തൃശൂര്‍ സ്വദേശിയായ പി.എസ്. മേനോന്‍ 1970ല്‍ തന്റെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്ത് മികച്ച ജീവിത സാഹചര്യം ലക്ഷ്യമാക്കി അഹമ്മദാബാദിലേക്ക് വണ്ടി കയറി. ആ യാത്ര ചെന്നവസാനിച്ചത് വിശ്വ വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ ഭാര്യയും ലോകപ്രശസ്ത നര്‍ത്തകിയുമായിരുന്ന മൃണാളിനി സാരാഭായിയുടെ ‘ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്’ എന്ന സ്ഥാപനത്തിലായിരുന്നു. അവരുടെ സെക്രട്ടറിയായി ജോലിയില്‍പ്രവേശിച്ച അദ്ദേഹത്തോട് മൃണാളിനിക്ക് ഒരു പുത്രസമാനമായ വാത്സല്യമാണുണ്ടായിരുന്നത്. അതിനാല്‍ തുടര്‍ന്ന് പഠിക്കാനും മറ്റുമുള്ള സൗകര്യം മൃണാളിനി സാരാഭായി പി.എസ്. മേനോന് തരപ്പെടുത്തിക്കൊടുത്തു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ പി.എസ്. മേനോന്‍ എന്ന പ്രതിഭ പിന്നീട് കൂടുതല്‍ വലിയ അവസരങ്ങള്‍ തേടി പുറപ്പെടുകയായിരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ കൃഷി, മൃഗസംരക്ഷണം, വനം, റവന്യൂ എന്നീ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം, 1980ല്‍ ആ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് ചേക്കേറി. അവിടെ ചിക്കാഗോ ബ്രിഡ്ജ് ആന്റ് അയേണ്‍ എന്ന കമ്പനിയില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. ആ സ്ഥാപനത്തിലെ 7 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം സ്റ്റാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പെട്രോളിയം സ്‌റ്റോറേജ് ടെര്‍മിനല്‍ ഡിവിഷന്റെ ചുമതലയേറ്റെടുത്തു. പെട്രോളിയം, കണ്‍സ്ട്രക്ഷന്‍, ജനറല്‍ ട്രേഡിങ്ങ് എന്നീ മേഖലകളില്‍ തന്റെ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ കഴിവില്‍ ആകൃഷ്ടരായ സ്ഥാപനം 1990ല്‍ അദ്ദേഹത്തെ സിങ്കപ്പൂരില്‍ പുതുതായി ഒരു ഓയില്‍ ട്രേഡിങ്ങ് സ്ഥാപനം തുടങ്ങുക എന്ന ശ്രമകരമായ ദൗത്യം ഏല്‍പ്പിച്ചു. ഇതിനിടയില്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോഡ് എന്നീ വിശ്വപ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പെട്രോളിയം ബ്ലെന്റിങ്ങ്, ഡെറിവേറ്റീവ്‌സ് ട്രെയ്‌നിങ്ങ് എന്നീ മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളിലും പങ്കെടുത്തിരുന്നതിനാല്‍ മേനോന് സിങ്കപ്പൂരില്‍ തന്റെ കര്‍ത്തവ്യം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അവിടെ കാള്‍ട്ടക്‌സ്, മൊബീല്‍, മിറ്റ്‌സുബിഷി തുടങ്ങി പല ഉന്നത കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായും മേനോന്‍ അടുത്ത ബന്ധം നേടിയെടുത്തു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ആ സ്ഥാപനം മികച്ച നിലയിലക്ക് ഉയര്‍ന്നു. ആ സ്ഥാപനത്തിന്റെ വളര്‍ച്ച ദുബായിലെ മാതൃസ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായി മാറുകയും ചെയ്തു. 9 വര്‍ഷത്തെ സിങ്കപ്പൂരിലെ പ്രവര്‍ത്തനത്തിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ മേനോന്‍ കേരളത്തില്‍ എത്തിയെങ്കിലും സ്റ്റാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ‘വൈസ് പ്രസിഡന്റ് ട്രേഡിങ്ങ്.’ എന്ന ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുവാന്‍ മേനോനോട് വീണ്ടും ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം വീണ്ടും 1999ല്‍ ദുബായിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് 2001ല്‍ പെട്രോ പ്ലസ് എന്ന ഡച്ച് ഓയില്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റ് ട്രേഡിങ്ങ് പോസ്റ്റില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം ആ ഡച്ച് കമ്പനിയെ ഒരു അമേരിക്കന്‍ കമ്പനി ഏറ്റെടുത്തതോടെ കമ്പനിയുടെ ബിസിനസ് നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ആ സ്ഥാപനത്തിന്റെ പുതിയ നയങ്ങളോട് പൊരുത്തപ്പെടാനാവാതെ മേനോന്‍ ആ സ്ഥാപനം വിടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2004ല്‍ സ്റ്റാര്‍ എനര്‍ജി കോര്‍പ്പറേഷനില്‍ മേനോന്റെ കസ്റ്റമറും, പെട്രോ പ്ലസില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ജഗ്ദീപ് സിങ്ങ് ധനോവയുമായി ചേര്‍ന്ന് ദുബായില്‍ ”ട്രോപിക്കാന ട്രേഡിങ്ങ് ഡി.എം.സി.സി”. എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. 2007 ആയപ്പോഴേക്കും ഒന്നുമില്ലായ്മയില്‍ നിന്നും ആ സ്ഥാപനത്തെ 650 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ടേണോവറുള്ള സ്ഥാപനമായി അവര്‍ വളര്‍ത്തിയെടുത്തു. ഈ സമയത്ത് മേനോന് ചില വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലേക്ക് തിരിച്ച് വരേണ്ടി വന്നു. അങ്ങനെ 2007ല്‍ ഇവര്‍ ട്രോപ്പിക്കാന ലിക്വിഡ് സ്‌റ്റോറേജ് എന്ന കമ്പനി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്യുകയും, കര്‍ണ്ണാടകയിലെ കാര്‍വാറില്‍ ഒരു പെട്രോളിയം സ്‌റ്റോറേജ് യൂണിറ്റ് ഏറ്റെടുക്കുകയും ചെയ്തു. വെറും 6000 ടണ്‍ മാത്രം കപ്പാസിറ്റിയുണ്ടായിരുന്ന ആ സ്ഥാപനത്തെ മേനോന്റെ നേതൃത്വത്തില്‍ 20,000 ടണ്‍ കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തി. കാര്‍വാറിലെ ട്രോപ്പിക്കാനയുടെ ഈ ടെര്‍മിനല്‍ ഇന്ത്യയിലെ തന്നെ അപൂര്‍വ്വം പ്രൈവറ്റ് ബിറ്റുമിന്‍ ടെര്‍മിനലുകളിലൊന്നാണ്. ക്വാളിറ്റി കണ്‍ട്രോളിനായി അത്യാധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു ലബോറട്ടറിയും സ്ഥാപനത്തിന്റെതായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചിയിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2006ല്‍ കൊച്ചി പോര്‍ട്ടില്‍ ഒരു പെട്രോളിയം സ്‌റ്റോറേജ് യൂണിറ്റ് ആരംഭിക്കുന്നതിനായി, 5 കോടി രൂപ ചെലവില്‍ 1.8 ഹെക്ടര്‍ സ്ഥലം സ്ഥാപനം പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിന് എടുത്തു. എന്നാല്‍ ആ സ്ഥലം കായല്‍ നികത്തി എടുത്തതാകയാല്‍ ഉപയോഗ ശൂന്യമായിരുന്നു. ഈ സ്ഥലം ഉപയോഗപ്രദമാക്കി എടുക്കാന്‍ വലിയ ചെവല് വേണ്ടിവന്നു. ചുവപ്പ് നാട, യൂണിയന്‍ പ്രശ്‌നം തുടങ്ങി അനേകം വലിയ പ്രതിസന്ധികളെയാണ് ഈ സമയത്ത് മേനോന്‍ മറികടന്നത്. ഇതിനിടയില്‍ 2010ല്‍ പെട്രോളിയം മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ പുതിയ നയങ്ങളും, പോര്‍ട്ട് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുള്ള നിയമ തടസ്സങ്ങളുമെല്ലാം കാരണം സ്ഥാപനത്തിന് ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍, പോര്‍ട്ട് ട്രസ്റ്റുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകളുടെ ഫലമായി ആ സ്ഥലത്ത് അന്ന് തികച്ചും അപരിചിതമായിരുന്ന കോള്‍ഡ് സ്‌റ്റോറേജ് മേഖലയില്‍ സംരംഭം ആരംഭിക്കുവാന്‍ മേനോന്‍ പദ്ധതിയിട്ടു. അങ്ങനെ 2014ല്‍ മേനോന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ 3000 പാലറ്റ് കപ്പാസിറ്റിയുള്ള ഒരു കോള്‍ഡ് സ്‌റ്റോറേജ് കോംപ്ലക്‌സ് അതേ സ്ഥലത്ത് ആരംഭിച്ചു. ഡ്രൈ വെയര്‍ഹൗസ്, ചില്‍ഡ് വെയര്‍ഹൗസ്, ഫ്രോസണ്‍ വെയര്‍ഹൗസ്, വെര്‍ച്വല്‍ ഓഫീസ് എന്നിവ ചേര്‍ന്നതായിരുന്നു ഈ കോള്‍ഡ് സ്‌റ്റോറേജ് കോപ്ലക്‌സ്. ഈ പ്രൊജക്ടിന്റെ വിജയത്തിന്റെ ഫലമായി, 2018ല്‍ 2000 പാലറ്റ് കപ്പാസിറ്റിയില്‍, മൈനസ് 20 ഡിഗ്രിയില്‍ താഴെ പ്രവര്‍ത്തിക്കുന്ന മറ്റൊരു കോള്‍ഡ് സ്‌റ്റോറേജ് ടെര്‍മിനല്‍ കൂടി സ്ഥാപനം ഇതിനോട് ചേര്‍ന്ന് ആരംഭിച്ചു. അതോടെ സ്ഥാപനത്തിന്റെ പേര് ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വലിയ കോള്‍ഡ് സ്‌റ്റോറേജുകള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍, ഫുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയെല്ലാമായി അനേകം സംരംഭങ്ങള്‍ ഇന്ന് ട്രോപ്പിക്കാന ലോജിസ്റ്റിക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഗുണമേന്‍മയ്ക്കും സേവന മികവിനും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാണ് ട്രോപ്പിക്കാന ഗ്രൂപ്പ്.
ട്രോപ്പിക്കാന ട്രേഡിങ്ങ് & ഡിസ്ട്രിബ്യൂഷന്‍, ട്രോപ്പിക്കാന കോള്‍ഡ്‌സ്‌റ്റോറേജ്, ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ്, ട്രോപ്പിക്കാന പെട്രോളിയം സ്‌റ്റോറേജ് എന്നിങ്ങനെ അനേകം സംരംഭങ്ങളുടെ സാരഥിയാണ് പി.എസ്. മേനോന്‍. ദുബായ്, കാര്‍വാര്‍, കൊച്ചിയില്‍ വില്ലിംഗ്ടണ്‍ ഐലന്റ്, രവിപുരം എന്നിവടങ്ങളിലും സ്ഥാപനത്തിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രോപ്പിക്കാന റിസോര്‍ട്ട് & സ്പാ എന്ന 4 സ്റ്റാര്‍ റിസോര്‍ട്ടിന്റെ മാനേജിങ്ങ് ഡയറക്ടറുമാണ് പി.എസ്. മേനോന്‍. 300ഓളം ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളുളള ഒരു ടീമിനെ നേടിയെടുക്കാന്‍ സാധിച്ചത് തന്റെ സംരംഭക ജീവിതത്തിലെ വലിയ നാഴികക്കല്ലായാണ് പി.എസ്. മേനോന്‍ കണക്കാക്കുന്നത്. കൊറോണയുടെ പ്രതിസന്ധിയിലും ഒരു ജീവനക്കാരനെ പോലും പിരിച്ച് വിടുകയോ, ശമ്പളം കുറയ്ക്കുകയോ ഉണ്ടായില്ല എന്ന് അദ്ദേഹം ചാരിതാര്‍ത്ഥ്യത്തോടെ പറയുന്നു. 2023 ജനുവരിയില്‍ ”ട്രോപ്പിഖാന” എന്ന ബ്രാന്റ് നെയ്മില്‍ ഫ്രോസണ്‍ വെജിറ്റബിള്‍സ്, ഫ്രൂട്ട് പള്‍പ്പുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്ഥാപനം.
ആത്മാര്‍ത്ഥമായി ബിസിനസ്സ് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയും, മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തുകൊണ്ടാണ് ഇന്ന് തനിക്ക് ഇത്രയും സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ നേടുവാനും സാധിച്ചതെന്ന് പി.എസ്. മേനോന്‍ അഭിമാനത്തോടെ പറയുന്നു. ഭാര്യ രാധാ മേനോന്‍, കാര്‍ഡിയോളജിസ്റ്റായ മകള്‍ ഡോ. ശില്‍പ്പ മേനോന്‍, അവരുടെ ഭര്‍ത്താവ് ഡോ. ഡോ. ജയപ്രകാശ് എന്നിവരടങ്ങുന്നതാണ് പി.എസ്. മേനോന്റെ കുടുംബം. പ്രതിസന്ധികളില്‍ തളരാതെ അവയെ തരണം ചെയ്യാന്‍ കരുത്തും ചങ്കൂറ്റവുമുള്ള പി.എസ്. മേനോനെപ്പോലെയുള്ള ധീക്ഷണ ശാലികളായ സംരംഭകരെയാണ് നമ്മുടെ നാടിന് ആവശ്യം. വിജയ വഴികളില്‍ നമുക്ക് അദ്ദേഹത്തിന് എല്ലാ നന്‍മകളും നേരാം.