കേരളത്തിലെ മുതിര്‍ന്ന സഹകാരികളിലൊരാളായ മനയത്ത് ചന്ദ്രന്‍ സഹകരണ രംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സാരഥിയായി ഗ്രാമീണ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം തന്റെ വിജയയാത്രയെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുന്നു.
1980 ല്‍ തുടങ്ങിയ സഹകാരി ജീവിതമാണ് മനയത്ത് ചന്ദ്രന്റേത്. ഏറാമല ബാങ്കിന്റെ ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളെല്ലാം 41 വര്‍ഷത്തിനിടെ അദ്ദേഹം വഹിച്ചു. ഒരു വര്‍ഷം കേരഫെഡിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1990 മുതല്‍ രൂപീകൃതമായ എല്ലാ സഹകരണ പരിഷ്‌കരണ സമിതികളിലും അംഗമായിരുന്ന അദ്ദേഹം കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറാമല സര്‍വീസ് സഹകരണ ബാങ്കിലൂടെ ഏറാമല പഞ്ചായത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട പരിവര്‍ത്തനം സ്വയംപര്യാപ്ത ഗ്രാമമെന്ന ആശയത്തിന് മാതൃകയാണ്. അദ്ദേഹത്തിന്റെ സംരംഭക ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഈ അഭിമുഖം..
- താങ്കളുടെ നേതൃത്വത്തില്‍ ഏറാമല സര്‍വീസ് സഹകരണ ബാങ്ക് കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതുമാണ്. അവ ഒന്ന് വിവരിക്കാമോ?
പഞ്ചായത്തിലെ മൂന്നില്‍ രണ്ട് ഭാഗം പ്രദേശത്ത് സാന്നിധ്യമുള്ള ബാങ്കാണ് ഏറാമല ബാങ്ക്. ഞാന്‍ പ്രസിഡന്റായ ശേഷം അവിടെ 11 ബ്രാഞ്ചുകള്‍ കൊണ്ടുവരാനായി. ഒരു സര്‍വീസ് സഹകരണ ബാങ്ക് കൊണ്ടുവന്ന ആദ്യ ലേഡീസ് ബ്രാഞ്ച്, സര്‍വീസ് ബ്രാഞ്ച് എന്നിവ ചരിത്രമാണ്. അക്ഷയ സെന്റര്‍ പോലെ റെയ്ല്‍വേ, വിമാന ടിക്കറ്റ് ബുക്കിംഗ്, നികുതി അടയ്ക്കല്‍, അപേക്ഷകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സര്‍വീസ് ബ്രാഞ്ചില്‍ ലഭ്യമാണ്.
നാളികേര കര്‍ഷകരുടെ പ്രയാസങ്ങള്‍ മനസിലാക്കി പൊതു വിപണിയിലേക്കാള്‍ ഒന്നോ രണ്ടോ രൂപ കൂടുതല്‍ നല്‍കി ബാങ്ക് പച്ചത്തേങ്ങ സംഭരിക്കുന്നു. വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഭക്ഷ്യയോഗ്യമല്ലാത്ത കൊപ്രയില്‍ നിന്ന് നിലവിളക്കെണ്ണ, ഹെയര്‍ ഓയില്‍ എന്നിവയെല്ലാം നല്ല ഗുണനിലവാരത്തില്‍ വിപണിയിലെത്തിച്ചു. വെന്റിലേറ്റഡ് പോളി ഹൗസ്, അഗ്രികള്‍ച്ചര്‍ നഴ്‌സറി എന്നിവയും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി ആരംഭിച്ചു.
- ഏറാമല സഹകരണ ബാങ്ക് സാരഥിയെന്ന നിലയില്‍ കൊറോണ പ്രതിസന്ധിയെ നേരിടാന്‍ എടുത്ത നടപടികള്‍ കേരളത്തിനാകെ മാതൃകയായല്ലോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പത് ലക്ഷം രൂപ കൊടുത്ത ആദ്യ സ്ഥാപനം ഞങ്ങളുടേതാണ്. ബാങ്കിന് സ്വന്തമായി വെല്‍ഫെയര്‍ ഫണ്ടുണ്ട്. അത് പ്രയോജനപ്പെടുത്തി കൊറോണക്കെതിരെ ബ്രേക്ക് ദ ചെയ്ന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. സൗജന്യമായി മാസ്‌കുകളും സാനിറ്റൈസറും വിതരണം ചെയ്തു. പഞ്ചായത്തിന് ആവശ്യമായ മുഴുവന്‍ ഓക്‌സി മീറ്ററുകളും ഞങ്ങള്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സൗജന്യമായി നല്‍കി. കോവിഡ് വന്നപ്പോള്‍ ഞങ്ങള്‍ ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു. ഞങ്ങളുടെ ഓഹരിയുടമകള്‍, ഇടപാടുകാര്‍ എന്നിവരെ അതാത് ബ്രാഞ്ചിലെ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ഫോണ്‍ ചെയ്ത് അവര്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും അവശ്യ സാധനങ്ങള്‍, മരുന്നുകള്‍, യാത്ര തുടങ്ങി എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്നും അന്വേിച്ചുകൊണ്ടിരുന്നു. അവര്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി തന്നെ നല്‍കി. ഇത് വലിയ മാറ്റമുണ്ടാക്കി. മുന്‍പത്തേതിനേക്കാള്‍ ജന പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചു. രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്കിനുണ്ട്. വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ മരുന്ന് വീട്ടിലെത്തിക്കുന്ന സംവിധാനം ഇവിടെ നടപ്പാക്കി. ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഓഹരി ഉടമകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും ഒരുക്കി.
രണ്ടാം ഘട്ടത്തില്‍ ബാങ്ക് പരിധിയിലുള്ള 2,000 വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിക്കുന്നതിന് വേണ്ടി വിത്ത്, വളം, കീടനാശിനികള്‍ എന്നിവ വിതരണം ചെയ്തു. പത്ത് ലക്ഷം രൂപയാണ് ഇതിന് ചെലവാക്കിയത്. പ്രധാനമായും ആറ് വിളകള്‍ അടുക്കളത്തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പരിപാടിയാണിത്. ബാങ്ക് ജീവനക്കാരും പഞ്ചായത്ത് മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന സമിതിയാണ് ഇതിന് മേല്‍നോട്ടം നല്‍കിയത്. പച്ചക്കറിയില്‍ സ്വാശ്രയത്വമുണ്ടാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
സംരംഭക നേതൃ ഗുണങ്ങള്‍
ദീര്‍ഘ വീക്ഷണം, സമര്‍പ്പണ മനോഭാവം, കഠിനാധ്വാനം, സംരംഭം വിജയിപ്പിക്കാനാവശ്യമായ ടീമിനെ നയിക്കാനുള്ള കഴിവ്
പഠനം ഓണ്‍ലൈനായപ്പോള്‍ ടിവിയും മൊബൈല്‍ ഫോണുമില്ലാത്ത ഏറാമല പഞ്ചായത്തിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അവ ഏര്‍പ്പാടാക്കി. നല്ല മാര്‍ക്കോടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ പാസായ 200 വിദ്യാര്‍ത്ഥികള്‍ക്ക് തുടര് വിദ്യാഭ്യാസ സഹായമായി 2,000 രൂപയുടെ കാഷ് അവാര്‍ഡും മൊമന്റോയും നല്‍കി. ഇപ്രകാരം ഞങ്ങളുടെ പരിധിയില്‍ വരുന്ന ആളുകളുടെയെല്ലാം ക്ഷേമാന്വേഷണം നടത്താനും പ്രതിസന്ധികള്‍ പരിഹരിക്കാനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് സമഗ്രമായി നടത്തുകയുണ്ടായി. ആകെ, ഏകദേശം ഒരു കോടിയോളം രൂപയുടെ സഹായമാണ് ബാങ്ക് ഇക്കാലത്ത് ചെയ്തത്.
- ബാങ്കിന്റെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?
ബേങ്കിന്റെ ആധുനിക രീതിയിലുള്ള ഓഫീസ്, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന തൊഴില്‍ വകുപ്പിന്റെയും കീഴിലുള്ള തൊഴില്‍ പരിശീലനം നേടുന്നതിനുള്ള സ്‌കില്‍ ഡവലപ്മെന്റ്/ ട്രെയിനിംഗ് സെന്റര്‍, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്‍ കീഴിലുള്ള മോഡേണ്‍ മെഡിസിന്‍ ഒഴികെയുള്ള വൈദ്യശാഖകളും, യോഗ കിഴി, തടവല്‍ എന്നീ ചികിത്സകളും ആയതിന്റെ പരിശീലന കേന്ദ്രങ്ങളും, സൂപ്പര്‍ മാര്‍ക്കറ്റ്, സെമിനാര്‍ റൂം, മീറ്റിംഗ് ഹാള്‍, ജ്വല്ലറി, സ്പോര്‍ട്സ് എക്യുപ്മെന്റ്, ഡാറ്റാ സെന്റര്‍, റന്റല്‍ ഗോഡൗണ്‍സ്, കോള്‍ഡ് സ്റ്റോറേജ് ഫോര്‍ വെജിറ്റബ്ള്‍ ആര്‍ട്ടിക്കിള്‍സ് ആന്റ് അദേര്‍സ്, കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ, വിതരണ വില്പന കേന്ദ്രം, റസ്റ്റ് റൂംസ്, മെഡിക്കല്‍ ലാബ് ക്ലിനിക്, സ്‌കാനിംഗ് സെന്റര്‍, എക്സ് റേ, ബുക്ക് ഷോപ്പ്, ട്രാവല്‍ ഏജന്‍സി, കോഫീ ഷോപ്പ്, സിറ്റിംഗ് ഏരിയ തുടങ്ങിയ മുഴുവനും ഒരു കുടക്കീഴില്‍ ഒരുക്കുന്ന 60 കോടി രൂപ ചെലവ് വരുന്ന ബൃഹദ് പദ്ധതിക്കാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു ഏക്കര്‍ സ്ഥലത്താണ് ഇതെല്ലാം വരിക.
- കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാനായി?
ഞാന്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ 13ാം സ്ഥാനമാണ് കോഴിക്കോട് ജില്ലാ ബാങ്കിനുണ്ടായിരുന്നത്. ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള ജില്ലാ ബാങ്കായി ബാങ്കിനെ മാറ്റാന്‍ സാധിച്ചു. ആധുനിക കാലഘട്ടത്തില്‍ എല്ലാവരും എടിഎമ്മിലേക്ക് മാറുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ സ്റ്റുഡന്റ്‌സ് എടിഎം എന്നൊരു സ്‌കീം കൊണ്ടുവന്നു. ഇന്ത്യയില്‍ ആദ്യമായായിരുന്നു ഇത്തരമൊരു പരിപാടി. രണ്ട് ലക്ഷം യുവാക്കളെയാണ് കോഴിക്കോട് ജില്ലയില്‍ എക്കൗണ്ട് ഉടമകളാക്കി മാറ്റി, എടിഎം കാര്‍ഡുകള്‍ നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ചെറുപ്പക്കാരെയും ബാങ്കുമായി ബന്ധപ്പെടുത്താന്‍ ഇത് അവസരമൊരുക്കി. നബാര്‍ഡിന്റെ പ്രത്യേക പുരസ്‌കാരം അതിന് ഞങ്ങള്‍ക്ക് ലഭിച്ചു.
- ഒരു സംരംഭകനെന്ന നിലയ്ക്ക് വളരെയധികം യാത്രകള്‍ ചെയ്തയാളാണ് താങ്കള്‍. യാത്രകള്‍ താങ്കളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
അനുഭവങ്ങള്‍ എപ്പോഴും നമുക്ക് പ്രചോദനമാണ്. യാത്രകളിലൂടെ ലഭിച്ച അനുഭവത്തിന്റെ പിന്തുണ കൊണ്ടാണ് പല കാര്യങ്ങളും എനിക്ക് ചെയ്യാനായത്. നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമെല്ലാം പ്രേരണ ചെലുത്തുന്ന വലിയ ഘടകമാണ് യാത്രകള്‍. സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വൈവിധ്യവല്‍ക്കരണത്തിന് സാഹചര്യമൊരുക്കുന്ന പ്രധാന ഘടകമാണ് ഇത്തരം യാത്രകള്‍. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ജില്ലാ ബാങ്കിന്റെ അധ്യക്ഷനായിരിക്കെ യുകെ സന്ദര്‍ശിക്കുകയുണ്ടായി. ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും, ജനിച്ചു വീഴുമ്പോഴത്തെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മുതല്‍ മരിച്ചു കഴിഞ്ഞുള്ള ഡെത്ത് സര്‍ട്ടിഫിക്കറ്റ് വരെ ലഭ്യമാക്കുന്ന സൊസൈറ്റികള്‍ അവിടെ കാണാനായി. യാത്രകള്‍ എപ്പോഴും അനുഭവങ്ങള്‍ നല്‍കും. അതിലൂടെ നാം പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ വൈവിധ്യം കൊണ്ടുവരാനും അതിനെ ഏറ്റവും നൂതനമായ സങ്കേതത്തിലൂടെ നടത്തിക്കൊണ്ടു പോകാനും സാധിക്കും.
ഗ്രന്ഥശാലാ സംഘത്തിന്റെ പൂര്‍ണ സമയ അംഗമായിരുന്നപ്പോഴാണ് കേരളത്തില്‍ ലൈബ്രറി നിയമം കൊണ്ടുവരുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് അവിടത്തെ ലൈബ്രറികളെ കുറിച്ച് പഠിക്കുകയും ലോകത്തിന് തന്നെ മാതൃകയായ ഒരു ജനകീയ ലൈബ്രറി നിയമം കേരളത്തില്‍ കൊണ്ടുവരാനും സാധിച്ചത് ഈ യാത്രയുടെ ഫലമായാണ്. കേരഫെഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഏറാമല ബാങ്കില്‍ ഒരു കോക്കനട്ട് കോംപ്ലക്‌സ് വിജയകരമായ രീതിയില്‍ നടപ്പാക്കാനുമായി.
- പുതിയ കാലത്ത് വ്യത്യസ്ത സംരംഭങ്ങള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത എത്രമാത്രമുണ്ട്?
ഇപ്പോഴത്തെ കാലഘട്ടത്തില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നോ, അവര്‍ക്കെന്താണോ ആവശ്യം, അത് വളരെ എളുപ്പത്തിലും ലളിതമായും ഏറ്റവും വേഗത്തിലും ലഭ്യമാക്കാനാവശ്യമായ സംരംഭങ്ങളാണ് വേണ്ടത്. അനുകരണങ്ങളല്ല വേറിട്ട കാഴ്ചപ്പാടോടു കൂടി ജനങ്ങളുടെ താല്‍പ്പര്യം കൂടി ഉള്‍ക്കൊണ്ടുള്ള സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.
- കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനതയ്ക്ക് നല്‍കാനുള്ള സന്ദേശം?
ഏതൊരു സംരംഭം വിജയിപ്പിക്കുന്നതിനും സംരംഭത്തിന്റെ മുഖ്യ നായകന് കൃത്യമായ വീക്ഷണമുണ്ടാവണം. ചിലപ്പോള്‍ ആദ്യ ഘട്ടത്തില്‍ പരാജയങ്ങള്‍ സംഭവിക്കാം, തിരിച്ചടികളുണ്ടാവാം. അപ്പോള്‍ ഒരു ചുവട് പിന്നോട്ടുവെച്ച് രണ്ടുചുവട് മുന്നോട്ട് പോകാനുള്ള ശ്രമമുണ്ടാവണം. പരാജയങ്ങളും പ്രതിസന്ധികളുമെല്ലാം മുന്നോട്ടു പോകാനുള്ള പ്രചോദനമായിത്തീരണം. ഒരിക്കലും നിരാശപ്പെട്ടു പോകരുത്. പ്രതീക്ഷകളോടും ആഗ്രഹത്തോടും കൂടിത്തന്നെ സംരംഭം വിജയിപ്പിക്കാനാവശ്യമായ കഠിനാധ്വാനവും ഒപ്പം അര്‍പ്പണ മനോഭാവവും പുലര്‍ത്തുക. തിരിച്ചടികള്‍ കണ്ട് പിന്‍മാറാതെ അവയെയും അനുഭവമാക്കി മാറ്റി നാം രൂപകല്‍പ്പന ചെയ്ത പദ്ധതികള്‍ വിജയിപ്പിക്കാനാവശ്യമായ ആത്മധൈര്യവും ആത്മവിശ്വാസവും നാം കാണിക്കണം.
- സഹകരണ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഇപ്പോള്‍ സഹകരണ മേഖല ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ബാങ്കിംഗ് റെഗുലോഷന്‍ ആക്റ്റില്‍ വന്നിരിക്കുന്ന ഭേദഗതികളുടെ ഭാഗമായി ആധുനിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താന്‍ തടസമായി നില്‍ക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അതിനെ മറികടക്കാന്‍ കേരള ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്കെന്ന നിലയില്‍ കേരളത്തിലെ 1,625 സഹകരണ ബാങ്കുകളെയും ബന്ധപ്പെടുത്തി ഒരു പ്രാഥമിക ബാങ്കുകളുടെ കണ്‍സോര്‍ഷ്യമോ മറ്റോ നടപ്പാക്കി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന് (എന്‍പിസിഐ) പകരമായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ ആധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ക്ക് ലഭ്യമാക്കണം. കേരള ബാങ്കുമായി ബന്ധപ്പെട്ട് ഒരു പൊതു സോഫ്റ്റ് വെയറിന്റെ ചര്‍ച്ച വന്നപ്പോള്‍ അതിനാവശ്യമായ ശുപാര്‍ശകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.