സാദിഖ്, ആഷിഖ് – ഡയറക്ടേഴ്‌സ്, സാദിഖ് സ്റ്റോഴ്‌സ്, കൊല്ലം
പലചരക്ക് വ്യവസായത്തില്‍-ഹോള്‍സെയില്‍ മേഖലയിലെ കരുത്തുറ്റ നാമമാണ് കൊല്ലത്ത് ചിന്നക്കടയിലെ സാദിഖ് സ്റ്റോഴ്‌സ്. ഈ മേഖലയില്‍ തങ്ങള്‍ നേടിയെടുത്ത അനിഷേധ്യ മേധാവിത്വത്തേക്കുറിച്ചും ബിസിനസില്‍നിന്ന് തങ്ങള്‍ നേടിയ അറിവിനേക്കുറിച്ചും ഇരട്ട സഹോദരങ്ങളായ സാദിഖും ആഷിഖും വിജയഗാഥയോട് സംസാരിക്കുന്നു.
സംരഭത്തിലേക്കിറങ്ങുന്നവര്‍ അതാതുമേഖലയില്‍ ആവശ്യമായ പ്രവര്‍ത്തിപരിചയം സ്വന്തമാക്കിയിട്ടുവേണം സ്വതന്ത്രമായി തുടങ്ങുവാന്‍. സംരംഭകന്‍ തന്റെ മേഖലയിലെ പരമ്പരാഗത രീതികള്‍ മുഴുവന്‍ പഠിച്ചെടുത്തതിന് ശേഷം ഈ മേഖലയില്‍ ആധുനിക കാലത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം പ്രവര്‍ത്തം വിപുലീകരിക്കാന്‍. ഏത് മേഖലയിലായാലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ നാം വരുത്തിയേ മതിയാകൂ. മാത്രമല്ല തീര്‍ത്തും പുതിയതായ ഒരു ആശയവുമായി മുന്നോട്ടു പോകുമ്പോള്‍ ജനങ്ങള്‍ അത് സ്വീകരിക്കണമെങ്കില്‍ ഒരുപക്ഷെ ധാരാളം കാലതാമസം നേരിട്ടേക്കാം. ഈ കാലതാമസം ഒരുപക്ഷെ സംരംഭകന്റെ ആത്മവിശ്വാസം കുറയ്ക്കാനും സാമ്പത്തിക അസ്ഥിരത ഉണ്ടാകുവാനും കാരണമായേക്കാം. അതുകൊണ്ട് കാലതാമസം മുന്നില്‍ പ്രതീക്ഷിച്ച് വേണം പ്രവര്‍ത്തിക്കാന്‍ . സാദിഖ് പറയുന്നു.
ബിസിനസ്സിന്റെ അടിത്തറ എന്നത് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ആണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ നമ്മുടെ അടുത്തേക്ക് കസ്റ്റമറെ എപ്പോഴും ആകര്‍ഷിക്കുവാനായി എന്തൊക്കെ ചെയ്യാം എന്നതിനേക്കുറിച്ച് സംരംഭകന്‍ ഊണിലും ഉറക്കത്തിലും ചിന്തിച്ചു പ്രവര്‍ത്തിക്കണം. ബിസിനസ്സില്‍ ഒരു അസംതൃപ്തനായ കസ്റ്റമര്‍ക്ക് 100 സംതൃപ്തനായ കസ്റ്റമേഴ്‌സ് നല്‍കിയ സല്‍പ്പേര് ഇല്ലാതാക്കാന്‍ സാധിക്കും; പ്രത്യേകിച്ച് ഈ സേഷ്യല്‍ മീഡിയ യുഗത്തില്‍, ആഷിഖ് പറയുന്നു.
നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ച് നിന്ന് കഠിനമായി പ്രവര്‍ത്തിക്കുകയും ബുദ്ധിപരമായ തീരുമാനം കൃത്യസമയങ്ങളില്‍ എടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പാണ്. ലോകപ്രശസ്ത എഴുത്തുകാരനായ പൌലോ കൊയ്‌ലോ തന്റെ ആല്‍കെമിസ്റ്റ് എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ ”നിങ്ങള്‍ ഒരു സദുദ്ദേശ്യത്തോടുകൂടി മുന്നിട്ടിറങ്ങുമ്പോള്‍ അത് സാധ്യമാക്കാന്‍ നിങ്ങള്‍ പോലുമറിയാതെ ഈ ലോകം കൂടെനില്‍ക്കും”. ശുഭാപ്തിവിശ്വാസത്തോടെ യാത്ര തുടരുക. സാദിഖ് കൂട്ടിച്ചേര്‍ത്തു.
യുവസംരംഭകര്‍ യുവാക്കളുടെ ഒരു ടീമിനെ സൃഷ്ടിക്കുതായിരിക്കും കുറച്ചുകൂടി ഉചിതം. അപ്പോള്‍ സമാനചിന്താഗതി വരികയും അതിന്റെ ഫലപ്രാപ്തിക്കായി ഒരേ മാനസിക ഐക്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംജാതമാവുകയും ചെയ്യും. യുവാക്കളുടെ ടീമിനെ ഏത് രീതിയിലേക്ക് വേണമെങ്കിലും നമുക്ക് പരിവര്‍ത്തനം ചെയ്യാം. നമ്മള്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്തുതരും. വിവിധ തരത്തിലുള്ള ആശയവിനിമയങ്ങള്‍ സാധ്യമാകുന്നതിലൂടെ പല പുതിയ രീതികളും നമുക്ക് കണ്ടെത്താന്‍ സാധിക്കും ആഷിഖ് പ്രസ്താവിക്കുന്നു.
കര്‍മ്മനിരതനായിരിക്കണം സംരംഭകന്‍. കസ്റ്റമേഴ്‌സുമായി എത്രത്തോളം അടുക്കാന്‍ സാധിക്കുമോ അത്തരം അവസരം നഷ്ടപ്പെടുത്താതിരിക്കുക. കൂടാതെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യത പുലര്‍ത്തണം. ഇങ്ങനെ ചെയ്യുതിലൂടെ ഓരോ ഇടപാടിലും നമുക്ക് മുന്‍തൂക്കം നേടിയെടുക്കാന്‍ സാധിക്കും. സ്ഥാപനം ചെലവാക്കുന്ന പണം തിരികെ ലാഭമായി ലഭിക്കുവാന്‍ വേണ്ട പ്ലാന്‍ A, B, C എന്നിവ എപ്പോഴും തയ്യാറാക്കിയിരിക്കണം. അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കണം. ബിസിനസ്സില്‍ മാത്രമേ മത്സരങ്ങള്‍ ഉണ്ടാകാവൂ. വ്യക്തിപരമായി മത്സരങ്ങള്‍ വരരുത്.
ഒരു വലിയ അതിജീവനത്തിന്റെ കഥയാണ് സാദിഖ്-ആഷിഖ് സഹോദരങ്ങളുടേത്. 8-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ അകാലമരണം. കേവലം 13 വയസ്സ് മാത്രമുള്ള കുട്ടികള്‍ ബിസിനസ്സിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ഉത്സവപ്പറമ്പില്‍ തനിച്ചായിപ്പോയ കുഞ്ഞിന്റെ നിസ്സഹായാവസ്ഥ. പക്ഷെ തളര്‍ന്നില്ല; മാതാവും ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താങ്ങും തണലുമായി കൂടെ നിന്നു. പരാജയം കാണാന്‍ തക്കം പാര്‍ത്തിരുന്നവരും ധാരാളം. സത്യത്തില്‍ ഈ രണ്ടുകൂട്ടരും വിജയിക്കുവാനുള്ള ഊര്‍ജജം തയൊണ് നല്‍കിയത്. അതിന്റെ ഫലമാണ് സാദിഖ് സ്റ്റോഴ്‌സ് കേരളത്തില്‍ അറിയപ്പെടുന്ന ബ്രാന്റായി മാറിയത്. മൂന്നാം തലമുറയിലേക്ക് കടക്കുന്ന സാദിഖ് സ്റ്റോഴ്‌സ് ജൈത്രയാത്ര തുടരുകയാണ്.