Wednesday, January 22Success stories that matter
Shadow

ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍

0 0

ലക്ഷ്യങ്ങളാണ് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ നാം ഓരോരുത്തരെയും സഹായിക്കുന്നത്. അത്തരത്തില്‍ ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് വിജയം നേടിയ വ്യക്തിയാണ് ചോറ്റാനിക്കര സ്വദേശിയായ ലത ജ്യോതി. എന്തിനെയും നേരിടാനുള്ള ധൈര്യത്തില്‍ നിന്നാണ് സംരംഭത്വത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ലത സ്വന്തമായി ബിസിനസ്സത് തുടങ്ങി വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയത്. നേട്ടങ്ങള്‍ ഓരോന്നായി കൈയ്യെത്തിപ്പിടിച്ച ലത തന്റെ കുടുംബത്തിന്റെ തലവര തന്നെയാണ് മാറ്റി മറിച്ചത്. ഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ലത ബി.എഡ് പഠിക്കുകയും ടീച്ചര്‍, സംരംഭക എന്നീ നിലകളിലെയ്ക്കുയരുകയും ചെയ്ത കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. താന്‍ പിന്നിട്ട മുള്‍പാതകളേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും വിജയഗാഥയോട്് സംസാരിക്കുകയാണ് ലത ജ്യോതി.

ഭര്‍ത്താവ് ജ്യോതിക്ക് ഗ്ലോബര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചതോടെയാണ് വൈക്കം സ്വദേശിയായ ലതയുടെ കുടുംബം ചോറ്റാനിക്കരയിലെത്തുന്നത്. ചെറുപ്പം മുതലേ മോഡേണ്‍ ട്രെന്‍ഡുകളില്‍ തയ്ക്കുന്നതില്‍ പാഠവം നേടിയിരുന്നു ലത. അതിനാല്‍ ഗ്ലോബല്‍ പബ്ലിക് സ്‌ക്കൂളിലെ ഡീന്‍ ലക്ഷ്മി മാഡത്തിന് വേണ്ടി അനേകം തുന്നല്‍ ജോലികള്‍ ചെയ്തു നല്‍കിയിരുന്നു. ആ ബന്ധത്തില്‍ നിന്നാണ് ലത ഗ്ലോബല്‍ പബ്ലിക് സ്‌ക്കൂളിലെ ഹോം സയന്‍സ് ലാബില്‍ അസിസ്റ്റാന്റായി പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഉയരണം എന്ന ലക്ഷ്യം ഉള്ളതിനാല്‍ ലത അവിടെ ജോലി ചെയ്തുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും ഹോം സയന്‍സ് ലാബില്‍ ടീച്ചറായി പ്രമോഷന്‍ നേടുകയും ചെയ്തു. ഈ സമയത്താണ് സ്‌ക്കൂളിലെ കുറച്ച് വിദ്യാര്‍ത്ഥികളുടെ യൂണിഫോം തയ്ക്കാനും ഓള്‍ട്ടറേഷന്‍ ചെയ്യാനുമുള്ള ഓര്‍ഡര്‍ ലതയെ തേയിയെത്തുന്നത്. അതിന് സഹായിച്ചതും സ്‌ക്കൂളിലെ ഡീന്‍ ലക്ഷ്മി മാഡം തന്നെയായിരുന്നു. ലത ആ ജോലികള്‍ കൃത്യമായി ചെയ്തു നല്‍കുകയും, കംപ്ലയ്ന്റുകള്‍ കൃത്യമായി പരിഹരിച്ച് നല്‍കുകയും ചെയ്തു. അതോടെ സ്‌ക്കൂളിന് ലതയിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും അടുത്ത വര്‍ഷം കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കുകയും ചെയ്തു. അന്ന് ലതയുടെ സമ്പാദ്യം വെറും ഒരു തയ്യല്‍ മെഷീന്‍ മാത്രമായിരുന്നു. പക്ഷെ മറ്റ് തയ്യല്‍ക്കാരുടെയും സഹായത്തോടെ ഉത്തരവാദിത്തത്തോടും ഉന്നത ഗുണ നിലവാരത്തിലും ആ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. വിവിധ സ്ഥലങ്ങളിലുള്ള തയ്യല്‍ക്കാരെ കൃത്യമായി ഏകോപിപ്പിച്ചായിരുന്നു ഈ ജോലികള്‍ ലത നിര്‍വ്വഹിച്ചിരുന്നത്. അതിനായി വലിയ കഷ്ടപ്പാടുകളായിരുന്നു ലത സഹിച്ചത്. രാത്രികാലങ്ങളിലെല്ലാം തയ്യല്‍ക്കാരെ ഏകോപിപ്പിക്കുന്നതിനായി ഭര്‍ത്താവുമൊത്ത് അനേകം അലയേണ്ടി വന്നിട്ടുണ്ട് ലതയ്ക്ക്.

ഇവിടെ നിന്നായിരുന്നു സൃഷ്ടി അപ്പാരല്‍സ് എന്ന സ്ഥാപനത്തിന്റെ തുടക്കം. സൃഷ്ടി അപ്പാരല്‍സ് എന്ന പേര് നിര്‍ദ്ദേശിച്ചതും ലക്ഷ്മി മാഡം തന്നെയായിരുന്നു. തുടക്കത്തില്‍ ചോറ്റാനിക്കരയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമത്തില്‍ ഓര്‍ഡറുകള്‍ കൂടുതലായി ലഭിച്ചതോെട സ്ഥാപനം വളര്‍ന്നു. അപ്പോഴേയ്ക്കും ഗ്ലോബല്‍ സ്‌ക്കൂളിനടുത്തു തന്നെ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീട് പണിയുവാന്‍ ലതയ്ക്കും കുടുംബത്തിനും സാധിച്ചു. ഒറ്റ നില വീട് ക്രമേണ 2 നിലകളാക്കി മാറ്റാനും അതിന് മുകളില്‍ 3ാം നിലയിലേയ്ക്ക് തയ്യല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റി സ്ഥാപിക്കാനും ലതയ്ക്ക് സാധിച്ചു. വീട് പണിയുന്ന സമയത്ത് ഏറെ സഹായിച്ച വ്യക്തിയായിരുന്നു ഗ്ലോബല്‍ സ്‌ക്കൂളിലെ ചെറിയാന്‍ സാര്‍. വളര്‍ച്ചയുടെ അടുത്ത ഘട്ടമായി വീടിനടുത്ത് തന്നെ 7 സെന്റ് സ്ഥലവും ഒരു കെട്ടിടവും ലത വിലയ്ക്ക് വാങ്ങി. ലതയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തങ്ങും തണലുമായി നിന്നത് ഗ്ലോബല്‍ സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന ജ്യോതി ആയിരുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ ലതയ്ക്കും അനേകം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഓര്‍ഡറുകള്‍ ഇല്ലാതെയായി ലോണുകളുടെ തിരിച്ചടവ് മുടങ്ങി. പ്രതിസന്ധികള്‍ തുറിച്ചു നോക്കിയ സമയമായിരുന്നു അത്, ലത ഓര്‍ക്കുന്നു. എന്നിരുന്നാലും കൊറോണ കാലഘട്ടത്തില്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും കൃത്യമായി ശമ്പളം നല്‍കുകയും, തന്നെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത സ്‌ക്കൂൡന്റെ ഡയറക്ടര്‍ ജേക്കബ് സാറിനെയും അദ്ദേഹത്തിന്റെ നല്ല മനസ്സിനേയും ലത നന്ദിയോടെ ഓര്‍ക്കുന്നു. ഈ സമയത്ത് ഭര്‍ത്താവ് ജ്യോതി മികച്ച വരുമാനം തേടി ദുബായ് ഇന്ത്യന്‍ സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി തേടി പോയി.

കോവിഡിന് ശേഷം സ്‌ക്കൂള്‍ തുറന്നപ്പോള്‍ ഇരുട്ടടി പോലെ ഒരു പ്രതിസന്ധി ലതയെത്തേടിയെത്തി. തയ്യല്‍ക്കാരായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു സുപ്രഭാതത്തില്‍ രഹസ്യമായി നേട്ടിലേയ്ക്ക് പോയി. ഈ പ്രതിസന്ധിയിലും ലത തളര്‍ന്നില്ല. സമീപ പ്രദേശത്തും ദൂര പ്രദേശത്തുമുള്ള തയ്യല്‍ യൂണിറ്റുകളുടെ സഹായത്തോടെ അല്‍പ്പം വൈകിയാണെങ്കിലും ഓര്‍ഡറുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ലതയ്ക്ക് സാധിച്ചു. ഈ സമയത്ത് ലക്ഷ്മി മാഡം മറ്റ് ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറിയപ്പോള്‍ പുതിയതായി ചാര്‍ജ്ജെടുത്ത ഉഷ മാഡത്തോടും ലക്ഷ്മി മാഡം ലതയെ റെക്കമെന്റ് ചെയ്യുകയും ഉണ്ടായി. ലതയുടെ തയ്യലിന്റെ ക്വാളിറ്റിയിലും സമയബന്ധിതമായ പ്രവര്‍ത്തനത്തിലും ആകൃഷ്ടയായ ഉഷ മാഡവും ലതയെ വേണ്ടുവോളം സഹായിച്ചു. തുടര്‍ന്ന് ലഭിച്ച ഓര്‍ഡറുകളിലൂടെ സൃഷ്ടി അപ്പാരല്‍സ് വീണ്ടും കുതിച്ചുയര്‍ന്നു.

ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തമായി സ്ഥലം വാങ്ങി വീടുവച്ചു, ആ വീട് 3 നിലവരെ പണിതുയര്‍ത്തി. വീടിനോട് ചേര്‍ന്ന് 7 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങി, സ്വന്തമായി കാറ്, തയ്യല്‍ യൂണിറ്റ് എന്നിവ നേടിയെടുത്തു. ഇങ്ങനെ അനേകം നേട്ടങ്ങളാണ് ലത സ്വന്തമാക്കിയത്. യു.കെ.യില്‍ ജോലി ചെയ്യുന്ന മകന്‍ വിവിയന്‍ ജ്യോതി, മരുമകള്‍ ദേവിക, ഗ്രാഫിക് ഡിസൈനറായ ഇളയ മകന്‍ വിനയ് ജ്യോതി എന്നിവരടങ്ങുന്നതാണ് ലതയുടെ കുടുംബം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %