മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററായ കമ്മപ്പ പാലക്കാടിന്റെ അപാരമായ വികസന സാധ്യതകളെ കുറിച്ച് വിജയഗാഥയോട് മനസ് തുറക്കുന്നു. ഷൊര്‍ണൂരില്‍ വരാനിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏക ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് സെന്ററാണെന്നും വലിയ വിപ്ലവം കുറിക്കും അതെന്നും അദ്ദേഹം
മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററാണ് കമ്മപ്പ. സര്‍ക്കാര്‍ ജോലി രാജിവെച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം ആശുപത്രി തുടങ്ങി നാട്ടിലെ സാധാരണക്കാര്‍ക്ക് ആശ്രയമേകിയ സംരംഭകന്‍. അതുകൊണ്ടുതന്നെ നാടിനോട് പ്രത്യേക സ്നേഹമുണ്ട് ഡോ. കമ്മപ്പയ്ക്ക്. പാലക്കാട് തന്നെ തന്റെ സംരംഭം തുടങ്ങാനും കാരണം മറ്റൊന്നല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് കമ്മപ്പ വിജയഗഥയോട് പറയുന്നു. എന്റെ നടായതുകൊണ്ട് തന്നെയാണ് ഇവിടെ സംരംഭം തുടങ്ങിയത്. അന്നൊന്നും ഇവിടെ യാതൊരു ഫെസിലിറ്റിയും ഇല്ലാത്ത സ്ഥലമായിരുന്നു്.
ഏരിയവൈസ് നോക്കുകയാണെങ്കില്‍ പാലക്കാട് വലിയ സാധ്യതകളുണ്ട്. ഇപ്പോഴും വന്‍കിട സംരംഭങ്ങള്‍ അനുയോജ്യം. ലാന്‍ഡ് വാല്യു ഏറ്റവു കുറവുള്ള ജില്ലകളിലൊന്ന് പാലക്കടായിരിക്കും. കുറച്ചധികം സ്ഥലം ആവശ്യമുള്ള പ്രൊജക്റ്റുകള്‍ക്ക് അനുയോജ്യമാണ് പാലക്കാട്. കണക്റ്റിവിറ്റിയും മികച്ചതാണ്. കൊയമ്പത്തൂര്‍, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ അടുത്താണെന്നതും ഗുണം ചെയ്യുന്നു. ഒലവൊക്കോട് ജംഗ്ഷന്റെ സാന്നിധ്യം റെയ്ല്‍ കണക്റ്റിവിറ്റിയും ഏറ്റവും മികച്ചതാകുന്നു. അതുകൊണ്ടെല്ലാം തന്നെ പാലക്കാട് നിക്ഷേപത്തിന് യോജ്യമായ സ്ഥലമാണെന്ന് ഞാന്‍ പറയും-കമ്മപ്പയുടെ വാക്കുകള്‍.
കൃത്രിമ ഹാര്‍ട്ട് ആശുപത്രിയുടെ വരവ്
വലിയ, മികവുറ്റ സംരംഭങ്ങളെല്ലാം വരുന്നുണ്ട് പാലക്കാട്ടേക്ക്. ഷൊര്‍ണൂര്‍ പി കെ ദാസ് മെഡിക്കല്‍ കോളെജുണ്ട് വാണിയംകുളത്ത്. അതിനടുത്തായി വലിയൊരു പ്രൊജക്റ്റ് വരുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് ഉണ്ടാക്കുന്ന ഏഷ്യയിലെ ഏക സെന്റര്‍. വളരെ ഉയര്‍ന്ന കോസ്റ്റിലായണ് കൃത്രിമ ഹാര്‍ട്ട് ഹാര്‍ട്ട് ഇപ്പോള്‍ ലഭ്യമാകുന്നത്. എന്നാല്‍ ആര്‍്ട്ടിഫിഷ്യല്‍ ഹാര്‍ട്ടുകള്‍ വളരെ ചെലവ് കുറച്ച് ഉണ്ടാക്കാനാണ് ഇവിടുത്തെ പദ്ധതി. നാല് ലക്ഷംം രൂപയേ ആകൂ എന്നാണ് പറയപ്പെടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലും അതിനോട് ചേര്‍ന്ന് വരുന്നുണ്ട്. ഡോ. മൂസക്കുഞ്ഞെന്ന പ്രശസ്ത കാര്‍ഡിയാക് സര്‍ജനാണ് അതിന് പിന്നില്‍. വലിയ വിപ്ലവം തീര്‍ക്കുന്ന പദ്ധതിയായിരിക്കും അത്. ഒരുപാട് പേരുടെ ജീവന്‍ അതിലൂടെ രക്ഷപ്പെടും-കമ്മപ്പ പറയുന്നു.
വലിയ ടൂറിസം സാധ്യതകളുള്ള സ്ഥലമാണ് പാലക്കാട്. വളരെ പ്രകൃതിദത്തമായ അന്തരീക്ഷം. സൈലന്റ് വാലി, ശിര്‍വാണി തുടങ്ങിയ നാച്ചുറല്‍ സ്പോട്ടുകള്‍. അതെല്ലാം പോയിക്കണ്ടാലേ മനസിലാകൂ-അങ്ങനെ സാധ്യതകള്‍ അനവധിയാണെന്ന് കമ്മപ്പ പറയുന്നു.
സാധാരണക്കാരുടെ ന്യൂ അല്‍മ
വ്യവസായ രംഗത്ത് കൊറോണയുടെ ഇംപാക്റ്റ് ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിതീവ്ര പ്രതിസന്ധിക്കിടയിലും സാമ്പത്തികപരമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കാന്‍ കമ്മപ്പയുടെ ന്യൂഅല്‍മ ഹോസ്പിറ്റലിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ആശുപത്രിയെ കച്ചവട കേന്ദ്രമല്ലാതെ സാധാരണക്കാര്‍ക്ക് ആരോഗ്യ സേവനം നല്‍കാനുള്ള മഹത്തായ സ്ഥാപനമായി കാണുന്ന മനോഭാവമാണ് അതിന് പിന്നില്‍.
സധാരണക്കാരാണ് പേഷ്യന്റ്സില്‍ കൂടുതലുള്ളത്. ഹോസ്പിറ്റല്‍ തുടങ്ങിയത് തന്നെ സാധരണക്കാര്‍ക്കായാണ്. നഗരങ്ങളിലെ സ്പെഷാലിറ്റി ആശുപത്രികളെ അപേക്ഷിച്ച് ഡെലിവറി ചര്‍ജ് പകുതിയേ വരൂ. കൂടുതല്‍ ആളുകള്‍ വരുന്നു. കുഴപ്പമില്ലാത്ത വരുമാനം ഉണ്ട്. അതുമതി-അദ്ദേഹം പറയുന്നു.
ടെസ്റ്റുകളെല്ലാം ആവശ്യത്തിന് മാത്രമേ ന്യൂഅല്‍മയില്‍ ചെയ്യൂ. കേരളത്തിലെ ശരാശരി സിസേറിയന്‍ റേറ്റ് 41 ശതമാനമാണ്. ന്യൂഅല്‍മ ഹോസ്പിറ്റലിലേത് ശരാശരി 30 മാത്രമേ വരുന്നുള്ളൂ.
40 വര്‍ഷമായി ആരോഗ്യസേവനരംഗത്ത് സജീവമാണ് കമ്മപ്പ. സ്പെഷലിസ്റ്റ് ആയിട്ട് 34 വര്‍ഷങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം പ്രസവങ്ങളെടുത്ത ഡോക്റ്ററെന്ന ഖ്യാതിയും നേടി. ഏറ്റവുമധികം പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രിയാണിത്. ചെലവ് കുറവുള്ള ഹോസ്പിറ്റലാണെന്നതും സവിശേഷത. സകല വിഭാഗങ്ങളിലുള്ളവര്‍ക്കും ഒരുപോലെ കുറഞ്ഞ ചെലവില്‍ സേവനം നല്‍കുന്ന സ്ഥാപനമാണ്.
കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ പല വന്‍കിട ആശുപത്രികളും പ്രതിസന്ധിയിലാണെങ്കിലും വലിയ കുഴപ്പമില്ലാതെ പിടിച്ചുനില്‍ക്കുന്നുണ്ട് ന്യൂ അല്‍മ ഹോസ്പിറ്റല്‍. ലോ കോസ്റ്റ് മോഡല്‍ പ്രവര്‍ത്തന രീതിയാണ് ഇതിന് പിന്നില്‍. ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന വിശേഷണം കൂടിയുള്ള ഡോ. കമ്മപ്പ നോര്‍മല്‍ ഡെലിവറികള്‍ക്കാണ് കൂടുതലും ശ്രദ്ധ നല്‍കുന്നത്. 34 വര്‍ഷമായി മണ്ണാര്‍ക്കാട് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ആറ് കൊല്ലം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് ചെറിയ തോതില്‍ 1995ല്‍ സ്വന്തം ആശുപത്രി തുടങ്ങുന്നത്.
യാത്രകളാണ് പ്രധാന വിനോദം. ട്രാവലിങ് കാര്യമായി ചെയ്യാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. ആദ്യം ഇന്‍സൈഡ് കേരളയായിരുന്നു, പിന്നെ ഇന്ത്യ, അത് കഴിഞ്ഞ് ലോകരാജ്യങ്ങള്‍-കമ്മപ്പയുടെ വാക്കുകള്‍.
യാത്ര പോകുമ്പോള്‍ മനുഷ്യന്റെ ഔട്ട്ലുക്ക് മാറും. നമ്മള്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന് മനസിലാകും. നമ്മളിലുള്ള കുറവുകള്‍ മനസിലാകും. വലിയ വൃത്തിക്കാരെന്ന് മേനി നടിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ മലയളികളുടെ വൃത്തിയില്ലായ്മയെല്ലാം മറ്റ് രാജ്യങ്ങളില്‍ പോയാല്‍ ബോധ്യപ്പെടും-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡോക്റ്റര്‍ കുടുംബം
കമ്മപ്പയുടെ ഭാര്യ ഡോക്റ്ററല്ല, എങ്കിലും കുടുംബം ഡോക്റ്റര്‍ മയമാണ്. ഭാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ സജീവമാണ്. പൊതുകാര്യങ്ങളില്‍ ഇടപെടുന്നയാളുമാണ്. മൂത്ത മകള്‍ അമീന എംഇഎസ് മെഡിക്കല്‍ കോളെജില്‍ മൈക്രോബയോളജിയില്‍ അസിസ്റ്റന്റ് പ്രഫസറാണ്. മകളുടെ ഭര്‍ത്താവ് ഡോ. നൗഷാദ് ബാബു ഗ്യാസ്‌ട്രോ ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനാണ്. രണ്ടാമത്തെ മകള്‍ ലമിയ എംഇഎസ് മെഡിക്കല്‍ കോളെജില്‍ കമ്യൂണിറ്റി മെഡിസിനില്‍ അസിസ്റ്റന്റ് പ്രഫസറാണ്. ഭര്‍ത്താവ് ഡോ. ഷാഹിദ് പെരിന്തല്‍മണ്ണ മൗലനാ ഹോസ്പിറ്റലില്‍ ഡോക്റ്ററാണ്. മകനും മരുമകളും ഡോക്റ്റര്‍മാര്‍ തന്നെ. മകന്‍ ഡോ നബീല്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പിജി എന്‍ട്രന്‍സ് പ്രിപ്പെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു. നബീലിന്റെ ഭാര്യ ആയിഷയും അങ്ങനെ തന്നെ.
കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവം
തനിക്ക് ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന വ്യക്തി കൂടിയാണ് ഡോ. കമ്മപ്പ. മണ്ണാര്‍ക്കാട് 2018ല്‍ പ്രളയം ഉണ്ടാപ്പോള്‍ ഒരുപാട് നാശനഷ്ടളുണ്ടായി. പലര്‍ക്കും വീടുകള്‍ നഷ്ടമായി. അപ്പോഴാണ് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ പ്രശ്‌നങ്ങള്‍ ഇവിടെതന്നെ തീര്‍ക്കണമെന്ന് തോന്നലിലേക്ക് കമ്മപ്പ എത്തിയത്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി നന്നായി സപ്പോര്‍ട്ട് ചെയ്തു. മണ്ണാര്‍ക്കാട് റെസ്‌ക്യൂ ടീം എന്നൊരു സഹകരണകൂട്ടായ്മ ഉണ്ടാക്കി കമ്മപ്പ. എന്നിട്ട് ഒരു നാല് ദിവസം കൊണ്ടുതന്നെ സ്റ്റുഡന്‍സിനെ ഉപയോഗിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുത്തു. ഉടന്‍ തന്നെ ജീവിതോപാധി നഷ്ടമായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിച്ചു. വീട് പോയ ആളുകള്‍ക്ക് വീടും വച്ചുകൊടുത്തു. മണ്ണാര്‍ക്കാട് മോഡല്‍ എന്ന പേരില്‍ ഇത് പ്രശസ്തമായിത്തീരുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍ക്കായി കാത്ത് നില്‍ക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന പക്ഷക്കാരനാണ് അദ്ദേഹം.