പ്രവര്‍ത്തനം തുടങ്ങി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുമ്പോള്‍ കെട്ടിടനിര്‍മാണരംഗത്ത് പൂര്‍ണതയുടെ മറുവാക്കാകുകയാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്. 900ത്തോളം കെട്ടിടനിര്‍മിതികള്‍ ഇവരെ അടയാളപ്പെടുത്താന്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ പെര്‍ഫക്ഷനില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ല പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന്റെ സരഥി സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍
എറണാകുളത്തെ പുതിയകാവാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന്റെ ആസ്ഥാനം. നിര്‍മിതികളില്‍ എന്നും പൂര്‍ണതയും പുതുമയും നിലനിര്‍ത്തുകയെന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാട് പുലര്‍ത്തിയ ഒരു സംരംഭകനാണ് ഈ സ്ഥാപനത്തെ ആരും അസൂയപ്പെടുത്തുന്ന ഉയരങ്ങളിലേക്ക് നയിച്ചത്.
സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍ ഏകദേശം 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന് തുടക്കമിട്ടത്. ഇന്ന് കെട്ടിടനിര്‍മാണ മേഖലയില്‍ ആര്‍ക്കും വിശ്വസിച്ച് പ്രൊജക്റ്റ് ഏല്‍പ്പിക്കാവുന്ന ചുരുക്കം ചില സംരംഭങ്ങളില്‍ ഒന്നായി ഇവര്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
ജീവിതത്തില്‍ കപ്യാരുടെ ജോലിയും സൂപ്പര്‍വൈസറുടെ റോളുമെല്ലാം ഏറ്റെടുത്ത ശേഷമാണ് സംരംഭകത്വത്തിലേക്കുള്ള പോള്‍ അഗസ്റ്റിന്റെ വരവ്. ചെയ്യുന്ന എന്ത് കാര്യത്തിനും പൂര്‍ണത വേണമെന്നത് ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതിനാലാണ് സ്വന്തം സംരംഭത്തിന് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് എന്ന പേര് നല്‍കിയതിന് കാരണവും.
ഇന്ന് തൊള്ളായിരത്തില്‍ പരം കെട്ടിടങ്ങള്‍ പൂര്‍ണതയുടെ പര്യായമായി പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിനെ അടയാളപ്പെടുത്തി നില്‍ക്കുന്നു. വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പടെ വിവിധ നിര്‍മിതികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുണ്ട് പോളിന്റെ സ്ഥാപനത്തിനെങ്കിലും വീട് നിര്‍മാണം തന്നെയാണ് ഇവരുടെ ഇഷ്ടമേഖല.
കപ്യാരുടെ പണിയോടൊപ്പം തന്നെ വില്ല/വീട് നിര്‍മാണവും ഏറ്റെടുത്തതിലൂടെയാണ് പോള്‍ റിയല്‍റ്റി മേഖലയില്‍ ശുഭാരംഭം കുറിച്ചത്. അതിന് ശേഷം ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുകയായിരുന്നു. സ്വന്തം കെട്ടിടങ്ങളില്‍ ഓഫീസുകളും കൈ നിറയെ പ്രൊജക്റ്റുകളുമായി പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് തിളങ്ങി നിന്നു. 12 വയസ് മുതല്‍ പള്ളിയിലെ അള്‍ത്താര ശുശ്രൂഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് പോള്‍. പിന്നീട് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കപ്യാര്‍ ജോലി നിര്‍ത്തിയപ്പോള്‍ അപ്പച്ഛന്റെയും വികാരി അച്ചന്റെയും നിര്‍ദേശാനുസരണം പോള്‍ കപ്യാരായി മാറി.
ആ സമയത്ത് പല ജോലികളായിരുന്നു പോള്‍ മാനേജ് ചെയ്തിരുന്നത്. എല്ലാം കൃത്യതയോടെ തന്നെ. എറണാകുളം കലൂരിലുള്ള ജോര്‍ജ് മാമ്പള്ളി സാറിന്റെ സൂപ്പര്‍വൈസര്‍ കം ഡ്രാഫ്റ്റ്മാനായിട്ടായിരുന്നു പ്രധാന ജോലി. പുലര്‍ച്ചെ നാലരമണിക്ക് എഴുനേല്‍ക്കും. കാലത്ത് 5.30ന് പള്ളിമണിയിലൂടെ ഇടവകക്കാരെ ഉണര്‍ത്തും. പള്ളിയില്‍ നിന്ന് തിരികെ ഏഴരയോടെ വീട്ടിലെത്തും. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണം. തുടര്‍ന്ന് 9 മണിക്ക് എറണാകുളത്തുള്ള ഓഫീസിലെത്തും. ഇതായിരുന്നു ജീവിതരീതി. ഇടവക വികാരിയായി വന്ന ജോസ് ചിറമേലച്ചനുമായുള്ള അടുപ്പം കാരണം അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ അനിയന്റെ വീട് നിര്‍മാണവും ഡിസൈനിങ്ങുമെല്ലാം പോളിന് ലഭിച്ചു. അങ്കമാലിയിലെ മഞ്ഞപ്രയിലായിരുന്നു അത്.
കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കൊപ്പം സ്വന്തമായി ലഭിച്ച ഈ പ്രൊജക്റ്റും കപ്യാരുടെ ജോലിയും എല്ലാം വളരെ കൃത്യമായി ആത്മാര്‍ത്ഥയോടെ പോള്‍ ചെയ്തു തീര്‍ത്തു. ഓഫീസിലെ ജോലിയെ ബാധിക്കാതെ സ്വന്തമായുള്ള നിര്‍മാണ പദ്ധതി തുടരാമെന്ന് മാമ്പള്ളി സര്‍ പോളിന് അനുവാദവും നല്‍കി. അങ്ങനെയാണ് പുതിയ കാലത്തിന്റെ തുടക്കം.
ഏല്‍പ്പിക്കുന്ന കാര്യം എന്തായാലും, എത്ര ചെറുതായാലും വലുതായാലും അത് പൂര്‍ണതയോടെ നിറവേറ്റുകയെന്നതിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നതെന്ന് പോള്‍ അഗസ്റ്റിന്‍ പറയുന്നു.
സിവില്‍ എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ള പോള്‍ തന്റെ അതിഗംഭീര ഡിസൈനിലൂടെയാണ് സ്ഥലപരിമിതിയും ബഡ്ജറ്റ് പരിമിതിയും മറികടന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്നത്. 250ഓളം തൊഴിലാളികളും സാങ്കേതികതയില്‍ മികവ് തെളിയിച്ച വിദഗ്ധരും അടങ്ങുന്ന ടീമാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന്റെ പ്രൊജക്റ്റുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
ദൈവത്തിന്റെ അനുഗ്രഹം തന്റെ എല്ലാ പ്രവൃത്തികളിലുമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു ഈ സംരംഭകന്‍. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ വിശ്വസിച്ച് പോളിനെ ഏല്‍പ്പിക്കുന്ന പ്രൊജക്റ്റുകള്‍ ആ വിശ്വാസം പൂര്‍ണമായും നിറവേറ്റി നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
സാധാരണക്കാരന്റെയും സമ്പന്നന്റെയും എല്ലാം ഒരുപോലുള്ള സ്വപ്‌നമാണ് വീട്. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടേതായുള്ള ഭാവനകളുണ്ടാകും. ഈ ഭാവനകള്‍ അവര്‍ ഉദ്ദേശിക്കുന്നതുപോലെ തന്നെ സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കുമ്പോഴാണ് ഒരു ബില്‍ഡര്‍ എല്ലാ അര്‍ത്ഥത്തിലും വിജയിക്കുന്നത്. ഇത് പോളിന് സാധിക്കുന്നുണ്ടെന്നതിന് തെളിവാണ് സംതൃപ്തരായ അനേകം ഉപഭോക്താക്കളുടെ അനുഭവങ്ങള്‍.
ഉപഭോക്താക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും അവരില്‍ നിന്ന് കേട്ടറിഞ്ഞവരുമെല്ലാം പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന്റെ പുതിയ ഉപഭോക്താക്കളായി മാറുന്നു എന്നതാണ് വലിയ സവിശേഷത. ഇത് സ്ഥിരതയോടെ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ് കമ്പനിയുടെ വിജയത്തിന്റെ വലുപ്പം.
വീടിനെ കുറിച്ചുള്ള വീട്ടുകാരുടെ സങ്കല്‍പ്പങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, ബജറ്റ്, പ്ലോട്ട് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി രൂപരേഖ തയാറാക്കുക. പ്ലോട്ട് സന്ദര്‍ശനം കഴിഞ്ഞ് ഉപഭോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങളും കണക്കിലെടുത്ത് അവരുടെ ബജറ്റിനുള്ളില്‍ ഒതുങ്ങി വീട് നിര്‍മിക്കാവുന്ന പദ്ധതിയാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് തയാറാക്കുക. പ്രൊജക്റ്റ് വലുതാണെങ്കലും ചെറുതാണെങ്കിലും പണിയുടെ കാര്യത്തിലോ ഗുണനിലവാരത്തിന്റെ കാര്യത്തിലോ യാതൊരുവിധ വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. അത് ഏത് ഗണത്തിലുള്ള ഉപഭോക്താക്കള്‍ക്കും ഒരുപോലെ തന്നെയാണ്.
വളരെ ചിട്ടയോടെയുള്ള തൊഴില്‍ സംസ്‌കാരവും മികച്ച തൊഴില്‍ രീതികളും പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിനെ വേറിട്ട് നിര്‍ത്തുന്നു. പ്രൊജക്റ്റ് നടക്കുന്ന വേളയില്‍ ഒരു തൊഴിലാളിയെയും പുകവലിക്കാന്‍ പോലും സമ്മതിക്കില്ല. അതേസമയം സകല ജീവനക്കാര്‍ക്കും എല്ലാ മാസവും ഒന്നാം തിയതി കൃത്യമായ ശമ്പളവും നല്‍കുന്നു.
വീടിനോട് ചേര്‍ന്ന് ഒന്നര ഏക്കറില്‍ ചെറിയൊരു ഫാമും നടത്തുന്നുണ്ട് പോള്‍. പച്ചകൃഷിക്ക് പുറമെ വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിനും പദ്ധതിയുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ സംരംഭകന്‍. ഒരു പതിറ്റാണ്ടിലധികമായി വിന്‍സണ്‍ ഡി പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്.
വലിയ സ്വപ്‌നങ്ങള്‍ കണ്ട് കെട്ടിടനിര്‍മാണത്തില്‍ പുതിയ ഇന്നവേഷനുകള്‍ സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.