Monday, November 25Success stories that matter
Shadow

പാഠമാക്കാം ദിനേശന്റെ വിജയഗാഥ

0 0

2020 മാര്‍ച്ച് 23ാം തീയതി രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, ഒരു ട്രക്ക് നിറയെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി കോഴിക്കോട് നിന്നും തിരുവനന്തുപുരത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു ദിനേശന്‍ എന്ന യുവസംരംഭകന്‍. കോറോണ ഭീതിപരത്തിയിരുന്ന ആ ദിനങ്ങളില്‍ ഇത്തരമൊരു യാത്രചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചത് ജീവിതമെന്ന പരീക്ഷ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു. ഇല്ലായ്മയുടെ നടുവില്‍ ജനിച്ചുവീണ്, പ്രതിസന്ധികളോട് പോരാടി, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ എ.കെ.ദിനേശന്‍ എന്ന നാദാപുരംകാരന്റെ ജിവിതകഥയാണ് ഇത്. ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച് കോടികള്‍ ടേണോവറുള്ള ഡിന്‍സ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായി മാറിയ ദിനേശന്‍, ജീവിതവിജയം ആഗ്രഹിക്കുന്ന മലയാളികളായ നാം ഓരോരുത്തരും പാഠമാക്കേണ്ട വ്യക്തിയാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പിന്‍തിരിഞ്ഞ് ഓടാതെ, വിജയിച്ച് മുന്നേറാനുള്ള അടങ്ങാത്ത ആഗ്രഹം ഒന്നുമാത്രമാണ് ദിനേശന്റെ കൈമുതല്‍. മാതാപിതാക്കള്‍ തുന്നല്‍ക്കാരനാക്കാന്‍ ആഗ്രഹിച്ച ദിനേശന്‍ ഇന്ന് അനേകം പേര്‍ക്ക് ജീവിതം തുന്നിച്ചേര്‍ക്കാന്‍ കാരണക്കാരനായതെങ്ങിനെയെന്ന് നമുക്ക് നോക്കാം.

പ്രതിസന്ധികളുടെ ബാല്യം

നാദാപുരത്തിനടുത്ത് വളയം എന്ന ഗ്രാമത്തില്‍ കുമാരന്റെയും മാതുവിന്റെയും നാലുമക്കളില്‍ രണ്ടാമനായാണ് ദിനേശന്‍ ജനിച്ചത്. കൂലിപ്പിണിക്കാരായിരുന്ന മാതാപിതാക്കള്‍ക്ക് മക്കളെ വളര്‍ത്താന്‍ നന്നേ വിയര്‍ക്കേണ്ടി വിന്നരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസം പോലും പലപ്പോഴും പ്രതിസന്ധിയിലായിരുന്നു മുമ്പോട്ടുപായിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ദിനേശന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. സഹോദരങ്ങളില്‍ പലരും പഠനം പാതിവഴിയില്‍ നിര്‍ത്തിയെങ്കിലും ദിനേശന്‍ ആത്മവിശ്വാസത്തോടെ പഠിക്കുകയും വിജയശതമാനം തീരെയില്ലാത്ത ആ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ്സ് പാസ്സായി. അപ്പോഴാണ് അടുത്ത പ്രതിസന്ധി, തുടര്‍ന്ന് പഠിക്കണം, വീട്ടില്‍നിന്ന് ഒരുരൂപ എടുക്കാനില്ല. ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി ഒരു തുന്നല്‍ക്കാരനാകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു. ഒരു കൈത്തൊഴില്‍ പഠിച്ചാല്‍ കുറച്ചുകൂടി മികച്ച ജീവിത സാഹചര്യം മകന് ലഭിക്കും എന്ന് ചിന്തയായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ തുടര്‍ന്ന് പഠിക്കണമെന്നും ജീവിതത്തില്‍ മുേന്നറണമെന്നും മനസ്സില്‍ തീരുമാനിച്ചു. തുടര്‍ന്ന് പഠിക്കുവാനുള്ള ആഗ്രഹത്തെ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഈശ്വരന്‍ എന്ന ശക്തി ദിനേശനെ മുന്നോട്ടുനയിച്ചു. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി അതേ സ്‌കൂളില്‍ തന്നെ ദിനേശന്‍ പ്ലസ് വണ്ണിന് ചേര്‍ന്നു. ക്ലാസ്സില്ലാത്ത സമയങ്ങളില്‍ ചെറിയ ചെറിയ ജോലികള്‍ക്ക് പോയും മറ്റുചില സഹായങ്ങളിലൂടെയുമെല്ലാം പഠനത്തിനുള്ള വക കണ്ടെത്താന്‍ ദിനേശന് സാധിച്ചു. തന്റെ സ്‌ക്കൂളില്‍ പ്ലസ്ടുവിന് 48 പേരില്‍ 7 പേര്‍ മാത്രം ജയിച്ചപ്പോള്‍ അതില്‍ ഒരാളായി മാറി ഇവിടെയും ദിനേശന്‍ തന്റെ നയം വ്യക്തമാക്കി. എന്നാല്‍ അവിടെയും പുതിയ പ്രതിസന്ധി ഉയര്‍ന്നുവന്നു. തുടര്‍വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെ കണ്ടെത്തും എതായിരുന്നു അടുത്ത കടമ്പ. കൂടാതെ പഠനം ഉപേക്ഷിക്കുവാന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും ഉപദേശം. ദിനേശന്‍ ഒരു തൊഴിലിനിറങ്ങിയാല്‍ വീടിന്റെ സാമ്പത്തികനില മെച്ചപ്പെടുമെന്ന ഉപദേശവും ഉണ്ടായി. ഡിഗ്രിക്ക് കോളേജില്‍ ചേരാന്‍ വഴി അന്വേഷിച്ചുനടന്ന ദിനേശന്റെ മുന്നില്‍ വഴിതുറുന്ന് കൊടുത്തത് അന്നത്തെ നാദാപുരം എം.എല്‍.എ. സത്യന്‍ മൊകേരിയായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ നാട്ടിലെ പാരലല്‍ കോളിജില്‍ ദിനേശന്‍ ബി.എ.യ്ക്കു ചേര്‍ന്നു. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ചെറിയ പാര്‍ട്ട’്‌ടൈം ജോലികള്‍ ചെയ്തും അവിടെയും പഠനത്തിനുള്ള വക ദിനേശന്‍ സംഘടിപ്പിച്ചു. മാത്രമല്ല എല്ലാവരെയം അമ്പരപ്പിച്ചുകൊണ്ട് ഫസ്റ്റ്ക്ലാസ് മാര്‍ക്കോടെ ബി.എ. പാസ്സായ ദിനേശന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു താന്‍ തുന്നല്‍ക്കാരനാകാന്‍ ജനിച്ചവനല്ലെന്ന്. ആ ഫസ്റ്റ്ക്ലാസ്സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എല്‍.എല്‍.ബി.യ്ക്ക് അപേക്ഷിച്ച ദിനേശന് തിരുവനന്തപുരം ലോ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ അഡ്മിഷനുവേണ്ടി തിരുവനന്തപുരം ലോ കോളേജില്‍ എത്തിയ ദിനേശന് അഡ്മിഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും അടയ്ക്കാന്‍ പണം ഇല്ലാത്തതിനാല്‍ നിറകണ്ണുകളോടെ നാട്ടിലേക്ക് തിരികെ പോകേണ്ടിവന്നു. തുടര്‍വിദ്യാഭ്യാസം എന്ന മോഹം അതോടെ അവസാനിച്ചു.

കോഴിക്കോട് വിടുന്നു

വിദ്യാഭ്യാസം എന്ന മോഹം അവസാനിപ്പിച്ച് ദിനേശന്‍ ജോലിക്കായി ശ്രമം തുടങ്ങി. ഈ സമയത്ത് മാതാ അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട ഒരു വ്യക്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഒരു ജോലി തരപ്പെടുത്താം എന്ന് ഉറപ്പുനല്‍കി. യാത്രാചിലവിനുള്ള പണം സംഘടിപ്പിച്ച് ഒരു ബാഗില്‍ 4 ജോഡി ഡ്രസ്സുകളുമായി ദിനേശന്‍ കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ കൊച്ചിയിലെത്തിയ ദിനേശന്‍ അമൃത ആശുപത്രിയില്‍ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്തു. അന്നുതന്നെ അമൃത ആശുപത്രിയില്‍ ന്യൂട്രിഷന്‍ ഡിപ്പാര്‍ട്ട്്‌മെന്റില്‍ ജോയിന്‍ ചെയ്തു. 1500 രൂപയായിരുന്നു ആദ്യ ശമ്പളം. ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ മാത്രമാണ് ആ ജോലിയെ കണ്ടിരുന്നത്. അതൊരു ‘വലിയ യാത്രയുടെ’ തുടക്കമാകുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല, ദിനേശന്‍ പറയുന്നു. ജോലിയോടൊപ്പം മറ്റ് അനുബന്ധ കോഴ്‌സുകളും പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്ന ദിനേശന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുവാന്‍ എറണാകുളത്ത് ചേര്‍ന്നു. ഇതോടൊപ്പം ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ദിനേശന് സാധിച്ചു. അതിന്റെ ഫലമായി രണ്ടുവര്‍ഷം കഴിഞ്ഞ് ആശുപത്രിയിലെ സര്‍ജിക്കല്‍ സ്റ്റോറിലേക്ക് ദിനേശന് പ്രമോഷനും ലഭിച്ചു. നാലുവര്‍ഷത്തെ കൊച്ചിയിലെയും അമൃത ആശുപത്രിയിലേയും ജീവിതം ദിനേശന്റെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ധാരാളം വളര്‍ച്ചയ്ക്ക് കാരണമായി. 2006-ല്‍ ദിനേശന്‍ തിരുവനന്തപുരത്ത് ഗോകുലം മെഡിക്കല്‍ കോളേജില്‍ സ്‌റ്റോര്‍ മാനേജരായി ചാര്‍ജ്ജെടുത്തു. അവിടെ MCA ഇന്‍സ്‌പെക്ഷനാവശ്യമായ എല്ലാ നടപടിക്രമങ്ങളും ആ വര്‍ഷം ദിനേശന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ഇന്‍സ്‌പെക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഒരു വര്‍ഷത്തെ ഗോകുലം മെഡിക്കല്‍ കോളേജിലെ ജോലിക്കുശേഷം അദ്ദേഹത്തിന് 2007-ല്‍ കോഴിക്കോട് സ്വന്തം നാടായ മിംസ് ആശുപത്രിയില്‍ പര്‍ച്ചേസ് വിഭാഗത്തില്‍ ജോലി ലഭിച്ചു. 2010 വരെ അവിടെ പര്‍ച്ചേസ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതോടെ സ്‌റ്റോര്‍ മാനേജ്‌മെന്റ്, പര്‍ച്ചേസ് എന്നീ മേഖലകളില്‍ തന്റെ പ്രാവീണ്യം തെളിയിക്കാന്‍ ദിനേശന് സാധിച്ചു. ഇത്രയുമായപ്പോള്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ സപ്ലൈ ചെയ്തുകൂടാ എന്ന് ദിനേശന്‍ ചിന്തിച്ചു. അതിന്റെ ഫലമായി മാര്‍ക്കറ്റിങ്ങില്‍ കൂടി പ്രവര്‍ത്തിപരിചയം നേടിയെടുത്ത്, ദിനേശന്‍ 2012-ല്‍ ഒരു സുഹൃത്തുമായി ചേര്‍ന്ന് കോഴിക്കോട് ആസ്ഥാനമാക്കി ഒരു സര്‍ജിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനം ആരംഭിച്ചു.

ഡിന്‍സ് ഹെല്‍ത്ത് കെയറിന്റെ തുടക്കം

പാര്‍ട്്ണറായിരുന്ന സുഹൃത്ത് മറ്റൊരു മേഖലയിലേക്ക് പോയതോടെ സ്ഥാപനം പൂര്‍ണ്ണമായും ദിനേശന്‍ ഏറ്റെടുക്കുകയും സ്ഥാപനത്തിന് ഡിന്‍സ് ഹെല്‍ത്ത് കെയര്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദിനേശന്‍ സര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തിനായി കേരളമൊട്ടുക്കുമുള്ള ആശുപത്രികള്‍ സഞ്ചരിച്ചു. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പല ആശുപത്രികളും, മികച്ച ബന്ധം നിലനിര്‍ത്തിയിരുന്ന ചില ആശുപത്രികളിലെയും ഉന്നത ഉദ്യോഗസ്ഥന്‍മാരും സഹായിച്ചു. അമൃത ആശുപത്രി മാനേജ്‌മെന്റ്, പരിയാരം മെഡിക്കല്‍ കോളേജ് സി.ഇ.ഒ. സുരേന്ദ്രനാഥ് തുടങ്ങിയവര്‍ നല്‍കിയ സഹായസഹകരണങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്, ദിനേശന്‍ ഓര്‍ക്കുന്നു. അങ്ങനെ 2014-ഓടെ ഡിന്‍സ് ഹെല്‍ത്ത് കെയര്‍, മാര്‍ക്കറ്റില്‍ തങ്ങളുടെ സ്ഥാനം പതിയെ ഉറപ്പിച്ചുതുടങ്ങി. ജോണ്‍സന്‍ & ജോണ്‍സന്‍ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ അരങ്ങുവാണിരുന്ന ഈ മേഖലയില്‍ നിലയുറപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നായിരുന്നു. എന്നാല്‍, ഈ പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് ഡിന്‍സ് ഹെല്‍ത്ത്‌കെയര്‍ മുന്നോട്ടുപോയി.

പ്രതിസന്ധികള്‍ ജീവിതത്തില്‍ പുത്തരിയല്ലാത്ത വ്യക്തിയാണ് ദിനേശന്‍. അതുകൊണ്ടുതന്നെ പ്രതിസന്ധികളെ അവസരമാക്കി മാറ്റാനും ഇക്കാലയളവില്‍ പഠിച്ചിരുന്നു ദിനേശന്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആദ്യ ലോക്ക്ഡൗണ്‍. 2020 മാര്‍ച്ച് 23ാം തീയതി രാത്രിയില്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ട്രക്ക് നിറയെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി തിരുവനന്തുപുരത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു ദിനേശന്‍. കേരളത്തിലെ മിക്കവാറും ആശുപത്രികളിലും ഉല്‍പ്പങ്ങള്‍ സപ്ലൈ ചെയ്ത് ട്രക്ക് തിരുവനന്തുപുരത്തെത്തിയപ്പോഴേക്കും ഉല്‍പ്പങ്ങള്‍ തീര്‍ന്നിരുന്നു. ഉടനെ കോഴിക്കോട് നിന്നും അടുത്ത ട്രക്ക്, സാധനങ്ങളുമായി പുറപ്പെട്ടു. ഈ കാലയളവില്‍ ഒട്ടുമിക്ക ആശുപത്രികളും സര്‍ജിക്കല്‍ ഉപകരണങ്ങളും, മാസ്‌കുകളും, പി.പി.ഇ. കിറ്റുകളും, സാനിറ്റൈസറിനുമെല്ലാം ബുദ്ധിമുട്ടിയപ്പോള്‍ അവര്‍ക്ക് ഇവയെല്ലാം കൃത്യമായി സപ്ലൈ ചെയ്ത് ഡിന്‍സ് ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സ്ഥാനം ഒന്നാം നിരയിലേക്കുയര്‍ത്തി. ബിസിനസ് എന്നതിലുപരി ഇതിനെ ഒരു സേവനമായി കണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് ദിനേശന്‍ പറയുന്നു.

ഡിന്‍സ് ഹെല്‍ത്ത് കെയറിന്റെ സ്വന്തം ബ്രാന്റില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, ഐ.സി.യു. എന്നീ മേഖലയിലാവശ്യമുള്ള സ്റ്റെറിലൈസേഷന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് 300-ല്‍ അധികം ആശുപത്രികളില്‍ ഡിന്‍സിന്റെ ബ്രാന്റില്‍ 65-ഓളം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സപ്ലൈ ചെയ്യുന്നുണ്ട്. ഇപ്പോള്‍ 4 കോടി രൂപയാണ് സ്ഥാപനത്തിന്റെ ആസ്തി. ഗുജറാത്തിലാണ് സ്ഥാപനത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥിതിചെയ്യുത്.

ഡിന്‍സ് ഹെല്‍ത്ത് കെയറിന്റെ നിര്‍മ്മാണയൂണിറ്റ് തമിഴ്‌നാടില്‍ തിരുപ്പൂര്‍ ആസ്ഥാനമായി തുടങ്ങാന്‍ സ്ഥാപനം പദ്ധതിയിടുുണ്ട്. മാത്രമല്ല, ഇവിടെ നിര്‍മ്മിക്കുന്ന ഉല്‍പ്പങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക കയറ്റി അയയ്ക്കാന്‍ സ്ഥാപനം പദ്ധതിയിടുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ജിക്കല്‍ മേഖലയിലെ വിതരണക്കാരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്റെ നാടായ വളയം പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കാവശ്യമായ പി.പി.ഇ. കിറ്റ്, മാസ്‌കുകള്‍ അടക്കം എല്ലാ ഉല്‍പ്പങ്ങളും സൗജന്യമായി നല്‍കിയത് ഡിന്‍സ് ഹെല്‍ത്ത് കെയര്‍ ആയിരുന്നു. ‘ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരം ഒരു സല്‍പ്രവൃത്തി ചെയ്യാന്‍ സാധിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നു’, ദിനേശന്‍ പറയുന്നു. ദിനേശന്റെ ഭാര്യ സിത്താര സ്ഥാപനത്തിന്റെ ഡയറക്ടറാണ്. ഇവര്‍ക്ക് രണ്ടുകുട്ടികളാണുള്ളത് 7 വയസ്സുകാരന്‍ ആദില്‍ ദേവ്, 3 വയസ്സുകാരി അതിഥി.

നേരിട്ടും അല്ലാതെയുമായി 75-ഓളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് ദിനേശന്‍. മാതാപിതാക്കള്‍ പാതിവഴിയില്‍ വിദ്യാഭ്യാസം നിര്‍ത്തി തുന്നല്‍ക്കാരനാകാന്‍ നിര്‍ബന്ധിച്ച ദിനേശന്‍ ഇന്ന് ഇത്രയുമധികം ആളുകള്‍ക്ക് ജീവിതം തുന്നിപ്പിടിക്കാന്‍ കാരണമായത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും ഒന്നുകൊണ്ടുമാത്രമാണ്. 500 പേര്‍ക്ക് തൊഴില്‍ നല്‍കുവാനുതകുന്ന ഒരു പ്ലാന്റ് കോഴിക്കോട് ആസ്ഥാനമായി സ്ഥാപിക്കണം എന്നാണ് ദിനേശന്റെ ആഗ്രഹം. ജീവിത സാഹചര്യങ്ങള്‍ നമ്മെ പല പ്രതിസന്ധികളിലേക്ക് നയിക്കുമെങ്കിലും അതില്‍ തളരാതെ ഉറച്ച തീരുമാനമെടുക്കുകയും കഠിനാധ്വാനം ചെയ്ത് മുന്നോട്ടുപോയാല്‍ ജീവിതവിജയം സുനിശ്ചിതമാണ് എന്ന പാഠമാണ് എ.കെ.ദിനേശന്‍ എന്ന യുവസംരംഭകന്‍ നമുക്ക് പറഞ്ഞുതരുന്നത്. ദിനേശന്റെ അശ്വമേഥം മുന്നോട്ട് കുതിച്ചുപായട്ടെ എന്ന് നമുക്ക് ആശംസിക്കാം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *