കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളത് മലബാറിലാണ് എന്നത് നിസ്സംശയം പറയാം. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ധാരാളം സഹകരണ സ്ഥാപനങ്ങള്‍ ഇന്നും മലബാറിന്റെ മണ്ണില്‍ അഭിമാനസ്തംഭമായി തലയുയര്‍ത്തി നില്‍ക്കുന്നു. അത്തരത്തില്‍ കേരളത്തിന് അഭിമാനകരമായ സ്ഥാപനമാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. ഒരു നാടിന്റെ സമഗ്ര വികസനത്തിനായി ഒരു സഹകരണ പ്രസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതിലപ്പുറം അഞ്ചരക്കണ്ടിയിലെ ജനങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. സേവനമികവിന്റെ 108-ാം വര്‍ഷത്തിലും നാടിനെയും നാട്ടുകാരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നേറുകയാണ് ബാങ്ക്. ബാങ്കിന്റെ ജനസേവന പദ്ധതികളേക്കുറിച്ച് ബാങ്കിന്റെ പ്രസിഡന്റ് പി. മുകുന്ദന്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
1914-ല്‍ 11 അംഗങ്ങള്‍ 27 രൂപ ഓഹരി മൂലധനമായി അഞ്ചരക്കണ്ടി കാര്‍ഷിക കടംവായ്പാ സംഘം എന്ന പേരില്‍ തുടങ്ങിയതാണ് ഈ സഹകരണ പ്രസ്ഥാനം. കര്‍ഷകരെ സഹായിക്കുക എന്നത് തന്നെയായിരുന്നു അന്നും ഭരണ സമിതിയുടെ ലക്ഷ്യം. അതിനുശേഷം 1977 ഏപ്രില്‍ 1-ന് ഈ സംഘം, അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് എന്ന നിലയിലേക്ക് മാറി ജനസേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. എന്നാല്‍ 1989-ലാണ് ബാങ്ക് വൈവിധ്യവല്‍ക്കരണത്തിന് മുന്‍തൂക്കം നല്‍കിത്തുടങ്ങിയത്. അതോടെ പരമ്പരാഗത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂലമായ മാറ്റം കൊണ്ടുവന്നു. ടെലിവിഷനും മറ്റ് ഗൃഹോപകരണങ്ങളും കേരളത്തില്‍ പ്രചാരം വന്നുതുടങ്ങിയ കാലമായിരുന്നു അത്. അന്ന് ബാങ്ക് ഹെഡാഫീസ് ബില്‍ഡിങ്ങില്‍ ഒരു ഹോം അപ്ലയന്‍സസ് ഷോറും തുടങ്ങുകയും തവണവ്യവസ്ഥയില്‍ അത് വാങ്ങാനുള്ള വായ്പ നാട്ടുകാര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു ബാങ്ക്. അത് നാടിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ വളരെ വലിയ ഉയര്‍ച്ചയാണുണ്ടാക്കിയത്. അഞ്ചരക്കണ്ടി സഹകരണ ബാങ്കിന്റെ പരിധിയില്‍ 4 ഷോറൂമുകളാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ന്, കാര്‍ഷിക മേഖലയ്ക്ക് സഹായം നല്‍കുന്നതിനായി ജൈവ പച്ചക്കറി കൃഷി, ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. കൂടാതെ കര്‍ഷകര്‍ക്കാവശ്യമായ കാര്‍ഷിക ഉപകരണങ്ങള്‍ ബാങ്കില്‍ നിന്നും വാടകയ്ക്ക് നല്‍കുന്നുമുണ്ട്. നെല്‍കൃഷിയും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട് കഴിഞ്ഞ 2 കോവിഡ് കാലഘട്ടത്തിലും ബാങ്കിന്റെ പരിധിയിലുള്ള ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, വീടൊന്നിന് 5 മാസ്‌ക് എന്നിവയും ബാങ്ക് വിതരണം ചെയ്യുകയുണ്ടായി എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം നല്‍കി പോരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധി അഞ്ചരക്കണ്ടി പഞ്ചായത്തില്‍ ആണെങ്കിലും കണ്ണൂര്‍ ജില്ലയിലുള്ള ഏതൊരു അര്‍ഹതപ്പെട്ട വ്യക്തിക്കും ബാങ്ക് വായ്പ നല്‍കുന്നുണ്ട്. ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങളെല്ലാം തന്നെ ഇടപാടുകാര്‍ക്ക് ബാങ്ക് നല്‍കുന്നുണ്ട്. മെയ് 2022 മുതല്‍ ഇടപാടുകാര്‍ക്കായി എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ബാങ്ക്.
ബാങ്കിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ട വസ്തുത, 2000-മാണ്ടില്‍ നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തില്‍ ബാങ്ക് ഒരു നാളികേര സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. അത് പ്രദേശവാസികളായ നാളികേര കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. തുടര്‍ന്ന് 2002-ല്‍ ‘സഹകാരി വെളിച്ചെണ്ണ’ എന്ന പുതിയ ബ്രാന്റ് ജനങ്ങള്‍ക്കായി ബാങ്ക് തുടക്കം കുറിച്ചു. ഈ വെളിച്ചെണ്ണയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് 2 ഏക്കറില്‍ വിപുലമായ ഒരു ഫാക്ടറി 2016-ല്‍ ബാങ്ക് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കുകയുണ്ടായി. കേരളത്തിലെ ഏറ്റവു വലിയ കോക്കനട്ട’് ഡ്രയര്‍ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒരു ലക്ഷം നാളികേരം 24 മണിക്കൂറിനുള്ളില്‍ വെളിച്ചെണ്ണയാക്കാനുള്ള സൗകര്യം ഈ ഫാക്ടറിയില്‍ ല്യമാണ്. ദിവസേന 5000 ലിറ്റര്‍ വെളിച്ചെണ്ണ ഈ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. തേങ്ങയില്‍ നിന്നും തേങ്ങാപാല്‍, വെര്‍ജിന്‍ കോക്കനട്ട’് ഓയില്‍, തേങ്ങാ വെള്ളത്തില്‍ നിന്നും വിനാഗിരി തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഒരു അത്യാധുനിക ലബോറട്ടറിയും, റിസേര്‍ച്ച് സെന്ററും ഈ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ ചെയര്‍മാനാണ് ഈ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നബാര്‍ഡിന്റെ ഏറ്റവും മികച്ച വെളിച്ചെണ്ണ യൂണിറ്റിനുള്ള അവാര്‍ഡ് ഈ ഫാക്ടറിക്ക് ലഭിക്കുകയുമുണ്ടായി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഈ അവാര്‍ഡ് ബാങ്കിന് സമ്മാനിക്കുകയും ചെയ്തു. ഏറ്റവും പുതിയതായി ഗ്രേറ്റഡ് കോക്കനട്ട’്, കോക്കന’് ചിപ്‌സ്, തേങ്ങാവെള്ളത്തില്‍നിന്നും സോഫ്റ്റ് ഡ്രിങ്ക്‌സ്, ചകിരിയില്‍ നിന്നും ചകിരി നാര് ഉല്‍പ്പാദിപ്പിക്കുവാനും, ചകിരി ചോറില്‍ നിന്നും ജൈവ വളം നിര്‍മ്മിക്കുവാനും അനേകം പുതിയ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുവാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
ബാങ്കിന്റെ നേതൃത്വത്തില്‍ 8 റേഷന്‍ കടകള്‍ അഞ്ചരക്കണ്ടിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ന്യായ വിലയില്‍ ലഭ്യമാക്കാന്‍ 4 സ്‌റ്റോറുകള്‍ കൂടി ബാങ്ക് നടത്തുന്നുണ്ട്. കൂടാതെ 3 അലോപ്പതി ഡോക്ടര്‍മാരുടെയും, 3 ആയുര്‍വ്വേദ ഡോക്ടര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി ഒരു മെഡിക്കല്‍ യൂണിറ്റും ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. അലോപ്പതി-ആയൂര്‍വ്വേദ ക്ലീനിക്കുകള്‍, ഫിസിയോ തെറാപ്പി യൂണിറ്റ്, ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ അടങ്ങിയതാണ് മെഡിക്കല്‍ യൂണിറ്റ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഒരു എല്‍.പി.ജി യൂണിറ്റിന്റെ ഫ്രാഞ്ചൈസിയും ജനങ്ങള്‍ക്കായി ബാങ്ക് നടത്തുന്നുണ്ട്. 21000 ഉപഭോക്താക്കള്‍ ഈ യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു ടെക്‌സ്റ്റൈല്‍ യൂണിറ്റും, ഒരു റെഡിമെയ്ഡ് യൂണിറ്റും, കര്‍ഷക സേവന കേന്ദ്രവും, ഒരു ടൂര്‍സ് & ട്രാവല്‍സും ബാങ്ക് ജനങ്ങള്‍ക്കായി ബാങ്ക് അഞ്ചരക്കണ്ടിയില്‍ നടത്തുന്നുണ്ട്. ഇതിനെല്ലാം ഉപരിയായി തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. ഇങ്ങനെ അഞ്ചരക്കണ്ടിയിലെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ബാങ്ക് സഹായ സഹകരണങ്ങള്‍ നല്‍കിപ്പോരുന്നു.
ശ്രീ. പി.മുകുന്ദന്‍ 56 വര്‍ഷങ്ങളായി ബാങ്കുമായി ബന്ധപ്പെട്ട’് പ്രവര്‍ത്തിക്കുന്ന കറതീര്‍ന്ന സഹകാരിയാണ്. തന്റെ 21-ാമത്തെ വയസ്സില്‍ ബാങ്കിലെ സ്റ്റാഫായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച മുകുന്ദന്‍ 19 വര്‍ഷക്കാലം ബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വിരമിച്ച വ്യക്തിയാണ്. കഴിഞ്ഞ 8 വര്‍ഷക്കാലമായി ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. എന്നെ ഞാനാക്കി മാറ്റിയത് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്കാണ്, മുകുന്ദന്‍ അഭിമാനത്തോടെ പറയുന്നു. എം.പി. അനില്‍ കുമാര്‍ ആണ് ബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടര്‍. കെ.സി. ശ്രീധരന്‍ നമ്പ്യാര്‍, കെ. അരവിന്ദന്‍, എം. ചന്ദ്രന്‍, എ. രാഘവന്‍, സി. വേണുഗോപാലന്‍, കെ. സുധാകരന്‍, സി. പദ്മിനി, എ.കെ. വിലാസിനി, കെ.കെ. ഷൈമ, യു.കെ. ശശി കുമാര്‍, സി. അനീഷ് ബാബു, എന്‍.സി. അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍
ഇന്ന് 224 തൊഴിലാളികള്‍ക്ക് നേരിട്ടും 50-ഓളം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കിക്കൊണ്ട് സഹകരണ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് കേരളത്തിന് മൊത്തം കാണിച്ചുകൊടുക്കുകയാണ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്ക്.