ഒരു ബിസ്സിനസ്സുകാരനുവേണ്ട ഏറ്റവും വലിയ ഗുണങ്ങള്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ ഉണ്ടായിരിക്കണം, വാഗ്ദാനങ്ങള്‍ പാലിക്കുക, ഉപഭോക്താവിനോട് 100 ശതമാനം നീതി പുലര്‍ത്തുക എന്നതാണെന്ന് തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമ എന്റര്‍പ്രൈസസിന്റെ സാരഥി പി. പവിത്രന്‍ പറയുന്നു.
4 ദശാബ്ദം പിന്നിടുന്ന സംരംഭക പാരമ്പര്യത്തിനുടമയാണ് പ്രിമ എന്റര്‍പ്രൈസസ് സാരഥിയും തൃശൂര്‍ പെരിഞ്ഞനം സ്വദേശിയുമായ പി. പവിത്രന്‍. 1984ല്‍ തന്റെ നാട്ടില്‍ തുടങ്ങിയ പ്രിമ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലൂടെയാണ് ബിസിനസ്സിലേക്ക് കടന്നുവന്നത്. യാതൊരുവിധ സംരംഭക പശ്ചാത്തലവുമില്ലാത്ത വ്യക്തിയായിരുന്നു പവിത്രന്‍. 1980 മുതല്‍ 84 വരെ ഒരു എന്‍ജിനീയറിങ്ങ് ഇന്‍ഡസ്ട്രി നടത്തിയിരുന്ന പവിത്രന്‍ പുതിയ മേഖലകളും അവസരങ്ങളും അന്വേഷിച്ചിരുന്ന വ്യക്തിയായിരുന്നു. അങ്ങനെ 1998ല്‍ ഒരു പാര്‍ട്ണറെയും കൂട്ടുപിടിച്ച് സ്റ്റീല്‍ ഫര്‍ണ്ണിച്ചര്‍ മേഖലയില്‍ കൂടി എളിയ രീതിയില്‍ തുടക്കം കുറിച്ചു. ആ സ്ഥാപനം പതിയെ വളര്‍ച്ചയിലേക്ക് മുന്നേറി.
1998ല്‍ സെലോ എന്ന ഫര്‍ണീച്ചര്‍ ബ്രാന്റിന്റെ ഡിസ്ട്രിബ്യൂഷന്‍ എടുക്കുന്നത്. ആ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള യാത്രകളും രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന എക്സിബിഷനുകളില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് കച്ചവടത്തില്‍ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചതും പലതരം അറിവുകള്‍ നേടാനായതെന്നും പവിത്രന്‍ പറയുന്നു. ഏതൊരു സംരംഭകന്റെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബിസിനസ്് യാത്രകളും പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന അനുബന്ധ എക്സിബിഷനുകളും. ഓരോ സംരംഭകനും പുതിയ അറിവുകള്‍ നേടാനും തങ്ങളുടെ മേഖലയില്‍ നടക്കുന്ന പുതിയ പ്രവണതകള്‍ മനസ്സിലാക്കാനും സാധിക്കുന്നത് ഇത്തരം യാത്രകളിലൂടെയായിരിക്കും. പരമ്പരാഗത രീതിയിലുള്ള കച്ചവട രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ സംരംഭകരെ പ്രചോദിപ്പിക്കുന്നതും ലോകത്തിന്റെ വികസനവും മറ്റും നാം മനസ്സിലാക്കുന്നതും ഇത്തരം യാത്രകളും കൂടിക്കാഴ്ചകളുമായിരിക്കും പവിത്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒരു പറ്റം സംരംഭകരുടെ കൂടെ 2005ല്‍ താന്‍ നടത്തിയ ചൈന യാത്ര തന്റെ സംരംഭക ജീവിതത്തിലെ ഒരു അനുഭവമായിരുന്നെന്ന് പവിത്രന്‍ പറയുന്നു. സമാന മനസ്സൂള്ള സംരംഭകരെ പരിചയപ്പെടാനും പുതിയ ബിസിനസ്സ് ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരം ആ യാത്രയില്‍ ഉരുത്തിരുഞ്ഞുവന്നു. 8 പേര്‍ ചേര്‍ന്ന് കെഫ്കോണ്‍ എന്ന ഓള്‍ കേരള ഹോള്‍സെയില്‍ സപ്ലൈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതും ഇന്നും നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതും ആ യാത്രയിലുണ്ടായ കൂടിക്കാഴ്ചകളിലൂടെയായിരുന്നു.
ഒരു ബിസ്സിനസ്സുകാരനുവേണ്ട ഏറ്റവും വലിയ ഗുണം ഇടപാടുകളില്‍ കൃത്യനിഷ്ഠ ഉണ്ടായിരിക്കണം എന്നതാണ് സമയത്തിന് സംരംഭകരുടെ ഇടയില്‍ വലിയ കൃത്യനിഷ്ഠ ഉണ്ടായിരിക്കണം എന്ന അഭിപ്രായക്കാരനാണ് പവിത്രന്‍, അതോടൊപ്പം തന്നെ സാമ്പത്തിക അച്ചടക്കം ഒഴിച്ചു കൂടാനാകാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബിസിനസ്സ് പരമായി നാം നടത്തുന്ന ഏതൊരു വാഗ്ദാനവും പാലിക്കേണ്ടത് സംരംഭകന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഉപഭോക്താവിനോട് 100 ശതമാനം നീതി പുലര്‍ത്തുക എന്നതും കച്ചവടത്തില്‍ നേരും നെറിയും മുറുകെ പിടിക്കുക എന്നതും ബിസിനസ്സില്‍ നിന്നും താന്‍ പഠിച്ച വലിയ പാഠങ്ങളാണെന്ന് പവിത്രന്‍ പറയുന്നു സംതൃപ്രതരായ കസ്റ്റമേഴ്സായിരിക്കും എന്നും സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ 100 സംതൃപ്തരായ കസ്്റ്റമേഴ്സിനേക്കാള്‍ ഒരു അസംതൃപ്തനായ കസ്റ്റമര്‍ മതി ആ സംരംഭത്തിന്റെ വളര്‍ച്ച ഇല്ലാതാക്കാന്‍.
ഓരോ സംരംഭകനും അനുദിനം തങ്ങളുടെ മേഖലയില്‍ പുതിയ അറിവുകള്‍ നേടാനും പുതിയ പ്രവണതകള്‍ മനസ്സിലാക്കാനും ശ്രമിക്കണം. കൂടാതെ കഠിനാധ്വാനത്തിന്റെ വില മറക്കാതിരിക്കുകയും ചെയ്യണം. വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ല എന്ന ആപ്തവാക്യം നാം ഒരിക്കലും മറക്കരുത്. സംരംഭകന്‍ എപ്പോഴും പ്രൊഡക്ടീവായി വേണം ചിന്തിക്കാന്‍. ബിസിനസ്സിന് ഒന്നാം സ്ഥാനവും അസറ്റ് ബില്‍ഡിങ്ങിന് രണ്ടാം സ്ഥാനവുമേ നല്‍കാവൂ.
പുതിയ സംരംഭകര്‍ തുടങ്ങാന്‍ പോകുന്ന സംരംഭത്തേക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും വരാന്‍ സാധ്യതയുള്ള പ്രതിസന്ധികളേക്കുറിച്ചും നന്നായി പഠിച്ചിട്ടു വേണം രംഗത്തിറങ്ങാന്‍. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ മേഖലകളിലും നല്‍കുന്ന പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളേക്കുറിച്ചും വ്യക്തമായി പഠിക്കുകയാണെങ്കില്‍ തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാതെ മുന്നോട്ടു പോകാന്‍ കഴിയും. ഒരു സംരംഭം എന്നു പറഞ്ഞാല്‍ ഒരു ചെടി നട്ട് വളര്‍ത്തുന്നതുപോലെയായിരിക്കണം. ഓരോ ദിവസവും വ്യക്തമായ പ്ലാനിങ്ങോടുകൂടി വേണം പ്രവര്‍ത്തിക്കാന്‍.
2004ല്‍ തുടങ്ങിയ പ്രൈം ഡെക്കര്‍ എന്ന ഫര്‍ണീച്ചര്‍ ബ്രാന്റാണ് ഗ്രൂപ്പിന്റെ മുഖമുദ്ര. എറണാകുളം, ചൊവ്വര, മൂന്നുപീടിക, വാടാനപ്പിള്ളി എന്നിവടങ്ങളില്‍ പ്രൈം ഡെക്കറിന്റെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു.