ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വായ്പകളുടെ കുടിശിക നിരക്ക് വന്‍കിട കോര്‍പറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിലയില്‍ തുടരുന്നു. 2020 ജനുവരി മാസത്തില്‍ വന്‍കിട കോര്‍പറേറ്റുകളുടെ നിഷ്‌ക്രിയ ആസ്തി നിരക്ക് 19.7 ശതമാനമായിരുന്നു. അതേ സമയം ചെറുകിട മേഖലയില്‍ ഇത് 12.5 ശതമാനമായിരുന്നു.
രാജ്യത്തെ വാണിജ്യ വായ്പകള്‍ 64.45 ലക്ഷം കോടി രൂപയായിരുന്ന ജനുവരിയില്‍ ചെറുകിട മേഖലയുടെ വായ്പാ വിഹിതം 17.75 ലക്ഷം കോടി രൂപയായിരുന്നു. ചെറുകിട മേഖലയിലെ വായ്പകള്‍ സംബന്ധിച്ച ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം മേഖലയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മ മേഖലയില്‍ 92,262 കോടി രൂപയുടെ വായ്പകളാണുള്ളത്. ഒരു കോടി രൂപയ്ക്കു താഴെയുള്ളവയാണ് ഇത്.
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ ഘടനാപരമായ ശക്തിയാണ് പഠനംചൂണ്ടിക്കാട്ടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കാനും സ്ഥിരമായി തുടരാനും അവയ്ക്കു കഴിയും. വായ്പാ സ്ഥാപനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളതും അവയ്ക്കാണ്. ഇതു കണ്ടെത്തി വായ്പ നല്‍കുകയും ആരോഗ്യകരമായ നിക്ഷേപം വളര്‍ത്തിയെടുക്കുകയും ചെയ്യാനുള്ള ഒരു അവസരമാണിതിലൂടെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.