Tuesday, May 7Success stories that matter
Shadow

ഡോ. അരുണ്‍ ഉമ്മന്‍- പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്‍ അഥവാ “കാരുണ്യത്തിന്റെ കാവല്‍ മാലാഖ”

5 0

ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ”കാരുണ്യത്തിന്റെ കാവല്‍ മാലാഖ” എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള്‍ മറുവശത്ത് അശരണര്‍ക്കും പാവങ്ങള്‍ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്‍മ്മ നിരതനായ ഭിഷഗ്വരന്‍. ഇത് ഡോ. അരുണ്‍ ഉമ്മന്‍. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍. ഒരു കൈയില്‍ സ്റ്റെതസ്‌കോപ്പും മറുകൈയില്‍ കാരുണ്യത്തിന്റെ അക്ഷയ പാത്രവും പേറുന്ന മഹത് വ്യക്തിത്വം. ആതുര ശുശ്രൂഷയും സാമൂഹ്യ സേവനവും രണ്ടല്ല ഒന്നാണ് എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ആതുര ശുശ്രൂഷ രംഗത്തെ തന്റെ 22 വര്‍ഷത്തെ പ്രവര്‍ത്തനത്തേക്കുറിച്ചും അനേകം നിരാലംബര്‍ക്ക് അത്താണിയാകുവാന്‍ സാധിച്ചതിനേക്കുറിച്ചും വിജയഗാഥയോട് മനസ്സുതുറക്കുന്നു ഡോ. അരുണ്‍ ഉമ്മന്‍.

ആഫ്രിക്കയില്‍ അദ്ധ്യാപകരായിരുന്ന എറണാകുളം സ്വദേശികളായ വി.ജി. ഉമ്മന്റെയും സൂസന്‍ ഉമ്മന്റെയും 2 മക്കളില്‍ മൂത്തവനായി എത്യോപ്യയിലാണ് ഡോ. അരുണ്‍ ഉമ്മന്റെ ജനനം. അദ്ദേഹത്തിന് 3 വയസ്സുളളപ്പോള്‍ കുടുംബം നൈജീരിയയിലേക്ക് ചേക്കേറി. 6ാം ക്ലാസ്സ് വരെ നൈജീരിയയിലെ ഒരു അമേരിക്കന്‍ മിഷനറി സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രൈമറി തലം മുതല്‍ക്കേ പഠനത്തില്‍ അതീവ സമര്‍ത്ഥനായിരുന്നു ഡോ.അരുണ്‍. തുടര്‍ന്ന് കുടുംബം നാട്ടിലേക്ക് തിരികെ വന്നതോടെ തുടര്‍ വിദ്യാഭ്യാസം കേരളത്തിലായി. ഒരു സര്‍ജനാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്., കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടാം റാങ്കോടെ ജനറല്‍ സര്‍ജറിയില്‍ ബിരുദാന്തര ബിരുദം, കേരളത്തില്‍ മൂന്നാം റാങ്കോടെ സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ എം.സി.എച്ചും. കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ എഡിന്‍ബറോ റോയല്‍ കോളേജ് ഓഫ് സര്‍ജറിയില്‍ നിന്നും എം.ആര്‍.സി.എസും കരസ്ഥമാക്കി. കൂടാതെ ന്യൂറോ എന്റോസ്‌കോപ്പിയില്‍ ഫെല്ലോഷിപ്പും നേടി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എംബിഎ നേടിയ ഇന്ത്യയിലെ ചുരുക്കം ചില ന്യൂറോ സര്‍ജന്‍മാരില്‍ ഒരാളാണ് അദ്ദേഹം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ന്യൂറോ ക്രിട്ടിക്കല്‍ കെയറില്‍ ബിരുദവും നേടിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് വി.പി.എസ്. ലേക്ക്ഷോറില്‍ എത്തുന്നത്.

ഇന്ന് ഇന്ത്യയിലെ ന്യൂറോ സര്‍ജന്‍മാരില്‍ പ്രഥമ സ്ഥാനീയരില്‍ ഓരാളാണ് ഡോ. അരുണ്‍ ഉമ്മന്‍. തലച്ചോറിലെ മുഴകള്‍, അപകടങ്ങള്‍ മൂലം തലയിലും നട്ടെല്ലിലും ഉണ്ടാകുന്ന ക്ഷതങ്ങള്‍, ഡിസ്‌ക് സംബന്ധമായ ശസ്ത്രക്രിയകള്‍, രക്തക്കുഴലുകള്‍ പുനരുജ്ജീവിപ്പിക്കല്‍ ഉള്‍പ്പടെ ഈ മേഖലയില്‍ ഇന്ത്യയില്‍ തന്നെ നാഴികക്കല്ലുകളായ അതി സങ്കീര്‍ണ്ണമായ 3600ല്‍ അധികം സര്‍ജറികള്‍ വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ ബ്രെയ്ന്‍ സ്റ്റം, എന്‍ഡോസ്‌കോപ്പിക് സര്‍ജറി, സിന്തറ്റിക് കോഡ്മാന്‍ പീക്ക് 3 ഡി തലയോട്ടി പുനര്‍ നിര്‍മ്മാണം, കൃത്രിമ തലയോട്ടി ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍, അനൂറിസം ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലയില്‍ ലോകത്തെ അറിയപ്പെടുന്ന സര്‍ജനുമാണ്.

സാധുജന സേവനം ജീവിതചര്യയാക്കുന്നു

മാതാപിതാക്കള്‍ നൈജീരിയില്‍ അധ്യാപകരായിരുന്നതിനാല്‍ തന്റെ കുട്ടിക്കാലം ഡോക്ടര്‍ അരുണിന് ജീവിക്കേണ്ടിവന്നത് ആ ദരിദ്ര രാജ്യത്തായിരുന്നു. മനുഷ്യജീവിതം പുഴുവിന് തുല്യമായ ആ അവസ്ഥ എന്താണെന്നും വിശപ്പിന്റെ വില എന്താണെന്നും അവിടെ കണ്ട കരളലിയിക്കുന്ന കാഴ്ചയിലൂടെ അദ്ദേഹം മനസ്സിലാക്കി. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മനുഷ്യന്‍ പാമ്പ്, എലി, പാറ്റ തുടങ്ങിയവയെ ഭക്ഷിക്കുന്നതും, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടിയുള്ള മനുഷ്യന്റെ കാത്തിരിപ്പുമെല്ലാം അവിടെ സ്ഥിരം കാഴ്ചയായിരുന്നു. ആ നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ക്കായി തന്റെ വീട്ടില്‍ നല്‍കിയിരുന്ന അന്നദാനവും അത് വാങ്ങാന്‍ മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങള്‍ ധരിച്ച് കാത്തുനില്‍ക്കുന്ന ആ മനുഷ്യരുടെ ജീവിതം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. കുട്ടിയായ അരുണ്‍ വളര്‍ന്നു ഡോക്ടര്‍ അരുണ്‍ ആയപ്പോഴും പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ സഹാനുഭൂതി വിട്ടു പോയിരുന്നില്ല. അതിനാല്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുന്ന കാലത്ത് തന്നെ അനേകം രോഗികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും തനിക്ക് സാധിക്കുന്നതുപോലെ, സാമ്പത്തിക സഹായവും രക്തദാനം നടത്തുകയും ചെയ്തു പോന്നു അദ്ദേഹം.

ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ തികച്ചും വ്യത്യസ്ഥനായ മനുഷ്യനാണ് ഡോ. അരുണ്‍. ഇന്ന് അനേകം ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസുകള്‍ക്ക് സമയം കണ്ടെത്തുമ്പോള്‍ ഡോ. അരുണ്‍ സമയം കണ്ടെത്തുന്നത് സാമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ്. അതിനാല്‍ നിരാലംബരുടെയും അവശരുടെയും കണ്ണുനീരൊപ്പുന്ന ”കാരുണ്യത്തിന്റെ കാവല്‍ മാലാഖ” എന്ന വിശേഷണത്തിന് അദ്ദേഹം തീര്‍ച്ചയായും അര്‍ഹനാണ്. ഇന്ന് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഉള്ള 1500ഓളം നിരാലംബര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ആഹാരം നല്‍കുന്ന സെഹിയോന്‍ പ്രേക്ഷിത സമൂഹത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണ് അദ്ദേഹം. പ്രതിദിനം ഇത്രയും ആളുകള്‍ക്ക് ഭക്ഷണം നല്‍കുവാനായി വലിയൊരു തുക കണ്ടെത്തുവാനും മറ്റുമായി ഡോ. അരുണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. എം.എസ്. ജൂഡ്സണ്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ 28 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഈപ്രസ്ഥാനത്തിന്റെ പതാക വാഹകനാണ് ഇന്ന് ഡോ. അരുണ്‍ ഉമ്മന്‍. ഇതിന് പുറമെ ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുകയും, തളര്‍വാത രോഗികള്‍, വികലാംഗര്‍ തുടങ്ങിയവരെ സഹായിക്കുന്നതുമായ സംഘടകളുടെയും മുന്‍നിര പ്രവര്‍ത്തകനാണ് ഡോ. അരുണ്‍. മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 80 പേര്‍ക്ക് ഇലക്ട്രിക്ക് വീല്‍ ചെയറുകളും 150ഓളം സാധാരണ വീല്‍ചെയറുകളും, കൃത്രിമ കാലുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരാലംബര്‍ക്കായി ‘സ്നേഹ സംഗമം’ എന്ന പദ്ധതി ഡോ. അരുണിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 1500 ഓളം ആളുകള്‍ക്കാണ് ഈ പിരിപാടിയിലൂടെ ഭക്ഷണവും, ക്രിസ്മസ് കേക്കുകളും, ഭക്ഷ്യധാന്യകിറ്റുകളും നല്‍കുന്നത്.

രക്തദാനത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തില്‍ എടുത്തുപറയത്തക്ക അനേകം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് ഡോ. അരുണ്‍. എം.ബി.ബി.എസ്. പഠന കാലത്ത് തുടങ്ങിയ രക്തദാനം ഇന്നും അദ്ദേഹം തുടരുന്നു. ”മറ്റൊരാള്‍ക്ക് രക്തം ദാനം ചെയ്യാനുതകുന്ന ആരോഗ്യം ദൈവം എനിക്ക് തന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇതിനോടകം 62 തവണ രക്തദാനം നടത്താന്‍ സാധിച്ചതില്‍ ഞാന്‍ അങ്ങേയറ്റം കൃതാര്‍ത്ഥനാണ്” ഡോ അരുണ്‍ പറയുന്നു. കൂടാതെ കേരളത്തിന്റെ വിവധ ഭാഗങ്ങളിലായി 72ഓളം ന്യൂറോ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്യാമ്പുകളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള അനേകം ബോധവല്‍ക്കരണ പരിപാടികള്‍ക്കും ഡോ. അരുണ്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ക്യാന്‍സര്‍ രോഗ പ്രതിരോധത്തിനായി കൊച്ചിയില്‍ 2018ല്‍ സംഘടിപ്പിച്ച വെസ്റ്റ് വിന്‍ഡ് മെഗാ റണ്‍ മാരത്തോണിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

ഇന്ന് വിവിധ തരത്തിലുള്ള അസുഖങ്ങളും അപകടങ്ങളും മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണമടയുന്നവര്‍ ധാരാളമാണ്. അതിനാല്‍ 20 വ്യത്യസ്ഥ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്ന ”സമരിറ്റന്‍” എന്ന പ്രൊജക്ട് തയ്യാറാക്കുകയും സ്‌ക്കൂളുകള്‍, കോളേജുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ 78 പ്രോഗ്രാമുകള്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ സംഘടിപ്പി്കുയുണ്ടായി. കേരളത്തില്‍ അങ്ങോളമിങ്ങോളമായി 11000 കുട്ടികള്‍ക്കാണ് ഇതിനായി പരിശീലനം നല്‍കിയത്. കൂടാതെ സ്ട്രോക്ക് വന്ന വ്യക്തിയെ ഉടനടി മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിക്കണമെന്നും, ഹാര്‍ട്ട്അറ്റാക്ക് പോലെ സ്ട്രോക്കിന് പ്രാഥമിക ചികിത്സ ഒന്നുമില്ലെന്നും ഡോ. അരുണ്‍ പറയുന്നു. എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചാല്‍ രോഗത്തിന്റെ ആഘാതം അത്രയും കുറയ്ക്കാന്‍ സാധിക്കുമെന്നും ഡോ. അരുണ്‍ പറയുന്നു.

സകലകലാ വല്ലഭനായ ഡോക്ടര്‍

ആതുര സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കഴിഞ്ഞാല്‍ ഒരു മികച്ച പ്രാസംഗികനും എഴുത്തുകാരനുമാണ് ഡോ. അരുണ്‍. ന്യൂറോസര്‍ജന്‍ എന്ന നിലയില്‍ തന്റെ ജീവിത അനുഭവങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് ”മസ്തിഷ്‌കം പറയുന്ന ജീവിതം” എന്ന പുസ്തകം അദ്ദേഹം രചിക്കുകയുണ്ടായി. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ന്യൂറോ സര്‍ജ്ജറി മേഖലയുമായി ബന്ധപ്പെട്ട് അനേകം അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന് പുറമെ ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും സ്ട്രോക്ക്, ക്യാന്‍സര്‍, മയക്കുമരുന്നിന്റെ ഉപയോഗം എന്നീ മേഖലകളില്‍ അനേകം ബോധവല്‍ക്കരണ പരിപാടികള്‍ അദ്ദേഹം നടത്തുന്നുണ്ട്. കൂടാതെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരുപിടി ഓണ്‍ലൈന്‍ മെഡിക്കല്‍ ജേര്‍ണ്ണലുകളുടെ എഡിറ്ററും, ഉപദേശകനുമാണ് അദ്ദേഹം. ന്യൂറോ സര്‍ജറിയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ സെമിനാറുകളിലെ സ്ഥിരം പ്രാഭാഷകനുമാണ് ഡോ. അരുണ്‍ ഉമ്മന്‍.

ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഭാര്യ റോജ ജോസഫ്, രാജഗിരി പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ ഏഥന്‍, ഏഡന്‍ എന്നിവരടങ്ങുന്നതാണ് ഡോ. അരുണ്‍ ഉമ്മന്റെ കുടുംബം

ഡോ. അരുണ്‍ ഉമ്മന്റെ നേട്ടങ്ങള്‍

മസ്തിഷ്‌കം-നട്ടെല്ല് സംബന്ധമായ 3600ല്‍ അധികം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി

കേരളത്തിലെ ആദ്യത്തെ സിന്തറ്റിക് കോഡ്മാന്‍പീക്ക് ത്രീഡി തലയോട്ടി പുനര്‍നിര്‍മാണം നടത്തി

ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ തലയോട്ടി ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തി

ലോകത്തില്‍ ഏറ്റവും അധികം പ്രായമുള്ള വ്യക്തിക്ക് അനൂറിസം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ (86 വയസ്സ്)

സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പ്രോജക്ട് കമ്മിറ്റി അംഗം

സെഹിയോന്‍ പ്രേക്ഷിത സമൂഹത്തിന്റെ മാനേജിങ് ട്രസ്റ്റി. 1500 പേര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ പ്രതിദിനം ഭക്ഷണം നല്‍കുന്നു

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ് ക്രേവ് ഓണ്‍ലൈന്‍ ജേര്‍ണല്‍ ഓഫ് ന്യൂറോളജി ആന്‍ഡ് സ്ട്രോക്കിന്റെ ഉപദേശകന്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റില്‍ എം.ബി.എ. കരസ്ഥമാക്കിയ ഇന്ത്യയിലെ അപൂര്‍വ്വം ന്യൂറോസര്‍ജന്മാരില്‍ ഒരാള്‍

നിരവധി ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍

ഇന്നുവരെ 62 തവണ രക്തം ദാനം ചെയ്തു.

ഒരു പുസ്തകം രചിച്ചു- മസ്തിഷ്‌കം പറയുന്ന ജീവിതം

ഇംഗ്ലീഷിലും മലയാളത്തിലുമായി മാധ്യമങ്ങളിലും മാസികകളിലും 200 ഓളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഔട്ട്ലുക്ക് മാഗസിന്‍ 2023ലെ ബെസ്റ്റ് ഡോക്ടര്‍ സൗത്ത് അവാര്‍ഡ് നല്‍കി ആദരിച്ചു

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
65 %
Sad
Sad
0 %
Excited
Excited
26 %
Sleepy
Sleepy
4 %
Angry
Angry
0 %
Surprise
Surprise
4 %