമായി ഇതിന് മ്യൂട്ടേഷന്‍ സംഭവിക്കുകയും ചെയ്യാം. അതേസമയം പേടിക്കേണ്ട രീതിയില്‍ രൂപമാറ്റം വരുകയുമാകാം. ഇതാണ് മൂന്നാമത്തെ സാധ്യത-ഡോ.കമ്മപ്പ പറയുന്നു. ഈ കൊറോണയുടെ ചേട്ടനായിരുന്നു സാര്‍സ്. അതിന്റെയും ചേട്ടനായിരുന്നു മെര്‍സ്. സാര്‍സിന്റെ മരണനിരക്ക് 12 ശതമാനമായിരുന്നു. കൊറോണയുടേത് 3-5 ശതമാനമാണ്. മെര്‍സിന്റേത് 34 ശതമാനമായിരുന്നു. ആ രീതിയില്‍ ഇതിന് രൂപഭേദം സംഭവിക്കുകയുമാകാം-അദ്ദേഹം വിശദമാക്കുന്നു.
മരണനിരക്ക് കുറയാന്‍ കാരണം
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് ഇപ്പോള്‍ ഇന്ത്യയില്‍ കുറവാണെന്ന് കമ്മപ്പ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വേരിയന്റ് ഇപ്പോള്‍തന്നെ ഇവിടെ കണ്ടുപിടിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും 8000ത്തിലധികം പേരാണ് മരിച്ചിരിക്കുന്നത്. ശതമാനക്കണക്കില്‍ മരണം കൂടുതല്‍ ഇപ്പോള്‍ ബ്രസീലിലാണ് സംഭവിക്കുന്നത്.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ വൈറസ് വേരിയന്റ് വ്യത്യസ്തമാണ്. അതേസമയം കേരളത്തില്‍ ഗള്‍ഫില്‍ നിന്നും വന്ന വൈറസ് വേരിയന്റാണ് ശക്തം. ഗുജറാത്തില്‍ വന്നത് ഇറ്റലിയില്‍ നിന്നാണ്. വേരിയന്റനുസരിച്ചാണ് വൈറസിന്റെ രൂക്ഷത നിശ്ചയിക്കപ്പെടുന്നത്.
എന്റെ അഭിപ്രായത്തില്‍ ആരോഗ്യം എന്ന് പറയുന്നത് പൗരന്റെ മൗലികാവകാശമാണ്
കേരളം വളരെ പേടിക്കേണ്ട ഘട്ടത്തിലാണ് ഇപ്പോള്‍. സമൂഹ വ്യാപനത്തിന്റെ വക്കിലാണോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ്. ശരിക്ക് പറഞ്ഞാല്‍ ലോക്ക്ഡൗണ്‍ ഇപ്പോഴാണ് വേണ്ടത്. വരേണ്ടവരൊക്കെ വന്നതിന് ശേഷമായിരുന്നു ഫുള്‍ ലോക്ക്ഡൗണ്‍ വേണ്ടിയിരുന്നത്-ഡോ. കമ്മപ്പ പറയുന്നു.
കേരളത്തിലേതാണ് മാതൃക
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആരോഗ്യ മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ശരിയായ ആരോഗ്യ മാതൃക കേരളത്തിന്റേതാണെന്നും ഡോ. കമ്മപ്പ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചിരിക്കയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍. അതിന്റെ തിക്തഫലമാണ് അവര്‍ അനുഭവിക്കുന്നത്. എന്നാല്‍ നമ്മുടെ ഇവിടെ പൊതുജനാരോഗ്യ സംവിധാനം വളരെ ശക്തമാണ്. അതിനാലാണ് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്.
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ആരോഗ്യ മാതൃകകള്‍ മാറണമെന്ന മുറവിളികള്‍ വന്നുകഴിഞ്ഞു. എന്റെ അഭിപ്രായത്തില്‍ ആരോഗ്യം എന്ന് പറയുന്നത് പൗരന്റെ മൗലികാവകാശമാണ്. അത് സ്റ്റേറ്റ് നല്‍കണം-ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭകന്‍ നയം വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മാത്രം ആരോഗ്യ മേഖല കൈയടക്കിവച്ചിരിക്കുന്ന രീതിയും ശരിയല്ല
കേരളത്തിലെ സിസ്റ്റമാണ് നല്ലത്. 70:30 ആണ് നമ്മുടെ അനുപാതം. 70 ശതമാനം സ്വകാര്യ മേഖലയിലും 30 ശതമാനം പൊതുമേഖലയിലുമാണ്. നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക നില വച്ച് 30 ശതമാനത്തിനേ പൂര്‍ണമായും സൗജന്യ ചികില്‍സയുടെ ആവശ്യമുള്ളൂ.
സര്‍ക്കാര്‍ മാത്രം ആരോഗ്യ മേഖല കൈയടക്കിവച്ചിരിക്കുന്ന രീതിയും ശരിയല്ല. ഇംഗ്ലണ്ടില്‍ ആരോഗ്യ മേഖല മുഴുവനും സര്‍ക്കാരിന്റെ കീഴിലാണ്. അതിന്റെ പ്രശ്‌നം സ്‌പെഷലിസ്റ്റുകളുടെ അപ്പോയ്ന്‍മെന്റ് കിട്ടാന്‍ ഏറെ കാലതാമസമെടുക്കും എന്നതാണ്. എന്നാല്‍ ഇവിടെ അങ്ങനെ പ്രശ്‌നമില്ല. പൊതുമേഖലയും സ്വകാര്യമേഖലയും കൂടി ചേര്‍ന്ന സംവിധാനമാണ് ജനങ്ങള്‍ക്ക് നല്ലത്-ഡോ. കമ്മപ്പ പറയുന്നു.
കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളം എന്ന പേര് ലോകമെങ്ങും വ്യാപിച്ച് കഴിഞ്ഞു. സകലമാന മാധ്യമങ്ങളും കേരളത്തെ കുറിച്ച് എഴുതി കഴിഞ്ഞു. ഈ ഒരു പേര് ഹെല്‍ത്ത് ടൂറിസത്തില്‍ മുതലെടുക്കാന്‍ പറ്റും, കൊറോണ കഴിഞ്ഞാല്‍-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കോവിഡ് കാലത്തും പിടിച്ചുനില്‍ക്കുന്നു
കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ പല വന്‍കിട ആശുപത്രികളും പ്രതിസന്ധിയിലാണെങ്കിലും വലിയ കുഴപ്പമില്ലാതെ പിടിച്ചുനില്‍ക്കുന്നുണ്ട് ന്യൂ അല്‍മ ഹോസ്പിറ്റല്‍. ലോ കോസ്റ്റ് മോഡല്‍ പ്രവര്‍ത്തന രീതിയാകാം ഇതിന് കാരണമെന്നാണ് ഡോ. കമ്മപ്പ ചൂണ്ടിക്കാട്ടുന്നത്.
34 വര്‍ഷമായി മണ്ണാര്‍ക്കാട് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല
പ്രസവത്തിന് പേരുകേട്ട ആശുപത്രിയാണ് ന്യൂ അല്‍മ. കഴിഞ്ഞ മാസവും 281 ഡെലിവറിയുണ്ടായി. ഒരു നോര്‍മല്‍ പ്രസവത്തിന് ന്യൂ അല്‍മ ആശുപത്രിയില്‍ 15,000 രൂപയേ വരുന്നുള്ളൂ. സിസേറിയനാണെങ്കിലും 25,000 രൂപയേ വരൂ. അധികച്ചെലവ് വരുന്നില്ല. ഇത്തരത്തിലുള്ള മോഡല്‍ കാരണമാകാം ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്.
ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന വിശേഷണം കൂടിയുള്ള ഡോ. കമ്മപ്പ നോര്‍മല്‍ ഡെലിവറികള്‍ക്കാണ് കൂടുതലും ശ്രദ്ധ നല്‍കുന്നത്. 34 വര്‍ഷമായി മണ്ണാര്‍ക്കാട് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ആറ് കൊല്ലം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് ചെറിയ തോതില്‍ 1995ല്‍ സ്വന്തം ആശുപത്രി തുടങ്ങുന്നത്. അതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കൊറോണയും ഗര്‍ഭിണികളും
കൊറോണ കാലത്ത് ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ഡോ. കമ്മപ്പ പറയുന്നു. ഗര്‍ഭിണികള്‍ക്ക് പല വൈറസ് അസുഖങ്ങളും പ്രശ്‌നമാണ്. എച്ച്1എന്‍1 പനി സാധാരണ ആളുകള്‍ക്ക് വന്നാല്‍ വലിയ പ്രശ്‌നമില്ല. ഗര്‍ഭിണികള്‍ക്ക് വന്നാല്‍ സങ്കീര്‍ണമാണ്. എന്നാല്‍ അതിന് ആന്റിവൈറല്‍ മരുന്നുണ്ട്. അതുപോലെ തന്നെ കൊറോണ വന്നാലും പ്രശ്‌നമാണ്.
ഗര്‍ഭമുള്ള സ്ത്രീകള്‍ക്ക് കൊറോണ വന്നാല്‍ അത് കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതു വരെ കൃത്യമായ ധാരണയിലേക്കെത്താന്‍ ലോകത്തിന് സാധിച്ചിട്ടില്ല. പുതിയ വൈറസായതാണ് കാരണം-അദ്ദേഹം പറയുന്നു.