പുട്ട് ഇഷ്ടപ്പെടുന്ന മലയാളികളുടെ ഇഷ്ട ബ്രാന്റാണ് അജ്മി. ലോകത്തില്‍ മലയാളി എവിടെയെല്ലാം എത്തിയോ, അവിടെയെല്ലാം അജ്മിയും എത്തി. മലയാളിയുടെ പ്രാതല്‍ മേശയില്‍ ഇത്രയധികം സ്വാധീനം മറ്റൊരു ബ്രാന്റിനും കാണില്ല. അജ്മിയുടെ മാനേജിങ്ങ് ഡയറക്ടറായ റാഷിദ് കെ.എ. കച്ചവടത്തില്‍ നിന്നും പഠിച്ച കൃത്യനിഷ്ടയേക്കുറിച്ചും നിലവാരത്തേക്കുറിച്ചും വിജയഗാഥയോട് വിശദീകരിക്കുന്നു.
ഏതൊരു സംരംഭകനും ആദ്യം സ്വയം സ്വയം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എന്തിന് ഒരു കസ്റ്റമര്‍ നമ്മുടെ പ്രൊഡക്ട് വാങ്ങണം എന്ന്. അതായത് നമ്മുടെ പ്രൊഡക്ടിന്റെ USP എന്താണെന്ന്? പ്രൊഡക്ടിന്റെ നിലവാരം, യൂസര്‍ ഫ്രന്റ്‌ലി ആവുക, താങ്ങാവുന്നവില തുടങ്ങി അനേകം കാര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ഒന്നാണ് USP. ഇതാണ് പ്രോഡക്ടിന്റെ ഭാവി നിശ്ചയിക്കുത്.
സംരഭകര്‍ മറക്കാന്‍ പാടില്ലാത്ത വാക്കാണ് മാര്‍ക്കറ്റിങ്ങ്. എത്ര ഗുണനിലവാരമുള്ള പ്രൊഡക്ട് നിര്‍മ്മിച്ചാലും അതിനെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. അതിനാല്‍ മാര്‍ക്കറ്റിങ്ങിന് ശക്തമായ ടീമും വ്യക്തമായ പദ്ധതികളും ആദ്യമേതന്നെ തയ്യാറാക്കിയിരിക്കണം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായ പാതയില്‍ സഞ്ചരിക്കുകയും ധാരാളം നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ മുമ്പില്‍ വഴികള്‍ തുറന്നുവരും. അതിനെ കൃത്യമായി ഉപയോഗിക്കുകമാത്രം ചെയ്താല്‍മതി വിജയം സുനിശ്ചിതം.
സംരംഭകന്‍ തന്റെ തൊഴിലാളികളെ എന്നും കൂടെ ചേര്‍ത്തു നിര്‍ത്തണം. അവരുടെ പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ പരിഹാരം നല്‍കിയാല്‍ നമുക്ക് പ്രശ്‌നങ്ങള്‍ വരാതെ തൊഴിലാളികള്‍ നോക്കിക്കൊള്ളും. പല സ്ഥാപനങ്ങളില്‍ നിന്നും ഒറ്റദിവസം പത്തും ഇരുപതും തൊഴിലാളികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിച്ചതാണ്. ഇത് നമ്മെ പഠിപ്പിക്കുന്നത് ഒറ്റക്കാര്യമാണ്. തൊഴിലാളികളും സംരംഭകനും തമ്മിലുള്ള അകല്‍ച്ച. പല സംരംഭകരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. റാഷിദ് പറയുന്നു.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ സ്ഥിരത നിലനിര്‍ത്തിയാല്‍പോലും ക്ഷമയോടെ കാത്തിരുന്നാലേ മാര്‍ക്കറ്റില്‍നിന്ന് നല്ല റിസല്‍ട്ട്് കിട്ടുകയുള്ളൂ. പ്രാതല്‍ വിഭവങ്ങളില്‍നിന്നും കറിമസാലപ്പൊടികളുടെ മേഖലയിലേക്ക് കടന്നപ്പോഴും അജ്മി ചെയ്തത് ഇങ്ങനെയാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയാല്‍ മതി വിജയം നിങ്ങളെത്തേടിയെത്തും. അതിലൂടെ മാര്‍ക്കറ്റില്‍ നമ്മുടേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ നമുക്ക് സാധിക്കും. കൃത്യമായി ഉപഭോക്താവിന്റെ ”ഫീഡ് ബാക്ക്” എടുക്കുക എതും വളരെ പ്രധാനമാണ്.
27 വര്‍ഷങ്ങള്‍ക്കുമുമ്പ് റാഷിദിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ ഈരാറ്റുപേട്ടയില്‍ തുടങ്ങിയ സംരംഭമാണ് അജ്മി ഫ്‌ളോര്‍മില്‍സ്. തന്റെ പലചരക്ക് കടയില്‍ നിന്നും അബ്ദുള്‍ ഖാദര്‍ 10 കിലോ പച്ചരി പൊടിച്ച് പായ്ക്കറ്റിലാക്കി വിപണിയിലെത്തിച്ച് തുടങ്ങിയ യാത്ര, ലോകത്തിലെ ഏറ്റവും വലിയ പുട്ട’്‌പൊടി ഫാക്ടറിയില്‍ എത്തി നില്‍ക്കുന്നു. ജനപ്രിയ ബ്രാന്റായി മാറിയ അജ്മി ഇപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് ഉല്‍പ്പങ്ങളും, കറിമസാലപ്പൊടികളുമാണ് വിപണിയില്‍ എത്തിക്കുന്നത്.