സംരഭകത്വം കേരളത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് എന്ന് സംരംഭകര്‍ ഉറപ്പിച്ച് പറയുമ്പോള്‍, പ്രവര്‍ത്തനത്തിന്റെ 50 വര്‍ഷത്തെ സുവര്‍ണ്ണ കൊടുമുടി കീഴടക്കിയിരിക്കുന്നു അരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്വതി പൈപ്‌സ്. അശ്വതി പൈപ്‌സിന്റെ സാരഥി വി.അമര്‍നാഥ് സ്ഥാപനത്തിന്റെ 50 വര്‍ഷത്തെ ജൈത്രയാത്രയേക്കുറിച്ചും, സംരംഭകന്‍ എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണമെന്നും വിജയഗാഥയുമായി സംസാരിക്കുന്നു.
1971ല്‍ ഇപ്പോഴത്തെ സാരഥി വി.അമര്‍നാഥിന്റെ പിതാവ് എന്‍.വാണികുമാര്‍ നാഥ് ആണ് അശ്വതി പൈപ്‌സിന് തുടക്കം കുറിച്ചത്. സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ക്രാന്തദര്‍ശിയായ ആ സംരംഭകന്‍ ഗുണമേന്‍മയില്‍ പുലര്‍ത്തിയ ഉന്നതനിലവാരമാണ് അശ്വതി പൈപ്‌സിനെ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റാക്കി മാറ്റിയത്. 1998ല്‍ പിതാവിന്റെ അകാല നിര്യാണത്തേത്തുടര്‍ന്നാണ് അഡ്വക്കേറ്റായിരുന്ന വി. അമര്‍നാഥ് സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. തന്റെ പിതാവ് ബിസിനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന സത്യസന്ധതയും മൂല്യങ്ങളും കൈമുതലാക്കിയാണ് അമര്‍നാഥ് തന്റെ സംരംഭകയാത്ര തുടര്‍ന്നത്. അതിന്റെ ഫലമായി അശ്വതി പൈപ്‌സ് കേരളത്തില്‍ ഈ മേഖലയിലെ ഒന്നാമന്‍മാരായി മാറി.
ആര്‍.സി.സി.പൈപ്പുകള്‍, ഷട്ടര്‍ പൈപ്പുകള്‍, റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകള്‍, റെഡിമെയ്ഡ് വാട്ടര്‍ടാങ്കുകള്‍ എന്നിവയാണ് അശ്വതി പൈപ്‌സിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ജലസേചന പദ്ധതികള്‍, റോഡ് നിര്‍മ്മാണം, സീവേജ് ലൈന്‍, ഡ്രെയ്‌നേജ് നിര്‍മ്മാണം ഹാച്ചറി ഫീല്‍ഡ്, നെല്‍പ്പാട ജലസേചനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കളുടെ പ്രഥമ ചോയ്‌സായി അശ്വതി പൈപ്‌സ് മാറിയിരിക്കുന്നു.
അമര്‍നാഥിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പിന് കീഴില്‍ നാല് സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. അശ്വതി സ്പണ്‍ പൈപ്‌സ്, അശ്വതി പൈപ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അശ്വാ കോണ്‍, ആപ് കോണ്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ആലപ്പുഴ ജില്ലയിലെ അരൂരില്‍ 2 ഫാക്ടറികളും കൊല്ലം ജില്ലയില്‍ ആനയടിയിലും, ചാത്തന്നൂരിലുമായാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ മിലറ്ററി എന്‍ജിനീയറിംഗ് സര്‍വ്വീസിന്റെ (എം.ഇ.എസ്.) അംഗീകാരമുള്ള ഏകസ്ഥാപനവും അശ്വതി പൈപ്‌സ് ആണ്. വേള്‍ഡ് ബാങ്ക്, കേരള വാട്ടര്‍ അതോറിറ്റി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, അപ്പോളോ ടയേഴ്‌സ്, ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ അശ്വതി പൈപ്‌സിന്റെ ഉപഭോക്താക്കളായത് ഉന്നത ഗുണനിലവാരവും, സമയബന്ധിതമായ പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചതുകൊണ്ടുമാത്രമാണ്.
പുതിയ സംരംഭകരോട്
പ്രതിസന്ധികള്‍ ബിസിനസ്സില്‍ സാധാരണമാണ്, എന്നാല്‍ അതിനെ തരണം ചെയ്യുക എന്നതാണ് സംരംഭകന്റെ ഉത്തരവാദിത്തം. സാമ്പത്തിക മേഖലയിലെ തകര്‍ച്ച, പ്രകൃതിദുരന്തങ്ങള്‍, മാര്‍ക്കറ്റിലെ അപ്രതീക്ഷിത ഇടിവുകള്‍ തുടങ്ങി വിവിധ കാരണങ്ങള്‍കൊണ്ട് ബിസിനസ്സില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം. സാമ്പത്തിക അച്ചടക്കത്തിലൂടെ പലതരം പ്രതിസന്ധികളെയും നമുക്ക് മറികടക്കാം. ഏത് ഉല്‍പ്പന്നം നിര്‍മ്മിച്ചാലും കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡി, പ്രൊഡക്ട് സ്റ്റഡി എന്നിവ നടത്തിയിരിക്കണം. അനുകരണങ്ങളുടെ പുറകേ പോകാതിരിക്കുക. സംരംഭകര്‍ തന്റെ ഉപഭോക്താക്കളോടും തൊഴിലാളികളോടും 100 ശതമാനം നീതി പുലര്‍ത്തുകയും സത്യസന്ധത പാലിക്കുകയും ചെയ്യണം. താല്‍ക്കാലിക ലാഭത്തിനായി ഗുണനിലവാരത്തില്‍ കുറവ് വരുത്തരുത്. പ്രതിസന്ധികളില്‍നിന്നും ഒളിച്ചോടാതെ അതിന് പരിഹാരം കാണുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍.
സാമൂഹിക പ്രവര്‍ത്തകന്‍
വി. അമര്‍നാഥ് 2015-16 കാലയളവില്‍ ലയസ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് 318ന്റെ (ആലപ്പുഴ, എറണാകുളം, ഇടുക്കി) ഗവണര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ കേരള മള്‍ട്ടിപ്പിളിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ പ്രസിഡന്റാണ്. കെ.എസ്.എസ്.ഐ.എയുടെ ഭാരവാഹിത്വം വഹിക്കുന്നു. കൂടാതെ സമൂഹത്തിന്റെ നാനാതുറകളിലും സേവനരംഗത്തും സജീവ സാന്നിദ്ധ്യമാണ് വി.അമര്‍നാഥ്.