Sunday, May 19Success stories that matter
Shadow

കൈയടിക്കാം; കൊറോണ കാലത്തും അതിഗംഭീര വളര്‍ച്ചകൈവരിച്ച് ‘ഫ്രഷ് ടു ഹോം’

1 0

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും വളര്‍ച്ച കൈവരിക്കുകയാണ് ഫ്രഷ് ടു ഹോം. അതിന്റെ വിഹിതം ജീവനക്കാര്‍ക്കും പങ്കിട്ടു നല്‍കുകയാണെന്ന് ഫ്രഷ് ടു ഹോം സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മാത്യു ജോസഫ് പറയുന്നു
………………………………

ബിസിനസുകള്‍ക്ക് പൊതുവായി കൊറോണ വൈറസ് ആക്രമണം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചതെങ്കിലും വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനരീതികളിലൂടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഫ്രഷ് ടു ഹോം. ഇന്ത്യയിലും ദുബായിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ സംരംഭം ഗംഭീര വളര്‍ച്ചയാണ് ലോക്ക്ഡൗണ്‍ കാലത്തുള്‍പ്പടെ രേഖപ്പെടുത്തിയത്.

മല്‍സ്യം, വിവിധതരം ഇറച്ചികള്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാമാണ് ഇവര്‍ ഓണ്‍ലൈനായി വീട്ടുപടിക്കല്‍ എത്തിക്കുന്നത്.

എന്താണ് ആ വളര്‍ച്ചയുടെ രഹസ്യം?

എല്ലാ സാഹചര്യങ്ങളുടെ ഇടയിലും അവസരം ഒളിച്ചിരിപ്പുണ്ട്. ആ അവസരമെന്താണെന്ന് കണ്ടെത്തണം. എങ്കിലേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ആ സാഹചര്യത്തിനനുസരിച്ച് ബിസിനസില്‍ മാറ്റം കൊണ്ടുവരണം. അങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. അത് തന്നെയാണ് എല്ലാവര്‍ക്ക് മുന്നിലുമുള്ള വഴി-ഫ്രഷ് ടു ഹോം സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ജോസഫ് പറയുന്നു.

അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം നോക്കാം. നോട്ട് അസാധുവാക്കല്‍ കാലത്ത് ഞങ്ങളുടെ ഉപഭോക്താക്കള്‍ വളരെ ബുദ്ധിമുട്ടനുഭവിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് പൈസ തരാനില്ല. അന്ന് 35 ശതമാനം മാത്രമേ ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റുള്ളൂ. ബാക്കി 65 ശതമാനവും ഓഫ്‌ലൈന്‍ പേമെന്റായിരുന്നു. കാഷ് ഓണ്‍ ഡെലിവറിയായിരുന്നു സാധാരണ രീതി. ആ സമയത്ത് അവരോട് ഓണ്‍ലൈന്‍ പേമെന്റ് നടത്തണമെന്ന് പറഞ്ഞിരുന്നെങ്കില്‍ പകുതിയിലധികം ഉപഭോക്താക്കളും വിട്ടുപോകുമായിരുന്നു.

എന്നാല്‍ അന്ന് ഞങ്ങളൊരു റിസ്‌കെടുത്തു. ഇന്ന് രൊക്കം, നാളെ കടം എന്നതിനെ ഇന്ന് കടം, നാളെ രൊക്കം എന്ന് ഞങ്ങള്‍ തിരിച്ചിട്ടു. ഞങ്ങള്‍ ഉപഭോക്താക്കളോട് പറഞ്ഞു. ഇപ്പോ പൈസ വേണ്ട നിങ്ങള്‍ സാധനം ബുക്ക് ചെയ്‌തോളൂവെന്ന്. 50 ശതമാനത്തോളം പേമെന്റും തിരിച്ചുവരില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ മാറ്റം അല്‍ഭുതപ്പെടുത്തി.

ഫാക്റ്ററിക്കുള്ളിലും ഓഫീസനകത്തും ജോലി ചെയ്യുന്നവര്‍ക്ക് 25 ശതമാനവും ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് 50 ശതമാനവും ബോണസ് കൊടുത്തു

രണ്ടും മൂന്നും ഡെലിവറിയുണ്ടായിരുന്ന ഓരോ ഫ്‌ളാറ്റിലും 25ഓളം ഡെലിവറികളായി മാറി. ഞങ്ങളുടെ ഉപഭോക്താക്കള്‍ മറ്റുള്ളവരോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇപ്പോ ഫ്രീയാണ്, നിങ്ങള്‍ക്കും വേണേല്‍ ബുക്ക് ചെയ്ത് തരാമെന്ന്. ഓര്‍ഡര്‍ കൂടിയപ്പോള്‍ ഡെലിവറി ചാര്‍ജും കുറഞ്ഞു. പിന്നീട് 99 ശതമാനം പേമെന്റും തിരിച്ചുകിട്ടി.

അന്ന് ആള്‍ക്കാര്‍ക്ക് വേണ്ടത് വിശ്വാസമായിരുന്നു. ഒരു പരസ്യവും കൊടുക്കാതെ ഉപഭോക്താക്കള്‍ ഇടിച്ചുകയറി-മാത്യു ജോസഫ് പറയുന്നു.

ഇതിന്റെ മറുവശം തന്നെയാണ് കൊറോണ കാലത്തും സംഭവിച്ചതെന്ന് അദ്ദേഹം. എസന്‍ഷ്യല്‍ ഫുഡ് ആയതുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി തന്നു. എന്നാല്‍ കസ്റ്റമേഴ്‌സിനും സ്റ്റോഫിനും ഒരുപോലെ പേടിയായിരുന്നു. ഡെലിവറി സമയത്ത് ടച്ച് ചെയ്യേണ്ടി വരുമോയെന്നതായിരുന്നു ഭയം. അതിനും ഞങ്ങള്‍ പരിഹാരം കൊണ്ടുവന്നു. കോണ്ടാക്റ്റ്‌ലെസ് ഡെലിവറി സംവിധാനമാണ് പ്രാവര്‍ത്തികമാക്കിയത്.

ഡെലിവറി ബോയ് വീടുകളില്‍ ചെല്ലുമ്പോള്‍ കയ്യിന്റെ മുട്ട് വച്ച് ബെല്ലടിക്കും എന്നിട്ട് പാക്കറ്റ് ഫ്രണ്ടില്‍ വച്ച് രണ്ട് മീറ്റര്‍ പുറകോട്ട് മാറി നില്‍ക്കും. അങ്ങനെ കസ്റ്റമര്‍ വന്ന് സാധനമെടുക്കും. മുഴുവനായി ഓണ്‍ലൈന്‍ പേമെന്റിലേക്ക് ഞങ്ങള്‍ മാറുകയും ചെയ്തു. അങ്ങനെയെങ്കിലേ കോണ്ടാക്റ്റ്‌ലെസ് ഡെലിവറി സാധ്യമാക്കാന്‍ സാധിക്കൂ. 100 ശതമാനം ഓണ്‍ലൈന്‍ പേമെന്റായി മാറി. അതോടുകൂടി ഓര്‍ഡറുകള്‍ 30 ശതമാനം കൂടി. ഓരോ സാഹചര്യത്തിന് അനുസരിച്ചും മാറണമെന്നതാണ് നമ്മള്‍ പഠിക്കേണ്ടത്.

വേണം റിസര്‍വ് ഫണ്ട്

റിസര്‍വ് ഫണ്ടിന്റെ ആവശ്യകത മുഴുവന്‍ ബിസിനസുകാരെയും പഠിപ്പിച്ചു കൊറോണ. എത്ര വസ്തു വാങ്ങിക്കൂട്ടിയിട്ടും ഇതുപോലുള്ള സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ബിസിനസുകള്‍ക്ക് ഒരു റിസര്‍വ് ഫണ്ടിന്റെ ആവശ്യം വേണമെന്ന നിര്‍ബന്ധം വയ്‌ക്കേണ്ടതുണ്ടെന്നതിനെ കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ ചിന്തിച്ചേക്കും. അസറ്റ് സൈഡില്‍ ഒരു റിസര്‍വ് ഫണ്ടിന്റെ കോളം കൂടി കൂട്ടിച്ചേര്‍ക്കുന്ന സാഹചര്യം വന്നാല്‍ അല്‍ഭുതപ്പെടേണ്ടതില്ല. ഇതുപോലുള്ള സാഹചര്യങ്ങളില്‍ റിസര്‍വ് ഫണ്ട് അനിവാര്യമാണ്.

അച്ചടക്കമില്ലാത്ത സാമ്പത്തിക ക്രയവിക്രയത്തിന്റെ കുഴപ്പങ്ങള്‍ കൊറോണ ചൂണ്ടിക്കാണിച്ചിരിക്കയാണ്.

ലീഡര്‍ഷിപ്പ് പ്രാവര്‍ത്തികമാക്കണം

ഫ്രഷ് ടു ഹോമിന് ഇന്ത്യയില്‍ 1800 ജോലിക്കാരുണ്ട്. ദുബായില്‍ 300 പേരും. അവരുടെ ജീവിതത്തിന് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. തന്റെ കമ്പനിയുടെ വളര്‍ച്ച തന്റെ പുരോഗതിക്കുകൂടി വേണ്ടിയാണെന്ന് ജീവനക്കാര്‍ക്ക് ഫീല്‍ ചെയ്യണം. അവിടെയാണ് കാര്യം.

ലോക്ക്ഡൗണ്‍ കാലത്ത് കുറേ ജീവനക്കാരെ വീട്ടിലിരുത്തേണ്ടി വന്നു. പക്ഷേ എല്ലാര്‍ക്കും സാലറി കൊടുത്തു. ഫാക്റ്ററിക്കുള്ളിലും ഓഫീസനകത്തും ജോലി ചെയ്യുന്നവര്‍ക്ക് 25 ശതമാനവും ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് 50 ശതമാനവും ബോണസ് കൊടുത്തു. ഹീറോ ബോണസെന്നാണ് അതിന് പേരിട്ടത്. തന്റെ കമ്പനിയില്‍ റിസ്‌ക് കാലത്ത് ജോലി ചെയ്താല്‍ തനിക്ക് ഗുണമുണ്ടാകുമെന്ന തോന്നലാണ് ഇതിലൂടെ ജീവനക്കാര്‍ക്കുണ്ടായത്. എല്ലാ ജീവനക്കാര്‍ക്കും സാലറി ഇന്‍ക്രിമെന്റും നല്‍കി ഈ കാലത്ത്.

മൊറട്ടോറിയം, പലിശ ഈടാക്കരുത്

ബാങ്കുകള്‍ പലിശയോടെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. അത് ശരിയല്ല. പലിശ ഈടാക്കാതെയുള്ള മൊറട്ടോറിയമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഇടപാടുകാരോട് ബാങ്കുകള്‍ ഏതെങ്കിലും തരത്തിലുള്ള നീതി പാലിക്കണം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *