നിലവില്‍ മറ്റ് രോഗങ്ങളുള്ളവരില്‍ കൊവിഡ്-19 മൂലമുള്ള മരണത്തിന് സാധ്യതയേറെയാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡംഗമായ ഡോ. ചാന്ദ് നി രാധാകൃഷ്ണന്‍.
കേരളത്തില്‍ സംഭവിച്ച 15 കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും മറ്റ് രോഗങ്ങള്‍ കൂടിയുള്ള അവസ്ഥയില്‍ (കോമോര്‍ബിഡ്) ഉള്ളവരായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത ചികിത്സാവിഭാഗം മേധാവിയും പ്രൊഫസറും കൂടിയായ ഡോ. ചാന്ദ് നി പറഞ്ഞു. ഇവരില്‍തന്നെ പ്രമേഹം, രക്താതിമര്ദ്ദം എന്നിവ ഗുരുതരമായിരുന്നു.
ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥയാണ് കോമോര്ബിഡിറ്റി. ഈ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും അതേസമയം സാദൃശ്യമുള്ളവയുമാകാം. ഉദാഹരണത്തിന് പൊണ്ണത്തടിയുള്ള വ്യക്തിയ്ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ കൊവിഡ് കനത്ത ആഘാതമേല്പിക്കുമെന്ന് ലാന്സെറ്റ് മെഡിക്കല്‍ ജേണലിലെ പഠനം ഉദ്ധരിച്ച് ഡോ. ചാന്ദ് നി പറഞ്ഞു.
കേരളത്തില്‍ പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം, കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഈ രോഗങ്ങളുള്ളവര്‍ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കണമെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രായമായവരാണെങ്കില്‍പോലും മേല്പറഞ്ഞ രോഗങ്ങളില്ലാത്തവര്‍ കൊവിഡിനെ അതിജീവിച്ചിട്ടുണ്ട്.