ഇത് ഒരു അതീജീവനത്തിന്റെ കഥയല്ല, മറിച്ച് ഒരു നാടിന്റെ പൈതൃകം തിരിച്ചറിഞ്ഞ് അത് സ്വായത്തമാക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥയാണ്. അതാണ് അബ്ദുള്‍ അസീസ്, അസീസിയ ഓര്‍ഗാനിക് ഫാമിന്റെയടക്കം അസീസിയ ഗ്രൂപ്പിന്റെ സാരഥി. രാസവളപ്രയോഗത്തില്‍ മലീമസമായ ഒരു ഭക്ഷ്യസംസ്‌കാരത്തെ ഉടച്ച് വാര്‍ത്ത് ജൈവവളപ്രയോഗത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച എന്‍ജിനീയറായ കര്‍ഷകന്‍. മണ്ണിന്റെ നൈസര്‍ഗീഗത നഷ്ടപ്പെടുത്താതെ ജൈവകൃഷിരീതിയില്‍ പൊന്നുവിളയിച്ചു ഈ മനുഷ്യസ്‌നേഹി. അസീസിയ ഓര്‍ഗാനിക് ഫാം നടത്തുന്ന ജൈവവിപ്ലവത്തിന്റെ കഥയാണിത്.
അനാരോഗ്യകരമായ അവസ്ഥയില്‍ നിരവധി മരുന്നുകള്‍ ഉപയോഗിച്ചിരുന്ന അസീസ്, എന്തുകൊണ്ട് തന്റെ ഭക്ഷണരീതി മാറ്റിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ മായമില്ലാത്ത ഭക്ഷണം കഴിക്കുവാനായി പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്യാനായി ഒരു ഫാം തുടങ്ങി. എന്നാല്‍ കൃഷിയില്‍ നിന്നും ലഭിച്ച വിളകള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ തയ്യാറാകാതെ വന്നപ്പോള്‍ പാലാരിവട്ടത്ത് പാടിവട്ടത്തെ തന്റെ സ്ഥലത്ത് ഒരു ഷെഡ് കെട്ടി ജൈവ പച്ചക്കറിയുടെ വിപണനം ആരംഭിച്ചു. അവിടെ ജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ജൈവരീതിയില്‍ കൂടുതല്‍ കൃഷി ആരംഭിച്ചു. ഇതിനേക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടാനായി. ജൈവകൃഷിയുടെ ആചാര്യന്‍ കെ.വി. ദയാലിനെ കണ്ട് സംസാരിക്കുകയും മേഖലയേക്കുറിച്ച് കൂടുതലായി പഠിക്കുകയും ചെയ്തു.
തുടര്‍ന്ന് തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലായി വിശാലമായ ഫാമുകള്‍ തുടങ്ങി. അമിത ലാഭം മോഹിക്കാതെ ശുദ്ധമായ ഭക്ഷണം കഴിക്കാന്‍ വേണ്ടി പഴങ്ങളും, പച്ചക്കറികളും, പാലും, മുട്ടയും, മത്സ്യവുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെ കൃഷി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളും അസീസിയുടെ പാടിവട്ടത്തെ ജൈവ പച്ചക്കറി ഷോപ്പിലൂടെ വിപണനം നടത്തുന്നു. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് അബ്ദുള്‍ അസീസ് സമൂഹത്തിന് കാണിച്ചുകൊടുത്തു. വെള്ളരി, പാവല്‍, പടവലം, വഴുതന, പച്ചമുളക്, തക്കാളി, വെണ്ടക്ക, പീച്ചില്‍, പയര്‍, പപ്പായ തുടങ്ങിയ പച്ചക്കറികളും മത്സ്യകൃഷികളും ഇവിടെ ചെയ്യുന്നു. കൂടാതെ ഇവിടുത്തെ കോഴി ഫാമിലുള്ള 1000 കോഴികളില്‍ നിന്നും ദിവസേന 800 മുട്ടകള്‍ ലഭിക്കുന്നു. കന്നുകാലി ഫാമില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചിരിക്കുന്നു. മായമില്ലാത്ത നറുംപാലാണ് അസീസിയ ഫാം ജനങ്ങള്‍ക്ക് നല്‍കുത്. പോളി ഹൗസ് കൃഷിരീതിയിലും ഇവിടെ കൃഷി ചെയ്യുന്നു. ഇപ്പോള്‍ പാടിവട്ടത്ത് അസീസിയ ഓര്‍ഗാനിക് ഷോപ്പിനോടു ചേര്‍ന്ന് ഒരു ഓര്‍ഗാനിക് ഹോട്ടലും പ്രവര്‍ത്തിക്കുന്നു. മറ്റു ഹോട്ടലുകളില്‍ നിന്നും വിലകൂടുതലാണെങ്കിലും മായമില്ലാത്ത ഭക്ഷണം അസീസിയ ഓര്‍ഗാനിക് ഹോട്ടലില്‍ നിന്നും കഴിക്കാം. ഇതേ കോമ്പൗണ്ടില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന അസീസിയ കണ്‍വെന്‍ഷന്‍ സെന്ററും തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. 250 കാറുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ഏറ്റവും മികച്ച സൗകര്യങ്ങളാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോള്‍ തൃശൂരില്‍ പഴവില്‍, കൊടുങ്ങല്ലൂര്‍, കളമശ്ശേരി, ചേര്‍ത്തല, മൂന്നാര്‍, വയനാട്ടിലെ വൈത്തിരി എന്നിവിടങ്ങളിലും അസീസിയ ഫാം ജൈവരീതിയില്‍ കൃഷി നടത്തുന്നു.
സംരംഭകരോട്
ബിസിനസില്‍ നിന്നും ലഭിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്കുകള്‍ ഉണ്ടാക്കി സൂക്ഷിക്കണം. സംരംഭകര്‍ സ്ഥാപനത്തില്‍ നിന്ന് എടുക്കുന്ന ഓരോ തുകയ്ക്കും കൃത്യമായ കണക്കുണ്ടാകണം. സാഹചര്യങ്ങള്‍ ആവശ്യപ്പെടുതിനനുസരിച്ച് ബിസിനസ്സ് വിപുലീകരിക്കണം. എല്ലാത്തിലുമുപരി സംരംഭകന് തന്റെ മേഖലയില്‍ പാഷന്‍ ഉണ്ടായിരിക്കണം. ധനം മാത്രം മോഹിച്ച് ആരും സംരംഭത്വത്തിലേക്ക് ഇറങ്ങരുത്. സംരംഭകന്‍ തന്റെ മേഖലയെ ഏറ്റവും കൂടുതല്‍ ആസ്വദിച്ചാലേ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഏതൊരു പ്രതിസന്ധിക്കുള്ള ഉത്തരവും നമ്മുടെ കൈയ്യില്‍ തന്നെ ഉണ്ട്. അത് ശരിയായ രീതിയില്‍ കണ്ടെത്തുക.